ആലത്തൂര്‍: പെരിങ്കുളത്തെ വീടിന് മുന്നില്‍ ഗജകേസരി രാമാനന്ദന്‍ എന്ന ആനയുടെ പ്രതിമ ശ്രദ്ധേയമാകുന്നു. ലിംകാ ബുക്ക് ഓഫ് റെക്കാര്‍ഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്സ് എന്നിവയില്‍ ഇടം പിടിച്ച ഗജശില്പം 2010ലാണ് നിര്‍മിച്ചത്.
പെരിങ്കുളം അഗ്രഹാരത്തിലെ ഡോ. പി.ആര്. രാജഗോപാല (കൃഷ്ണമണി)ന്റെ വസതിക്കുമുന്നില്‍ സ്ഥാപിച്ച ഗജകേസരി രാമാനന്ദ ശില്പത്തിന് ഒമ്പതരയടിയാണ് പൊക്കം. ആനകളോടുള്ള സ്നേഹവും ആദരവുമാണ് ഇത്തരമൊരു സംരംഭത്തിന് മുന്‍കൈയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കിച്ചാമണി എന്നറിയപ്പെടുന്ന പി.ആര്. രാജഗോപാലന്‍ പറഞ്ഞു.
പൊക്കംകൊണ്ടും ശാരീരിക മികവുകൊണ്ടും അല്പം ദൂരെനിന്ന് നോക്കുന്നവര്‍ക്ക് യഥാര്‍ഥ ആനയുടെ പ്രതീതി സൃഷ്ടിക്കുന്ന പ്രതിമ ഇരുമ്പുകമ്പി, സിമന്റ്, മണല്‍, ചെമ്പുകമ്പി എന്നിവകൊണ്ടാണ് നിര്‍മിച്ചത്. ചിത്രകലാ അധ്യാപകനായിരുന്നു ഇദ്ദേഹം. ശില്പത്തിന് മുകളില്‍ മൂന്നോ/നാലോ പേര്‍ക്ക് കയറിയിരിക്കാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്.
2015ല്‍ വേള്‍ഡ് റെക്കാര്‍ഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് പി.ആര്. രാജഗോപാലന്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 2017ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയില്‍നിന്നും 2018ല്‍ പ്രധാനമന്ത്രിയില്‍നിന്നും ലഭിച്ച അനുമോദന കത്തുകള്‍ തനിക്ക് ലഭിച്ച പ്രചോദനമാണെന്ന് അവര്‍ പറഞ്ഞു. ലോകക്ഷേമത്തിനും കുടുംബക്ഷേമത്തിനും വേണ്ടി വര്‍ഷത്തിലൊരിക്കല്‍ ഗജപ്രതിമയില് പൂജ നടത്തിവരാറുണ്ടെന്ന് ഡോ. പി.ആര്. രാജഗോപാലന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: