റായ്പൂര്‍: ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ രണ്ട് വനവാസി ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു. കുടിവെള്ളവും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആരോപിച്ചാണ് ബഹിഷ്കരണം. റാംപൂര്‍ നിയോജകമണ്ഡലത്തിലെ കേരകച്ചാര്‍ വില്ലേജിലെ സര്ദിഹ്, ബാഗ്ധാരിദന്ദ് ഗ്രാമങ്ങളിലെ ഗോത്ര സമൂഹമാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളും ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കോര്‍ബ നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ സ്ഥിതിചെയ്യുന്ന കേരകച്ചാര്‍ ഗ്രാമത്തിലെ രണ്ട് ഗ്രാമങ്ങളില്‍ നൂറ്റിയമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കുടിവെള്ളം, വൈദ്യുതി, മൊബൈല്‍ ടവര്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഞങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്നു.
എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഞങ്ങളെ ഗൗനിച്ചില്ല. ഈ രണ്ട് ഗ്രാമങ്ങളിലുള്ളവര്‍ സമീപ ഗ്രാമങ്ങളില്‍ നിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. ഇവിടേക്ക് റോഡുകളുമില്ല, രാഷ്ട്രീയക്കാരുടെ പൊള്ളയായ വാദ്ഗാനങ്ങള്‍ ഇനി ഫലിക്കില്ല. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് വോട്ട് ബഹിഷ്കരിക്കുന്നത്, പഹാഡി കോര്‍വ സമുദായങ്ങളില്‍പെട്ടവര്‍ പറയുന്നു. അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ബഹിഷ്കരണ ആഹ്വാനം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: