തൃശൂര്‍: നാട്ടില്‍ ഇത്രയേറെ അറിയപ്പെടുന്ന സിപിഎം നേതാവ് പി.ആര്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ ബാങ്ക് അക്കൗണ്ട് ചോദിച്ചപ്പോള്‍ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ട് നമ്പര്‍ പെരിങ്ങണ്ടൂര്‍ സഹ. ബാങ്ക് അധികൃതര്‍ നല്‍കിയത് ഇഡിയെ കളിപ്പിക്കാനോ? പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് അധികൃതര്‍ നല്കിയ ചന്ദ്രമതിയുടെ അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ വന്നിരുന്നു. ഇത് അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് പറഞ്ഞാണ് ഇഡിയ്ക്ക് നല്‍കിയത്.
അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ട് എന്ന് പറഞ്ഞ് ഇഡി കോടതിയില്‍ നല്‍കിയത് ബാങ്ക് തന്നെ നല്കിയ മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടാണ്. ഇത് ബാങ്ക് അധികൃതര്‍ ഇഡിയെ കളിപ്പിക്കാന്‍ നല്കിയതാണെങ്കില് ബാങ്ക് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഇഡിയെ കബളിക്കുക എന്നത് ആരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷിക്കുന്നുണ്ട്.
ഇഡിക്ക് നല്കിയ ബാങ്ക് അക്കൗണ്ട് ഉടമയായ ചന്ദ്രമതിയുടെ മകന് ശ്രീജിത്ത് എന്ന ഒരു യുവാവാണ്. ഇയാളെ നേരിട്ട് വിളിച്ചു ചോദ്യം ചെയ്തപ്പോള്‍ തന്റെ പേര് ശ്രീജിത്ത് എന്നാണെന്നും കരുവന്നൂര്‍ ബാങ്കിലെ പ്രധാന തട്ടിപ്പുകാരന് എന്നറിയപ്പെടുന്ന സതീഷ് കുമാറുമായി തനിക്ക് ബന്ധമുണ്ടെന്നും വായ്പാ ബാധ്യത വന്നപ്പോള്‍ അത് ഏറ്റെടുക്കാനാണ് സതീഷ് കുമാറിനെ സമീപിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. സതീഷ്കുമാറുമായി 63 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ശ്രീജിത് പറഞ്ഞു. അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ശ്രീജിത്ത് കൈമാറിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥകള്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഇഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: