ടെല്‍അവീവ്: ഹമാസ് ഭീകരരെയും അവരുടെ സര്‍ക്കാര്‍ സംവിധാനത്തെയും പൂര്‍ണമായും നശിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിക്കുമ്പോഴായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.
നീചരും ക്രൂരരുമായ കൊടുംഭീകരര്‍ക്കെതിരേയാണ് ഇസ്രായേല്‍ യുദ്ധമെന്നും നീണ്ട യുദ്ധമാണെന്നും സമയമെടുക്കുമെന്നും നെതന്യാഹു പാര്‍ലമെന്റില്‍ പറഞ്ഞു. ഒറ്റ ലക്ഷ്യമേയുള്ളൂ, അതു വിജയമാണ്. പൂര്‍ണ വിജയത്തിനു സമയമെടുക്കും. അനാവശ്യ പ്രതികരണങ്ങള്‍ക്കു മുതിര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കും ഇറാനും നെതന്യാഹു മുന്നറിയിപ്പു നല്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇന്ന് ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
നേരത്തേ ഇസ്രായേല്‍, പാലസ്തീന്, സിറിയ, ഇറാന്, ഈജിപ്ത് രാജ്യങ്ങളിലെ നേതാക്കളുമായി പുടിന് ചര്‍ച്ച നടത്തിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ സഹായവും പുടിന് ഇസ്രായേലിന് വാഗ്ദാനം ചെയ്തു.
ഇതിനിടെ, ഇസ്രായേലിനും ഗാസയ്ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രഖ്യാപിച്ചു. ഹമാസിന്റെ യഥാര്‍ഥ മുഖത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയും വെളിപ്പെടുത്തിക്കഴിഞ്ഞെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
ഗാസയിലെ യുഎന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇന്ധനവും മെഡിക്കല്‍ ഉപകരണങ്ങളും ഹമാസ് ഭീകരര്‍ മോഷ്ടിച്ചതായി ഐക്യരാഷ്ട്ര സഭ സ്ഥിരീകരിച്ചിരിക്കുന്നു. അടുത്ത ആറു ദിവസത്തേക്ക് ഗാസയിലെ ജല ശുദ്ധീകരണത്തിനാവശ്യമായ ഇന്ധനമാണ് മോഷ്ടിച്ചത്. ഹമാസ് ഭീകരര്‍ ഗാസയിലെ സാധാരണക്കാരെ മനുഷ്യകവചമാക്കുകയാണെന്നും അദ്ദേഹം തുടര്‍ന്നു.
ഇസ്രായേലിനെതിരേ മാത്രമല്ല, മനുഷ്യരാശിക്കെതിരേയാണ് ഹമാസ് യുദ്ധം. അവര്‍ ജൂതരെയും അറബികളെയും ഭയപ്പെടുത്തുന്നു, ഇസ്രായേല്‍ നിവാസികളുടെയും, പാലസ്തീന്‍കാരുടെയും മരണം കാംക്ഷിക്കുന്നു. ഇസ്രായേലിനും ഗാസയ്ക്കും ലോകത്തിനും വേണ്ടി ഹമാസ് ഭീകരരെ ഇസ്രായേല്‍ പ്രതിരോധ സേന നശിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: