ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം പതിമൂന്ന് ദിവസം പിന്നിടുമ്പോഴും ആക്രമണം അതിശക്തമായി തുടരുന്നു. ലബനന് അതിര്‍ത്തിയിലും മിസൈലാക്രമണം ശക്തമാവുകയാണ്. ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് തെക്കന്‍ ഗാസയിലേക്കു കൂടി ഇസ്രായേല്‍ വ്യോമാക്രമണം വ്യാപിപ്പിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്ത ശേഷം ഗാസ പിടിച്ചെടുക്കാനോ അവിടുത്തെ ജനങ്ങളെ നിയന്ത്രിക്കാനോ പദ്ധതിയില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ സൈന്യം സജ്ജമായിരിക്കണമെന്നും ഏതുനിമിഷവും കരയുദ്ധത്തിന് ഉത്തരവുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ വെസ്റ്റ് ബാങ്കില്‍ നിന്ന് 584 പാലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ഇവരില്‍ 375 പേര് ഹമാസുമായി നേരിട്ട് ബന്ധമുള്ളവരാണ്.
കഴിഞ്ഞ രാത്രി മാത്രം 47 ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്തു. ഗാസയില്‍ നൂറിലധികം ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പില്‍ ഏഴ് പാലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. അതേസമയം, ലബനന് അതിര്‍ത്തിയില്‍ ഐഡിഎഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ലബനനില്‍ നിന്ന് വെടിവയ്പുണ്ടായതിന് പിന്നാലെ ഇസ്രായേല്‍ തിരിച്ചടിക്കുകയായിരുന്നു. ഇതിനിടെ, ആയുധധാരിയായ ഒരാള്‍ ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് ഐഡിഎഫ് നിരീക്ഷണം ശക്തമാക്കി. ലബനനില്‍ നിന്ന് തുടരെ മിസൈലാക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തുള്ളവരെല്ലാം സുരക്ഷിതയിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്. കൂടാതെ വടക്കന്‍ ഇസ്രായേലിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയതായി ഐഡിഎഫ് അറിയിച്ചു. ഹിസ്ബുള്ളയും മറ്റ് പാലസ്തീന് ഭീകര സംഘടനകളും മിസൈലാക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഗാസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തിയില്‍ നടക്കുന്ന തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈജിപ്തിലെത്തി. എത്രയും പെട്ടെന്ന് ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഹമാസിനൊപ്പം റഷ്യയെ താരതമ്യം ചെയ്തുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് റഷ്യ അറിയിച്ചു. അന്താരാഷ്ട്ര അജണ്ടയില്‍ നിലവിലെ സാഹചര്യം വളരെയേറെ അപകടകരമാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: