കൊല്ലം: ക്വാറികളില്‍ കെട്ടികിടക്കുന്ന ജലം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ വ്യാപകമാക്കണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തില്‍ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളകോട് ക്വാറിയിലെ ജലം കൃഷിയ്ക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്ന ഹരിതതീര്‍ത്ഥം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്വാറികളില്‍ നിറയുന്ന ജലം ജലസ്രോതസുകളായി തന്നെ കാണണമെന്നും കൃഷിക്കും ജലസേചനത്തിനും പുറമെ കുടിവെള്ളത്തിനായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ സഹോദരന് കലഞ്ഞൂര്‍ മധുവിന്റെ ക്വാറികളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയില്‍ നിന്നു കോടികള്‍ ചെലവിട്ട് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം പ്രയോജനപ്പെടുത്തുന്ന ജലസംരക്ഷണ പ്രവര്‍ത്തനമാണ് ഹരിത തീര്‍ത്ഥം പദ്ധതി. ഉളകോട് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 20 ഏക്കറോളം വിസ്തൃതിയുള്ള ആഴമേറിയ പാറക്വാറിയിലെ ജലം സോളാര്‍ പമ്പ് ഉപയോഗിച്ച് ചെറുചാലുകളിലൂടെ സമീപത്തുള്ള തലക്കുളത്തിലേക്കും തോടുകളിലേക്കും ഒഴുക്കുകയും ഉളകോട്, വാക്കനാട്, നെടുമണ്‍കാവ്, കൊടിക്കോട്, ഏറ്റുവായ്ക്കോട് എന്നീ അഞ്ചു വാര്‍ഡുകളില്‍ മുഖ്യമായും കൃഷിയ്ക്ക് പ്രയോജനപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടാതെ 40 ഏക്ക!ര്‍ നെല്‍വയലുകളില്‍ കൃഷി നടത്താനും ഭൂഗര്‍ഭ ജലവിതാനം നിലനിര്‍ത്തി വരള്‍ച്ചയെ പ്രതിരോധിക്കാനും പ്രദേശത്തെ തരിശുരഹിത ഗ്രാമമായി നിലനിര്‍ത്താനും പദ്ധതിയിലൂടെ കഴിയും. പൂര്‍ണ്ണമായും ഹരിത ഊര്‍ജ്ജത്തിലൂടെ നടപ്പാക്കുന്ന പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അനെര്‍ട്ടാണ് പദ്ധതി പ്രവര്‍ത്തനത്തിനായുള്ള സോളാര്‍ പ്ലാന്റും പമ്പുസെറ്റും ഇതിനായി സ്ഥാപിച്ചത്. സംസ്ഥാന ഹൈഡ്രോഗ്രാഫിക് വിഭാഗത്തിന്റെ സഹായത്തോടെ പാറക്വാറിയില്‍ പൂര്‍ണമായും ബാതിമെട്രി സര്‍വേ നടത്തി ജലത്തിന്റെ അളവും നിര്‍ണയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: