കോട്ടയം: അഖിലകേരള തന്ത്രി സമാജം സംസ്ഥാന സമ്മേളനവും സൗരയാഗവും 29ന് കോട്ടയത്ത് സൂര്യകാലടി മനയില്‍ നടക്കും. രാവിലെ അഞ്ചിന് ആരംഭിക്കുന്ന യാഗത്തില്‍ സംസ്ഥാനത്തെ മഹാക്ഷേത്രങ്ങളിലെ മുപ്പതോളം തന്ത്രിമാര്‍ കാര്‍മ്മികത്വം വഹിക്കും. പ്രകൃതി സ്വസ്ഥമാക്കുക, ഭൗമ പ്രതിഭാസങ്ങളെ ജീവജാലങ്ങള്ക്കനുകൂലമാക്കുക എന്നീ പ്രാര്‍ത്ഥനയോടെ നടത്തുന്ന സൗരയാഗത്തില് ആധുനിക ശാസ്ത്രത്തിന്റെ അളവുകോലുപയോഗിച്ച് യാഗം അന്തരീക്ഷത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളെ അളക്കുന്നതിനും പഠിക്കുന്നതിനും ഐഎസ്ആര്‍ഒയിലെയും തിരുവനന്തപുരം വിഎസ്എസ്സിയിലെയും മുതിര്‍ന്ന ശാസ്ത്രജ്ഞരും പങ്കെടുക്കും.
യാഗത്തിന് ശേഷം അഖിലകേരള തന്ത്രി സമാജം പൊതുയോഗം നടക്കും. പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. വേഴപ്പറമ്പ് ഈശാനന് നമ്പൂതിരിപ്പാട് അധ്യക്ഷനാകും. നടുവില്‍മഠം അച്യുത ഭാരതി സ്വാമിയാര് അനുഗ്രഹപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ വിശിഷ്ടാതിഥിയാകും. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ താന്ത്രികാചാര്യന്‍ കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയെ ആദരിക്കും. ഉച്ചകഴിഞ്ഞ് പ്രതിനിധിസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: