കനത്ത മഴയില്‍ തിരുവനന്തപുരം മഹാനഗരത്തില്‍ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയത് ജനജീവിതം ദുസ്സഹമാക്കി. നദികള്‍ കരകവിയുകയും തോടുകള്‍ നിറഞ്ഞൊഴുകുകയും ചെയ്തപ്പോള്‍ നഗരം പ്രളയത്തിലാണ്ടു. ആശുപത്രികളിലും റെയില്‍വേ സ്റ്റേഷനുകളിലും വെള്ളം കയറി. ജനവാസ മേഖലകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നു. തീവണ്ടികള്‍ വൈകിയോടുകയും നഗരത്തില്‍ ഗതാഗത സ്തംഭനമുണ്ടാവുകയും ചെയ്തു. പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചിലത് തകരുകയും ചെയ്തു. വന്‍തോതിലുള്ള കൃഷി നാശവും സംഭവിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കേണ്ടി വന്നു. ജനജീവിതം പഴയ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും, തിരുവനന്തപുരം അടക്കം ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇതുകൊണ്ട് തിരുവനന്തപുരം മഹാനഗരത്തിന് യാതൊരു പ്രയോജനവുമുണ്ടായില്ല. അനുഭവിക്കാനുള്ളതെല്ലാം ജനങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. വീടുകളിലടക്കം രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ ഇല്ലാതാവാന്‍ ഇനി ദിവസങ്ങളെടുക്കും. പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പനിക്കാലമായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. സര്‍ക്കാര്‍, പ്രത്യേകിച്ച് ആരോഗ്യവകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. കോര്പ്പറേഷന് അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ട്. അവര്‍ കണ്ണ് തുറക്കണം.
എന്തുകൊണ്ടാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് തിരുവനന്തപുരം മഹാനഗരത്തിന്റെ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിലും കനത്ത മഴയുണ്ടായിട്ടും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കേരളം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ 2018 ലെ പ്രളയകാലത്തു പോലും തിരുവനന്തപുരം മഹാനഗരത്തില്‍ വെള്ളം കയറുകയോ, ജനങ്ങള്‍ക്ക് അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരികയോ ചെയ്തില്ല. പിന്നെ എന്തുകൊണ്ടാണ് ഒരൊറ്റ മഴയില്‍ ഇങ്ങനെയൊരു വെള്ളപ്പൊക്കം രൂപപ്പെട്ടത്? എത്ര മഴ പെയ്താലും വെള്ളം സ്വഭാവികമായി ഒഴുകിപ്പോകുന്ന വിധത്തിലായിരുന്നു മഹാനഗരത്തിന്റെ കിടപ്പ്. നഗരത്തെ മഴ കഴുകി വെടിപ്പാക്കുമായിരുന്നു. എന്നാല്‍ ഈ സ്ഥിതിക്ക് ഇന്നു മാറ്റം വന്നിരിക്കുന്നു. മഴവെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്. വെള്ളം തങ്ങിനിന്നിരുന്ന താണപ്രദേശങ്ങളെല്ലാം അനധികൃതമായി നികത്തി ചെറുതും വലുതുമായ കെട്ടിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. വെള്ളം ഒഴുകിപ്പോകേണ്ട ഓടകള്‍ പലതും മണ്ണുനിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. മണ്ണു നീക്കി ഓടകള്‍ തുറക്കേണ്ടത് കോര്പ്പറേഷന് അധികൃതരുടെ ഉത്തരവാദിത്വമാണ്. അതില്‍ വീഴ്ച വന്നിരിക്കുന്നു. അടിസ്ഥാനപരമായ ഇത്തരം പ്രവൃത്തികള്‍ ചെയ്യാതെ മഴയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മഴക്കാലത്തിനു മുന്‍പ് എന്തൊക്കെയാണോ ചെയ്യേണ്ടത്, അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ അവര്‍ക്കതില്‍ താല്‍പ്പര്യമില്ല. ഈ അനാസ്ഥ മൂലം അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളാണ്.
ഏഴ് വര്‍ഷം മുന്‍പ് ചെന്നെയിലുണ്ടായ മിന്നല്‍ പ്രളയം എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി. മഴയില്‍ പൊടുന്നനെ വെള്ളം പൊങ്ങിയതും, ആളുകള്‍ ദിവസങ്ങളോളം വീടുകളിലും ഫഌറ്റുകളിലും കുടുങ്ങിക്കിടന്നതും, വാഹനങ്ങളും മറ്റും ഒലിച്ചുപോയതും അഭൂതപൂര്‍വമായ കാഴ്ചയായിരുന്നു. ഇതിനുമുന്‍പ് ഒരു മഴക്കാലത്തും ഇങ്ങനെയൊരു അനുഭവം ചെന്നൈ നിവാസികള്‍ക്ക് ഉണ്ടായിരുന്നില്ല. പരിധിയില്ലാത്ത നിര്‍മിതികള്‍ കാരണം വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഇടമില്ലാതായതാണ് ഈ മിന്നല്‍പ്രളയം സൃഷ്ടിച്ചത്. ഇതിന്റെ ഒരു തിരനോട്ടമാണ് തിരുവനന്തപുരത്ത് കണ്ടത്. ഇന്ന് തിരുവനന്തപുരത്താണെങ്കില്‍ നാളെ ഇത് സംസ്ഥാനത്തെ മറ്റ് നഗരങ്ങളെയും ബാധിക്കാം. അതിശയിപ്പിക്കുന്നതാണ് കേരളത്തിലെ നഗരവല്‍ക്കരണം. നഗരങ്ങളെ പരിധിയില്ലാതെ വികസിപ്പിക്കുന്നതിനു പകരം നഗരത്തിലെ സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ഒരുക്കുകയാണ് വേണ്ടതെന്ന വിവേകത്തിന്റെ ശബ്ദങ്ങള്‍ സര്‍ക്കാരുകള്‍ കേള്‍ക്കാതെ പോവുകയാണ്. നിര്മിതികളില്ലാത്തയിടങ്ങള് നഗരങ്ങളില്‍ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മോഹവില നല്കി സ്ഥലം ഏറ്റെടുത്ത് കെട്ടിട സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്നു. പാരിസ്ഥിതികമായ യാതൊരു ധാരണയുമില്ലാതെ ഇതിനൊക്കെ നിയമവിരുദ്ധമായി അനുമതി നല്‍കുകയും ചെയ്യുന്നു. കനത്ത മഴയില്‍ ഉണ്ടാവുന്ന വെള്ളം മുഴുവന്‍ ആവിയായിപ്പോകില്ലല്ലോ. അത് ജനവാസ കേന്ദ്രങ്ങളെ വിഴുങ്ങും. ഇതിന് അടിയന്തരമായ പരിഹാരം കാണേണ്ടതുണ്ട്. ഇത് കേരളമാണ് എന്ന് ഊറ്റകൊണ്ടാല് പോരാ. ഭൂപ്രകൃതിയിലും ജനജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയെടുക്കാന്‍ ഇനിയൊട്ടും വൈകിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: