തിരുവനന്തപുരം: വീണ്ടും മഴ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് തുലാവര്‍ഷം തുടരുകയാണ്. ഈസമയം തന്നെ അറബിക്കടലില്‍ തേജ് ചുഴലിക്കറ്റ് ശക്തമായിയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് ഒക്ടോബര്‍ 25 രാവിലെയോടെ യെമന്‍ ഒമാന്‍ തീരത്ത് അല്‍ ഗൈദാക്കിനും (യെമന്‍) സലാലക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായുള്ള ന്യൂനമര്‍ദം ഞായറാഴ്ച രാവിലെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങും.
കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ഇന്നു മുതല്‍ 25 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുലാവര്‍ഷം തുടക്കത്തില്‍ ദുര്‍ബലമായിരിക്കും. വരും ദിവസങ്ങളില്‍ മഴ ഈ ജില്ലകളില്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ 25 വരെ യെല്ലോ അലര്‍ട്ട് തുടരും. 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയുള്ള തുലാവര്‍ഷക്കലത്ത് മെച്ചപ്പെട്ട മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്ന് ശതമാനം മഴയുടെ കുറവ് മാത്രമാണുണ്ടായത്. ഇത്തവണ അധികമഴ ലഭിക്കുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: