പാലക്കാട്: ദേശീയതക്കൊപ്പം കൈകോര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് അഫ്സല് ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയില്‍ അംഗമായി. ഇന്നലെ ഒറ്റപ്പാലത്തെ വീട്ടില്‍ നടന്ന പരിപാടിയില്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് കൂടിയായ മുഹമ്മദ് അഫ്സലില്‍ നിന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് വരിസംഖ്യ ഏറ്റുവാങ്ങി.
രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അഫ്സല് പറഞ്ഞു. ഭാരതത്തിന്റെ ദേശീയപതാക കൈയിലേന്തിയപ്പോള്‍ ഉണ്ടായ അഭിമാനവും, ആ വികാരവും വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നും അഫ്സല് ജന്മഭൂമിയോട് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് തിരിച്ചെത്തിയ താരങ്ങള്‍ക്ക് മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ നല്കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ കായിക താരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ്. രാജ്യത്തിന് വേണ്ടി കൂടുതല്‍ മെഡലുകള്‍ നേടാന്‍ കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യേകം ആശംസിച്ചു. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു. അല്പനേരമാണെങ്കിലും പ്രധാനമന്ത്രി മോദിക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കരുത്ത് പകരുന്നതാണെന്നും അഫ്സല് കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററിലാണ് മുഹമ്മദ് അഫ്സല് വെള്ളി മെഡല്‍ നേടിയത്. രണ്ടു വര്‍ഷം മുമ്പ് തന്നെ പരിശീലനം തുടങ്ങിയിരുന്നുവെങ്കിലും ആറുമാസം മുമ്പാണ് ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുള്ള കഠിന പരിശ്രമം തുടങ്ങിയത്.
പറളി ഹൈസ്കൂളില്‍ നിന്നാണ് അഫ്സലിന്റെ തുടക്കം. സാഫ് ഗെയിംസില്‍ 800 മീറ്ററില്‍ വെള്ളിനേടിയിട്ടുണ്ട്. തന്റെ വിജയത്തിന് പിന്നില്‍ പറളി സ്കൂളിലെ പരിശീലകനായ പി.ജി. മനോജും, ഇപ്പോഴത്തെ പരിശീലകന് അജിത്തുമാണെന്ന് അഫിസല്‍ പറഞ്ഞു. പിതാവ് ബഷീര്‍ 100,400 മീറ്ററുകളില്‍ സംസ്ഥാനതലമത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അമ്മ ഹസീന 100, 200 മീറ്ററുകളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. ഇന്നലെ ദല്‍ഹിയില്‍ നിന്നെത്തിയ മുഹമ്മദ് അഫ്സല് പറളി സ്കൂള്‍ നല്കിയ സ്വീകരണത്തിലാണ് ആദ്യം പങ്കെടുത്തത്. അടുത്തദിവസം മുതല്‍ ഒളിമ്പിക്സിനുള്ള പരിശീലനം ആരംഭിക്കുമെന്നും അഫ്സല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: