കൊച്ചി: ഇടതു സംഘടനാ നേതാക്കള്‍ ഭരണം നടത്തുന്ന കെഎസ്എഫ്ഇ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ 25 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ആശ്യപ്പെട്ടു.
അച്യുതാനന്ദന് സര്‍ക്കാറിന്റെ കാലത്ത് നടന്ന തട്ടിപ്പ് ശരിയായി അന്വേഷിക്കുന്നതില്‍ മാറിമാറി അധികാരത്തില്‍ വന്ന ഇടത് വലത് സര്‍ക്കാരുകള്‍ തയാറായിട്ടില്ല. പിണറായി സര്‍ക്കാര്‍ കെഎസ്എഫ്ഇയില്‍ നിന്ന് ഏഴരക്കോടി രൂപ സഹായം നല്കി കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സൊസൈറ്റിയുടെ പണം നഷ്ടമായതിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം അതിന്റെ ഭരണം നടത്തിയവര്‍ക്ക് തന്നെ ആണെന്നിരിക്കെ പൊതുസ്വത്തായ കെഎസ്എഫ്ഇയുടെ പണം ഇത്തരത്തില്‍ ചെലവഴിക്കുന്നത് ഗുരുതരമായ അഴിമതിയാണ്.
കെഎസ്എഫ്ഇയുടെ പണം പലിശ സഹിതം തിരിച്ചുപിടിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ഏഴായിരത്തില്‍ പരം ജീവനക്കാരും 60 ലക്ഷത്തിലധികം ഇടപാടുകാരുമുള്ള കെഎസ്എഫ്ഇയെക്കുറിച്ച് എ.കെ ബാലന് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കും. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ അദ്ദേഹം തയാറാകണം. കെഎസ്എഫ്ഇയുടെ ഭരണപരമായ നടത്തിപ്പ് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും മധുകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: