വാഷിംഗ്ടണ്‍ : ഇന്ത്യയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കാനഡ ഇവിടത്തെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമായ എണ്ണം ജീവനക്കാര്‍ മതി ഇവിടെയുമെന്ന ഇന്ത്യന്‍ നിലപാടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാന്‍ കാനഡയെ നിര്‍ബന്ധിതമാക്കിയത്.
അതേസമയം വിഷയത്തില്‍ അമേരിക്കയും ബ്രിട്ടനും കാനഡയ്ക്കൊപ്പമാണ്. കാനഡയുടെ ഇന്ത്യയിലെ നയതന്ത്ര സാന്നിദ്ധ്യം കുറയ്ക്കണമെന്ന് നിര്‍ബന്ധിക്കരുതെന്ന് യുഎസും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്രജ്ഞര്‍ ആവശ്യമാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു.
കാനഡയുടെ നയതന്ത്ര സാന്നിദ്ധ്യം കുറയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കനേഡിയന്‍ അന്വേഷണത്തില്‍ സഹകരിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാനഡയുടെ നയതന്ത്ര ദൗത്യത്തിലെ അംഗീകൃത അംഗങ്ങളുടെ പ്രത്യേകാവകാശങ്ങളും സുരക്ഷയും ഉള്‍പ്പെടെ, നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961 ലെ വിയന്ന കണ്വെന്ഷന് പ്രകാരമുള്ള ബാധ്യതകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു- ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നിജ്ജാറിന്റെ മരണത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തില്‍ കാനഡയുമായി സഹകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന് ശ്രമിക്കുകയാണെന്നും ബ്രിട്ടന് കൂട്ടിച്ചേര്‍ത്തു. അതിനിടെ അമേരിക്കയും ബ്രിട്ടനും കൂടിയാലോചിച്ചാണ് ഇരുരാജ്യങ്ങളും സമാനനിലപാട് സ്വീകരിച്ചതെന്നാണ് സീചന.
ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാന്‍ ഭീകര നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇന്ത്യന്‍ ഏജന്റുമാരാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച് കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ ജസ്റ്റിന് ട്രൂഡോയാണ് പ്രശ്നത്തിന് തുടക്കമിട്ടത്.എന്നാല്‍ ആരോപണം നിഷേധിച്ച ഇന്ത്യ കാനഡ ഭീകര്‍ക്ക് അഭയം നല്‍കുകയാണെന്ന് തിരിച്ചടിച്ചു.
ജീവനക്കാരെ തിരിച്ചു വിളിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ചില ഭാഗങ്ങളിലെ കനേഡിയന്‍ കോണ്‍സിലേറ്റുകള്‍ പൂട്ടി. ഇതോടെ വിസ അപേക്ഷകളില്‍ കാലതാമസം ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: