ഇന്ത്യക്കാരുടെ നട്ടെല്ലു തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം വിദ്യാഭ്യാസ രീതികളെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്നതായിരുന്നു. നമ്മുടെചരിത്രവും സംസ്കാരവും അവര്‍ ഉഴുതുമറിച്ചു. അവരന്നു പാകിയ വിത്തുകള്‍ നൂറ്റാണ്ടു പിന്നിട്ടിട്ടും തഴച്ചുവളരുകയാണ്. അതിനിടയില്‍ തളര്‍ന്നുപോയ പാരമ്പര്യ ശാസ്ത്രങ്ങളും വിദ്യാഭ്യാസ നന്മകളും കടല്‍ കടന്നു. ഇന്ന് നമുക്ക് നമ്മളെ തന്നെ കണ്ടെത്താന്‍ ജര്‍മനിയിലോ മറ്റോ പോകേണ്ടിവരും. ന്യൂട്ടനെ മൂന്നു നൂറ്റാണ്ടു മുന്‍പ് തിരുത്തിയ കാല്ക്കുലസ്സിന്റെയും പൈയുടെയും തലതൊട്ടപ്പന് സംഗമഗ്രാമ മാധവനേയും നമ്മുടെ ആധുനിക ഗണിതശാസ്ത്ര പഠനത്തിന് പുറത്തേക്ക് പടിയടച്ച് പിണ്ഡം വച്ചു. ലോകമിന്ന് ആദരപൂര്‍വം ഉരുക്കഴിക്കുന്ന വേദഗണിതവും വേരോടെ പറിച്ചുകളഞ്ഞു! ആയുര്‍വേദം എങ്ങനെയോ ചരമഗതി പൂകാതെ നാട്ടുവൈദ്യ വഴികളില്‍ പിടിച്ചുനിന്നു.
സ്വാതന്ത്ര്യാനന്തര കേരളത്തില്‍ പൊതുവിദ്യാഭ്യാസരംഗത്തു ഏറ്റവും വലിയ വാരിക്കുഴി ഒരുക്കിയത് ഡിപിഇപി കാലത്തോടെയാണ്. ലോക ബാങ്കിന്റെ ഭിക്ഷാ പാത്രത്തില്‍ മോഹിതരായ ചില പടിഞ്ഞാറുനോക്കികളായ പരിഷ്കരണക്കാര്‍ നമ്മുടെ അക്ഷരമാലയെയും എഞ്ചുവടിയെയും ആട്ടിയോടിച്ചു. മനകണക്കും മനഃപാഠവും പഴഞ്ചനായി മുദ്രകുത്തി. ചെറുശ്ശേരിയും എഴുത്തച്ഛനും പിന്തിരിപ്പന്മാരായി. അക്കിത്തത്തെ തിരുത്തി. നമ്മള് സദാ പരിഹസിക്കുന്ന ബീഹാറിലെ ഗ്രാമീണ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രൈമറി വിദ്യാര്‍ത്ഥികള്‍, പണ്ട് ഇവിടെയുണ്ടായിരുന്നപോലെ ഗുണനപട്ടിക മനഃപാഠമാക്കുന്നു. അഖിലേന്ത്യാ മത്സരപ്പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നു. നമ്മുടെ കുട്ടികള്‍ ഗതികിട്ടാതെ ജീവനുംകൊണ്ട് നാടുകടക്കുന്നു. അധ്യാപക പരിശീലനം ക്ലിഷേയാക്കിയ ഡയറ്റുകളും അവരുടെ ബുദ്ധികേന്ദ്രമായ എസ്സിഇആര്ടിയും ചേര്‍ന്ന് പാ
ഠ്യപദ്ധതിയുടെ നടുവൊടിച്ചു. മലയാളത്തിലെ ഒരു കവിയുടെയും രണ്ടുവരികള്‍ ഓര്‍ത്തുചൊല്ലാന്‍ കഴിയാനോ സ്വന്തം പേര് അക്ഷരതെറ്റില്ലാതെ എഴുതാനോ അവര്‍ക്ക് ശേഷിയില്ലാതായി.
എഴുത്തും കണക്കും പരിശോധിക്കാന്‍ കേന്ദ്രത്തിന്റെ നിപുണന് ഭാരത് മിഷന്റെ ഭാഗമായി സ്കൂള്‍ പഠന നിലവാരം പരിശോധിക്കാന്‍ എന്‍സിഇആര്‍ടി വരുന്നു. സംസ്ഥാനതല വിദ്യാഭ്യാസ പരീക്ഷയില്‍ മൂക്കുകുത്തി വീണ നമ്മുടെ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ പിടിച്ചുനില്‍ക്കുമോ എന്തോ? സാഹിത്യ അക്കാദമി പ്രസിഡന്റു കൂടിയായിരുന്ന ഇടതുപക്ഷ സഹയാത്രികനും കഥാകൃത്തുമായ വൈശാഖന് എഴുതിയതുപോലെ, ഒന്നാം ക്ലാസ്സില്‍ എടുത്തുവയ്ക്കുന്ന ഒരു മരക്കട്ടപോലും ജയിച്ച് ജയിച്ച് പത്തിലെത്തും. ചിലപ്പോള്‍ എപ്ലസ് നേടിയെന്നും വരാം. നിരക്ഷരത നട്ടുവളര്‍ത്തുന്ന പൊതു വിദ്യാലയങ്ങളും ‘സാക്ഷരത’ പഠിപ്പിക്കുന്ന സാക്ഷരതാ മിഷനും ചേര്‍ന്ന് വെട്ടിനിരത്തിയ വിദ്യാഭ്യാസ നിലവാരത്തിന്റെ ഒരു കണക്കെടുപ്പ് എന്തുകൊണ്ടും അവസരോചിതം തന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: