കണ്ണൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി സാമ്പത്തിക തട്ടിപ്പില്‍ നടന്നു കൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഈ കാര്യത്തില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയാറാകണം. കേസിലെ പ്രധാന പ്രതി തൃശ്ശൂര്കാരനായ ആന്റണിക്ക് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകാരായ രണ്ട് സിപിഎം നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട്. വിദേശത്തു നിന്ന് 85 കോടി രൂപയോളം അര്‍ബന്‍ നിധിക്ക് ഡെപ്പോസിറ്റ് ലഭിച്ചിട്ടുണ്ട്. ഇ ഡി ഏറ്റെടുക്കേണ്ട കേസാണിത്. എന്നാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഒളിച്ചു കളിക്കുകയാണ്. പി. ചിദംബരം കുടുങ്ങിയ രാജ്യമാണിത്. ഒരു രൂപ പോലും കളവു നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് ഭാരതം ഭരിക്കുന്നത്. അര്‍ബന്‍ നിധി തട്ടിപ്പിലൂടെയുള്ള പണവും കൂടി മുഖ്യമന്ത്രിയുടെ മടിശീലയിലേക്ക് വന്നിട്ടില്ലെങ്കില്‍ ഇ ഡിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു.
കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിച്ച് നഷ്ടമായ പണം തിരികെ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് പണം നഷ്ടപ്പെട്ട മുന്നൂറോളം പേര് നിവേദനം നല്കി. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസും മറ്റു നേതാക്കളും ഉണ്ടായിരുന്നു.
കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച കണ്ണൂര്‍ അര്‍ബന്‍ നിധി കമ്പനിയുമായി ബന്ധപ്പെട്ട് 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും സ്ഥാപനം പോലീസ് സീല്‍ ചെയ്ത് പൂട്ടുകയും ചെയ്തിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സ്ത്രീ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ സ്വത്ത് കണ്ടുകെട്ടുകയുമുണ്ടായി. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരികെ ലഭ്യമാക്കാനോ മറ്റ് തുടര്‍ നടപടികളോ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: