ഭാരതീയ സംസ്കാരത്തിലും അതിന്റെ അടിസ്ഥാനത്തിലുള്ള ധാര്‍മികതയിലും വിശ്വസിക്കുന്നവര്‍ ആഗ്രഹിച്ച സുപ്രധാന വിധി തന്നെയാണ് സ്വവര്‍ഗവിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഭിന്നവിധികളിലൂടെ നിരസിച്ചിരിക്കുകയാണ്. സ്വവര്‍ഗ വിവാഹത്തിന് നിയമ പ്രാബല്യം നല്‍കണമോയെന്നത് നിയമനിര്‍മാണത്തിലൂടെ പാര്‍ലമെന്റ് തീരുമാനിക്കേണ്ട കാര്യമാണെന്നു വ്യക്തമാക്കിയ വിധി, വിലക്ഷണ വിവാഹത്തിന് വിഘാതമാവുന്ന സ്പെഷ്യല്‍ മാരേജ് ആക്ടും ഫോറിന് മാരേജ് ആക്ടും റദ്ദാക്കാന്‍ തയ്യാറായതുമില്ല. സ്വവര്‍ഗ ദമ്പതിമാരുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന നാല് പേര് വ്യത്യസ്തമായവിധികള് പുറപ്പെടുവിക്കുകയായിരുന്നു. മൂന്നു ന്യായാധിപന്മാരുടെ വിധി സ്വവര്‍ഗവിവാഹത്തിന് എതിരായതോടെയാണ് അതിന് നിയമപ്രാബല്യം ഇല്ലെന്നു വന്നത്. സ്പെഷ്യല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് യോജിക്കാന്‍ ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങളും തയ്യാറായില്ല. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ടെന്ന ചീഫ് ജസ്റ്റിന്റെ നിലപാടിനെയും മറ്റംഗങ്ങള്‍ തള്ളിക്കളഞ്ഞു. ഇതോടെ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ഇനിയും കഴിയില്ല.
ദത്തെടുക്കല്‍ എന്നത് നിയമത്തിന്റെ പരിധിയില്‍ ഒതുങ്ങിനിന്നുകൊണ്ടുമാത്രം തീരുമാനിക്കാവുന്ന ഒരു കാര്യമല്ല. സാമൂഹ്യവും സാംസ്കാരികവും മനശ്ശാസ്ത്രപരവുമായ മാനങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഇതിനോട് അനുഭാവം പുലര്‍ത്തുന്നതാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ വിധി. കുട്ടികള്‍ക്ക് ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം അവര്‍ക്ക് വളരാന്‍ സ്ഥിരതയുള്ള സാഹചര്യം ആവശ്യമാണെന്നും ഈ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നു. സ്പേഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റംകൊണ്ടുവരേണ്ടത് പാര്‍ലമെന്റിന്റെ തീരുമാനമാണ്. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ഈ നിയമം റദ്ദാക്കാന്‍ കോടതിക്ക് കഴിയില്ലെന്നും, പാര്‍ലമെന്റിനെ ഇതിനായി നിര്‍ബന്ധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് സ്വന്തം വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത് സുപ്രധാനമാണ്. അതേസമയം, സ്വവര്‍ഗ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും, ഇതിനായി സമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരിക്കുന്നു. ഇതും സ്വാഗതാര്‍ഹമാണ്. കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിക്കില്ലെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയണം. ട്രാന്സ്ജെന്ഡറുകളില്പ്പെടുന്ന വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന സാഹചര്യവും ഉണ്ടാവരുത്. ആഗ്രഹിക്കാത്ത പക്ഷം ഇവരെ സ്വന്തം വീടുകളിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കാനും പാടില്ല. ഇവര്‍ക്കെതിരായി കേസെടുക്കുന്നതിനു മുന്‍പ് പ്രാഥമിക പരിശോധന നടത്തിയിരിക്കണം. ചീഫ് ജസ്റ്റിസിന്റെ വിധിയില്‍ പറയുന്ന ഇക്കാര്യങ്ങളും സ്വാഗതാര്‍ഹമാണ്. പൗരന്മാരോട് അനീതി പ്രവര്‍ത്തിക്കാത്ത ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് ഇത് ആവശ്യവുമാണ്.
സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത് സമൂഹത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് ഉയര്‍ന്ന ചില അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണ് ഇതിന് വഴിവച്ചത്. ആണ്-പെണ് ലിംഗ വ്യത്യാസം ആത്യന്തിക യാഥാര്ത്ഥ്യമല്ലെന്നുവരെയുള്ള വിചിത്രമായ വാഗദതികളും ഉയരുകയുണ്ടായി. ഭാരതത്തെപ്പോലെ അതിവിശാലമായ ഒരു രാജ്യത്ത്, കോടിക്കണക്കിനാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സമൂഹത്തില്‍ സ്വവര്‍ഗ വിവാഹവും, ഇത്തരം ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് പല കോണുകളില്‍നിന്നും അഭിപ്രായമുയര്‍ന്നു. ഇങ്ങനെയൊരു കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും, ജനഹിതം അറിഞ്ഞ് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറയുകയുണ്ടായി. ചില പാശ്ചാത്യരാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയത് ഹിതപരിശോധനയിലൂടെയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ വിഷയത്തിലുള്ള ആശങ്കകള്‍ പങ്കുവച്ച് നീതിന്യായ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നിരവധി പ്രമുഖ വ്യക്തികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതുകയും ചെയ്തു. ഏതായാലും ഇപ്പോഴത്തെ വിധിയോടെ സമൂഹത്തിനുമേല്‍ ഉയര്‍ന്നുവന്ന ഒരു കരിനിഴല്‍ നീങ്ങിയിരിക്കുകയാണ്. ലീഗല്‍ ആക്ടിവിസത്തിന്റെ ബലത്തില്‍ ഭാരതീയ സമൂഹത്തെ അപനിര്‍മിക്കാമെന്നും, അരാജകത്വം വളര്‍ത്തി അതിനെ ശിഥിലീകരിക്കാമെന്നുമൊക്കെയുള്ള ദുഷ്ടലാക്കോടെ രംഗത്തിറങ്ങിയവര്‍ക്ക് നിരാശപ്പെടേണ്ടി വന്നിരിക്കുന്നു. ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്ക് വലിയ സന്തോഷമാണ് ചരിത്രപരമായ ഈ വിധി കൊണ്ടുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: