ന്യൂദല്‍ഹി: എട്ട് സുപ്രധാന വ്യവസായ മേഖലകളില്‍ ഭാരതത്തിന് ആഗസ്ത് മാസത്തില്‍ 12.1 ശതമാനം അധിക വളര്‍ച്ച. കല്‍ക്കരി, അസംസ്കൃത എണ്ണ, ഉരുക്ക്, സിമന്റ്, വൈദ്യുതി, രാസവളം, എണ്ണശുദ്ധീകരണ ഉല്പന്നങ്ങള്, പ്രകൃതിവാതകം എന്നീ മേഖലകളിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ചാണ് ഇന്ത്യയ്ക്ക് ഈ വളര്‍ച്ചാക്കുതിപ്പ്.
ആഗസ്തിലേത് കഴിഞ്ഞ 14 മാസങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ്. അടിസ്ഥാനപരമായ മാറ്റങ്ങളുടെ ഫലമാണ് ഈ വളര്‍ച്ചയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2022 ആഗസ്ത് സുപ്രധാന മേഖലകളുടെ വളര്‍ച്ച വെറും 4.2 ശതമാനം മാത്രമായിരുന്നു.
എട്ട് മേഖലകളില്‍ അഞ്ചെണ്ണത്തില്‍ ഇരട്ടയക്കത്തിലാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. സിമന്റ് (വളര്‍ച്ച 189 ശതമാനം), കല്‍ക്കരി (17.9 ശതമാനം), വൈദ്യുതി (14.9 ശതമാനം), ഉരുക്ക് (10.9 ശതമാനം) പ്രകൃതി വാതകം (10 ശതമാനം) എന്നിങ്ങനെയാണ് ആ വളര്‍ച്ച.
ഇതില്‍ തന്നെ കല്‍ക്കരിയുടെയും വൈദ്യുതിയുടെയും മേഖലയിലുള്ള വളര്‍ച്ച കഴിഞ്ഞ 14 മാസങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്നതാണ്. സിമന്റിന്റെ കാര്യത്തില്‍ കഴിഞ്ഞ ഒമ്പത് മാസങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണ്. പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ 18 മാസമായുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എണ്ണശുദ്ധീകരണ ഉല്പന്നങ്ങളുടെ കാര്യത്തിലും കഴിഞ്ഞ 14 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത് (9.5 ശതമാനം).
കേന്ദ്രസര്‍ക്കാര്‍ തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക ചെലവഴിച്ചതാണ് സിമന്റ് ഉല്പാദനം കൂട്ടാന്‍ കാരണമായത്. ഇന്ത്യ പാലങ്ങള്‍, റോഡുകള്‍ എന്നിവ വന്‍തോതിലാണ് നിര്‍മ്മിച്ചത്. വൈദ്യുതരംഗത്തെ ഉപഭോഗം വര്‍ധിക്കാന്‍ കാരണമായത് പല ഭാഗങ്ങളിലും അനുഭവപ്പെട്ട മഴക്കുറവാണ്. ഇത് കൂടുതല്‍ വൈദ്യുദോല്പാദനത്തിലേക്ക് നയിച്ചു.
സുപ്രധാന വ്യവസായമേഖലകളിലെ ഉല്പാദന വളര്‍ച്ച, ജിഎസ്ടി ഇ-വേ ബില്ലിലെ വരുമാനക്കുതിപ്പ്, റെയില്‍ ചരക്ക് ഗതാഗത വളര്‍ച്ച – ഇതെല്ലാം ഇന്ത്യയുടെ വ്യവസായോല്‍പാദന സൂചികയില്‍ ആഗസ്ത് മാസത്തില്‍ 9 മുതല്‍ 11 ശതമാനം വരെ കുതിപ്പിന് കാരണമാകുമെന്ന് ഐസിആര്‍എയുടെ മുഖ്യ സാമ്പത്തിക വിദഗ്ധ അതിഥി നായര്‍ പറയുന്നു.
ഐഐപി (വ്യവസായോല്‍പാദന സൂചിക), ഇന്ത്യന്‍ രൂപ, ജിഡിപി, എട്ട് അടിസ്ഥാന വ്യവസായരംഗങ്ങള്‍
ഈ എട്ട് (കല്‍ക്കരി, അസംസ്കൃത എണ്ണ, ഉരുക്ക്, സിമന്റ്, വൈദ്യുതി, രാസവളം, എണ്ണശുദ്ധീകരണ ഉല്പന്നങ്ങള്, പ്രകൃതിവാതകം) സുപ്രധാന വ്യവസായ മേഖലകളാണ് ഇന്ത്യയുടെ വ്യവസായ ഉല്പാദന സൂചികയുടെ കരുത്തിന്റെ 40 ശതമാനത്തിലധികം കയ്യാളുന്നത്. ഇക്കഴിഞ്ഞ ജൂലായില്‍ ഇന്ത്യയുടെ വ്യവസായികോല്പാദന സൂചിക 5.7 ശതമാനം രേഖപ്പെടുത്തിയിരുന്നു. ഇത് വിദഗ്ധര്‍ പ്രവചിച്ച അഞ്ച് ശതമാനത്തേക്കാള്‍ കൂടുതലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: