37-ാമത് ദേശീയ ഗെയിംസ്: ആധിപത്യത്തോടെ ഭവാനി ദേവി, ആതിഥേയര്‍ക്ക് ആദ്യ സ്വര്‍ണം
പനജി: 37-ാമത് ദേശീയ ഗെയിംസ് വേദിയില്‍ ഒളിംപ്യന്‍ സി.എ. ഭവാനി ദേവിയുടെ ആധിപത്യം. തമിഴ്‌നാടിന് വേണ്ടി ഫെന്‍സിങ്ങിനിറങ്ങിയ താരം ആധിപത്യത്തോടെ സ്വര്‍ണനേട്ടം ഉറപ്പിച്ചു. ഫൈനലില്‍ കേരളത്തില്‍ നിന്നുള്ള എസ്. സൗമ്യയെ തോല്‍പ്പിച്ചത് 15-5നാണ്. ഫൈനലില്‍ പരാജയപ്പെട്ട സൗമ്യ വെള്ളിനേട്ടം കൊയ്തു. ഈ ഇനത്തില്‍ ഹിമാചല്‍ താരം ഷിക്ഷ ബല്ലൊരിയയും പഞ്ചാബില്‍ നിന്നുള്ള ജഗ്നീത് കൗറും വെങ്കലം നേടി.
ആതിഥേയരായ ഗോവയ്‌ക്ക് ആദ്യ സ്വര്‍ണം നേടിക്കൊടുത്തത് ബാബു ഗോയങ്കാര്‍ ആണ്. പുരുഷ ലേസര്‍ റണ്ണിലാണ് താരത്തിന്റെ നേട്ടം. ഹര്യാനക്കാരായ അജയും രവിയും ഇതില്‍ വെള്ളിയും വെങ്കലവും നേടി പൂര്‍ത്തിയാക്കി. രാവിലെ നടന്ന ലേസര്‍ റണ്‍ മിക്‌സഡ് റിലേയില്‍ ബാബു ഗോയങ്കാറും സീത ഗോസാവിയും ചേര്‍ന്ന സഖ്യം വെള്ളി നേട്ടം സ്വന്തമാക്കി. ഫൈനലില്‍ ഹര്യാനയുടെ അഞ്ജു-രവി സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. മഹാരാഷ്‌ട്രയുടെ യോഗിനി സലൂങ്കെ-ഷഹാജി സര്‍ഗാര്‍ ആണ് വെങ്കലം നേടിയത്. വനിതാ ലേസര്‍ റണ്ണില്‍ ഹര്യാനയുടെ ഉജ്ജലയാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ മഹാരാഷ്‌ട്രയുടെ യോഗിനി ഉമാകാന്തിനെ തോല്‍പ്പിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള നേഹ യാദവ് വെങ്കലം നേടി. ലേസര്‍ റണ്‍ പുരുഷ ടീം ഇനത്തില്‍ ഹര്യാന സ്വര്‍ണം നേടിയപ്പോള്‍ മധ്യപ്രദേശ് വെള്ളിനേടി. മഹാരാഷ്‌ട്രയ്‌ക്കാണ് വെങ്കലം. വിനിതാ ടീം ഇനത്തില്‍ മധ്യപ്രദേശ് സ്വര്‍ണവും മഹാരാഷ്‌ട്ര വെള്ളിയും ഗോവ വെങ്കലവും നേടി.
ഭാരോദ്വഹനത്തില്‍ വനിതകളുടെ 59 കിലോ വിഭാഗത്തില്‍ 191 കിലോ ഭാരം ഉയര്‍ത്തി അസംകാരി പോപി ഹസാരിക സ്വര്‍ണം നേടി. സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോയും ആണ് ഉയര്‍ത്തിയത്. ദേവീന്ദര്‍ കൗര്‍ ആണ് വെള്ളിനേടിയത്. 182 കിലോ ആണ് താരം ഉയര്‍ത്തിയത്. 180 കിലോ ഭാരം ഉയര്‍ത്തിയ ആന്ധ്രപ്രദേശിന്റെ എം. ദീപനായോമി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: