തിരുവനന്തപുരം: എല്ലാവര്ക്കും സൗജന്യ കുടിവെള്ളമെത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ജല്‍ജീവന്‍ മിഷന് പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
സംസ്ഥാന വിഹിതം നല്കാത്തതിനാല് കരാറുകാര്‍ കേരളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പണി നിര്‍ത്തിയിരിക്കുകയാണ്. സൗജന്യ പൈപ്പ് ലൈന്‍ പദ്ധതിയിലൂടെ 12 ലക്ഷം കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കുടിവെള്ളം ലഭിച്ചത്.
ബാക്കിയുള്ളവര്‍ക്ക് കൂടി വെള്ളമെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിനാണ് സംസ്ഥാനം ഇപ്പോള്‍ തുരങ്കം വെച്ചിരിക്കുന്നത്. കോടികള്‍ ചിലവഴിച്ച് കേരളീയം പോലെയുള്ള ആഘോഷങ്ങള്‍ കൊണ്ടാടുന്ന പിണറായി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് തുച്ഛമായ തുക അനുവദിക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.
മുഖ്യമന്ത്രിയുടെ പേരില്‍ തലസ്ഥാനത്ത് രാജ്യാന്തര ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ലക്ഷങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പൊടിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ എല്ലാ കേന്ദ്രപദ്ധതിളും അട്ടിമറിക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനം വിഹിതം നല്‍കാത്തത് കൊണ്ട് തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ നിലച്ചിരിക്കുകയാണ്. എന്നാല്‍ സിപിഎം പ്രചരിപ്പിക്കുന്നതാവട്ടെ കേന്ദ്രം ഫണ്ട് വെട്ടികുറച്ചെന്നാണ്. കേന്ദ്രം ഫണ്ട് വര്‍ദ്ധിപ്പിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ സംസ്ഥാനം പാവങ്ങളുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
ആധുനിക സൗകര്യമുള്ള ബോട്ടുകള്‍ മത്സ്യതൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും സംസ്ഥാനവിഹിതം നല്‍കാത്തതിന്റെ പേരില്‍ കേരളത്തിലെ കടലില്‍ അതൊന്നും ഇറക്കാന്‍ സാധിക്കുന്നില്ല. ഈബസുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ വിഹിതം കൊടുക്കാനില്ലാത്തതിനാല്‍ കേരളം വാങ്ങുന്നില്ല.
നഗരപ്രദേശങ്ങളില്‍ ഗതാഗതകുരിക്കില്‍ നിന്നും മോചനം കിട്ടാന്‍ വേണ്ടിയാണ് കേന്ദ്രം മികച്ച സൗകര്യങ്ങളുള്ള ഇബസ് അനുവദിച്ചത്. എന്നാല്‍ വിഹിതം നല്കാന് ഖജനാവില്‍ പണമില്ലെന്നാണ് ധനമന്ത്രി പറയുന്നത്.
പൊതുതിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിതമായ നീക്കമാണോ ഈ അട്ടിമറി എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: