ജയ്പൂര്‍: മഹാറാണാ പ്രതാപിന്റെ പിന്മുറക്കാരന് വിശ്വരാജ് സിങ് മേവാറും കര്‍ണിസേനാ മുന്‍ അധ്യക്ഷന്‍ അന്തരിച്ച ലോകേന്ദ്ര സിങ് കല്‍വിയുടെ മകനും അന്താരാഷ്ട്ര പോളോ താരവുമായ ഭവാനി സിങ് കല്‍വിയും ബിജെപിയില്‍. കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്, രാജസ്ഥാന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.പി. ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, ലോക്സഭാ എംപി ദിയാ കുമാരി, അനില്‍ ബലൂനി, സഞ്ജയ് മയൂഖ് എന്നിവര്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ ഈ രണ്ട് നേതാക്കളെയും സ്വീകരിച്ചു.
ഉദയ്പൂര്‍ രാജകുടുംബാംഗമായ വിശ്വരാജ് സിങ് മേവാര്‍ മുന്‍ ലോക്സഭാംഗം മഹീന്ദ്രസിങ് മേവാറിന്റെ മകനാണ്. ഭവാനി സിങ് കല്‍വി പോളോ ലോകകപ്പില്‍ ഭാരത ടീമില്‍ അംഗമായിരുന്നു. രാജസ്ഥാനില്‍ രാഷ്ട്രത്തിന് അനുകൂലമായി മാറ്റം ഉറപ്പായും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള് പറഞ്ഞു. 2047ല്‍ വികസിത ഭാരതം എന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജസ്ഥാന് വികസിത രാജസ്ഥാന് ആകുമ്പോഴേ ആ ലക്ഷ്യം പൂര്‍ത്തിയാകൂ. അതിന് മാറ്റം ഉണ്ടായേ തീരൂ, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കാഴ്ചപ്പാടിലും വിശ്വാസമര്‍പ്പിച്ചാണ് ഇരു നേതാക്കളും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷി പറഞ്ഞു. പൂര്‍വികര്‍ എന്നും സമൂഹത്തിന്റെ മുഴുവന്‍ സംരക്ഷണത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും ചിന്തിച്ചിട്ടുണ്ടെന്നും ഈ ചിന്തയെ പിന്തുടര്ന്നാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും വിശ്വരാജ് സിങ് പറഞ്ഞു. മോദി സര്‍ക്കാര്‍ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നേറുകയാണ്. കഴിവും ദീര്‍ഘവീക്ഷണവും ഉള്ള നേതൃത്വത്തെ മുഴുവന്‍ ജനങ്ങളും പിന്തുണയ്ക്കണം, അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും ശക്തമായ പാര്‍ട്ടി ബിജെപിയാണെന്ന് വാട്ടര്‍ പോളോ താരം കൂടിയായ ഭവാനിസിങ് കല്‍വി പറഞ്ഞു. ടീമിന്റെ ക്യാപ്റ്റന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ടീമംഗമെന്ന നിലയില്‍ അദ്ദേഹം ആജ്ഞാപിക്കുന്നതെന്തും ചെയ്യുമെന്നും ഭവാനി സിങ് പറഞ്ഞു. അംഗത്വം സ്വീകരിച്ചതിന് ശേഷം ഇരുവരും ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാന് മുന്‍മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജ സിന്ധ്യയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: