റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന യോഗത്തില്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. യോഗത്തിനിടെ ഗെയിം കളിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം ബിജെപി പുറത്തുവിട്ടു.
ചൊവ്വാഴ്ച രാത്രി തലസ്ഥാനമായ റായ്പൂരിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസായ രാജീവ് ഭവനിലാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറാക്കാന്‍ സ്ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് സംസ്ഥാന ഇന്‍ചാര്‍ജ് കുമാരി സെല്‍ജ, സംസ്ഥാന അധ്യക്ഷന്‍ ദീപക് ബൈജ്, സ്ക്രീനിങ് കമ്മിറ്റി ചെയര്മാന് അജയ് മാക്കന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ബിജെപി ദേശീയ ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ ചിത്രം പോസ്റ്റ് ചെയ്തു. ‘എത്ര ശ്രമിച്ചാലും വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ വരില്ലെന്ന് അറിയാവുന്നതിനാല്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും വിശ്രമത്തിലാണ്. ഒരുപക്ഷേ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട യോഗത്തില്‍ ശ്രദ്ധിക്കുന്നതിനുപകരം, കാന്‍ഡി ക്രഷ് കളിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കരുതി, ദൃശ്യത്തിനൊപ്പം അമിത് മാളവ്യ കുറിച്ചു.
ഛത്തീസ്ഗഡിലെ പരമ്പരാഗത കളികള്‍ക്കൊപ്പം കാന്‍ഡി ക്രഷും തന്റെ പ്രിയപ്പെട്ട കളികളിലൊന്നാണെന്ന് ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചു. ഇതുവരെ വിവിധ ലെവലുകള്‍ മറികടന്നിട്ടുണ്ട്. അതിനിയും തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി പ്രചരിപ്പിക്കുന്നത് യോഗത്തിന് മുമ്പെടുത്ത ചിത്രമാണെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണം നടത്തിയ ഭൂപേഷ് ബാഗേല്‍ ആരാണ് അധികാരത്തില്‍ തുടരേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും പറഞ്ഞു.
നവംബര്‍ ഏഴ്, 17 എന്നീ തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ഇതുവരെ 90 അംഗ നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ബിജെപി 85 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: