ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അടുത്തടുത്ത ദിവസങ്ങളില്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. കോഴിക്കോട് കേസരി ഭവനില്‍ നടന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവതും, വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആര്‍എസ്എസ് സാംഘിക്കില്‍ ഹൊസബാളെയും പറഞ്ഞ ചില കാര്യങ്ങള്‍ മലയാളികള്‍ കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന പതിവ് വായ്ത്താരികളില്‍നിന്ന് വ്യത്യസ്തമായിരുന്നു.
”വൈവിധ്യങ്ങള്‍ക്കെല്ലാം ഉപരിയായി നമുക്ക് അനാദിയായ ഒരു സംസ്കാരമുണ്ട്. അതുതന്നെയാണ് ഹിന്ദുത്വം. ആര്‍എസ്എസ് ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ കാരണം ഭാരതത്തിലുള്ളവരെല്ലാം സാംസ്കാരികമായി ഹിന്ദുക്കളായതിനാലാണ്. ആഗോള കമ്പോളം എന്നല്ലാതെ ആഗോള കുടുംബം എന്നു കേട്ടിട്ടില്ലാത്ത വിദേശ രാജ്യങ്ങള്‍ ജി-20 ഉച്ചകോടിയില്‍ ‘വസുധൈവ കുടുംബകം’ എന്നു കേട്ടപ്പോള്‍ അത് ആവേശത്തോടെയാണ് ഉള്‍ക്കൊണ്ടത്. ഈ സങ്കല്‍പ്പം ലോകത്ത് പ്രാവര്‍ത്തികമാക്കാന്‍ ഭാരതം നിലനില്‍ക്കണം. അതാണ് ഹിന്ദുത്വത്തിന്റെ മഹത്വം.” ഇതാണ് ‘ആര്‍എസ്എസിന്റെ സംഘടനാ രീതിശാസ്ത്രം’ എന്ന വിഷയം അവതരിപ്പിച്ച് മോഹന്‍ ഭാഗവത് പറഞ്ഞത്. ”സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അസ്പൃശ്യതയ്ക്കെതിരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യജീവിതത്തിന്റെ ഒരു മേഖലയിലും ഭിന്നത പാടില്ല. പൊതുകിണറുകള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവയെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ്” എന്നാണ് ഹൊസബാളെ വ്യക്തമാക്കിയത്.
ഹിന്ദുധര്‍മത്തെ ലക്ഷ്യം വച്ച് ആര്‍എസ്എസിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാനമായ ചില ആരോപണങ്ങള്‍ക്കുള്ള മറുപടി സര് സംഘചാലകിന്റെയും സര്കാര്യവാഹിന്റെയും വാക്കുകളിലുണ്ട്. ലളിതവും സുതാര്യവുമായ ഭാഷയില്‍ ഹിന്ദുത്വത്തിന്റെ സാമൂഹ്യവും ദേശീയവും ആഗോളവുമായ മാനങ്ങളെക്കുറിച്ചാണ് ഇരുവരും പറഞ്ഞത്.
ജലാശയങ്ങളും ശ്മശാനങ്ങളുമൊക്കെ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണെന്ന് കേരളത്തില്‍ വന്ന് പറയേണ്ടതുണ്ടോ എന്നാണ് ചോദ്യമെങ്കില്‍, തീര്‍ച്ചയായും ഉണ്ട് എന്നുതന്നെയാണ് മറുപടി. ജാതീയമായ വിവേചനങ്ങളുടെ പേരില്‍ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുകയും കുടിവെള്ളം നിഷേധിക്കുകയും, ശ്മശാനങ്ങളില്‍ വിലക്കുവരികയും വധൂവരന്മാര് കൊലചെയ്യപ്പെടുകയുമൊക്കെ ചെയ്യുന്ന എത്രയോ സംഭവങ്ങളാണ് വാര്ത്തകളാവാറുള്ളത്. എന്നിട്ടും ഇതൊക്കെ അയല്‍ സംസ്ഥാനങ്ങളിലും അങ്ങ് ഉത്തരേന്ത്യയിലും മാത്രമാണുള്ളതെന്ന തെറ്റായ ഒരു പൊതുബോധം നിലനില്ക്കുന്നു. ‘പുരോഗമന കേരളത്തില്‍’ ഇത്തരം വിവേചനങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നുവെങ്കില് ഒരു കാര്യം ഉറപ്പാണ്, മറ്റിടങ്ങളില്‍ അപ്രത്യക്ഷമായാലും ഇവിടെ അതൊക്കെ തുടരും. ആര്‍ക്കൊക്കെയാണ് ഇതിന്റെ ഉത്തരവാദിത്വം?
ജാതി വിവേചനങ്ങള്‍ക്കെതിരെ ശബ്ദിക്കണമെങ്കില്‍ രാഷ്ട്രീയ താല്‍പ്പര്യം മാത്രം പോരാ. സ്നേഹവും ആര്‍ജവവും സ്വാതന്ത്ര്യദാഹവും നീതിബോധവും വേണം. ‘ജാതിവ്യവസ്ഥ വേരോടെ പിഴുതെറിയപ്പെടണം’ എന്ന് പൂനെയിലെ ‘വസന്താഖ്യാനമാല’ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് പ്രഖ്യാപിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ബാലാ സാഹെബ ദേവറസിന് ഇതെല്ലാമുണ്ടായിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഒരു നേതാവും ഇങ്ങനെയൊരു ധീരത പ്രകടിപ്പിച്ചതായി കാണുന്നില്ല. ഇതുകൊണ്ടാണ് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും പ്രവേശിക്കാന്‍ കഴിയാതെ പോയത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രമെടുത്താല്‍ ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ ഈ പാര്‍ട്ടികളൊന്നും ധീരമായി ശബ്ദിച്ചിട്ടില്ലെന്നു മാത്രമല്ല, അതിനു ശ്രമിച്ചവര്‍ പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്തു. പി. ഗംഗാധരനും കെ.ആര്. ഗൗരിയമ്മയ്ക്കും കല്ലേന്‍ പൊക്കുടനുമൊക്കെ സംഭവിച്ചത് ഇതാണല്ലോ. സിപിഎമ്മിന്റെ ഈ പശ്ചാത്തലം മന്ത്രി കെ. രാധാകൃഷ്ണന് പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രത്തില്‍ ജാതീയമായ വിവേചനം നേരിട്ടു എന്നുപറയുന്നതിനും ബാധകമാണ്. ക്ഷേത്ര നടപ്പന്തല്‍ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് ജാതീയമായ വിവേചനം നേരിടേണ്ടി വന്നുവോയെന്നത് ആ പരിപാടിയുടെ ദൃശ്യം കാണുന്നവര്‍ക്ക് ബോധ്യമാവും. ഇവിടെ ഉന്നയിക്കുന്നത് മറ്റൊരു പ്രശ്മാണ്.
താന്‍ നേരിട്ട് അനുഭവിച്ച ഒരു അനീതിയെക്കുറിച്ച് പറയാന്‍ അധികാരം കയ്യാളുന്ന ഒരു മന്ത്രിക്ക്, അതും പട്ടികജാതിക്കാരനും ആ വകുപ്പ് ഭരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ആറുമാസം വേണ്ടിവന്നു എന്ന ചോദ്യത്തിന് മന്ത്രി നല്കിയ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. എന്താണ് മന്ത്രിയെയും ആ ചടങ്ങില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയെയും മറ്റ് സിപിഎം നേതാക്കളെയും നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതരാക്കിയത്? ഇത് സിപിഎമ്മിലെ ജാത്യവ്യവസ്ഥയല്ലാതെ മറ്റൊന്നുമല്ല. സിപിഎമ്മില്‍ ജാതിവ്യവസ്ഥയോ എന്നു ചോദിക്കാന്‍ വരട്ടെ.
മന്ത്രിക്കെതിരെ ജാതീയമായ വിവേചനമുണ്ടായി എന്നുപറയുന്ന ക്ഷേത്രത്തിന്റെ ഭരണോപദേശ സമിതിക്ക് നേതൃത്വം നല്‍കുന്നത് സിപിഎമ്മുകാരാണ്. ഉദ്ഘാടനത്തിന് നിലവിളക്കു തെളിക്കാനുള്ള ദീപം മന്ത്രിയുടെ കയ്യില്‍ കൊടുക്കാതിരുന്ന പൂജാരിമാരും സിപിഎമ്മുകാരാണ്. സംഭവം നടന്ന ക്ഷേത്രം ഉള്‍പ്പെടുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നതും സിപിഎം.
ദേവസ്വം മന്ത്രിയായിരുന്നിട്ടും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് രാധാകൃഷ്ണന് മാസങ്ങളോളം പ്രതികരിക്കാതിരുന്നതിന്റെ കാരണം ഇതൊക്കെയാണ്. വിമര്‍ശിക്കേണ്ടി വരുന്നത് പൂജാരി മുതല്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് വരെയുള്ള സ്വന്തം പാര്ട്ടിക്കാരെയാണല്ലോ.
ഒരു രാഷ്ട്രീയ നേതാവും ഭരണാധികാരിയുമെന്ന നിലയ്ക്ക് കെ. രാധാകൃഷ്ണന്റെ ആദര്‍ശരാഹിത്യത്തിന്റെ പ്രശ്നംകൂടി ഇതിലുണ്ട്. രാധാകൃഷ്ണന് സിപിഎമ്മിന്റെ പ്രമുഖ നേതാവാണ്. വിദ്യാസമ്പന്നന്‍. താഴെത്തട്ടു മുതല്‍ പ്രവര്‍ത്തിച്ചുവന്നയാള്‍. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ നേതൃപദവികളിലിരുന്നയാള്. ജില്ലാ സെക്രട്ടറി, എംഎല്‍എ, മന്ത്രി, നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചയാള്‍. ഇത്രയൊക്കെ അനുഭവ സമ്പത്തും കാര്യപ്രാപ്തിയുമുണ്ടായിട്ടും രണ്ടാമതും മന്ത്രിയാവാന്‍ അവസരം ലഭിച്ചപ്പോള്‍ രാധാകൃഷ്ണന് നല്‍കിയത് മുന്‍പ് കൈകാര്യം ചെയ്തിരുന്ന പട്ടികജാതി ക്ഷേമവും പിന്നെ ദേവസ്വവുമാണ്. തുടക്കക്കാരും പരിചയ സമ്പത്തില്ലാത്തവരുമായ പലര്‍ക്കും രാധാകൃഷ്ണന്റെ തലയ്ക്കു മുകളിലൂടെ കനപ്പെട്ട വകുപ്പുകള്‍ നിഷ്പ്രയാസം ലഭിച്ചു. ഇതും പോരാഞ്ഞ് രാധാകൃഷ്ണന്റെ ഓഫീസില്‍ മുന്‍ എംപി എ. സമ്പത്തിനെ സെക്രട്ടറിയാക്കി വച്ച് സൂപ്പര്‍ മന്ത്രിയുടെ പദവി നല്കി. ഈ ഇകഴ്ത്തലിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടും പാര്‍ട്ടിയോ രാധാകൃഷ്ണനോ പ്രതികരിച്ചില്ല. 1957ലെ ഇഎംഎസിന്റെ മന്ത്രിസഭയില്‍ ചാത്തന് മാസ്റ്റര്‍ക്കും പിന്നീട് എം.കെ. കൃഷ്ണനും പട്ടികജാതി വകുപ്പുതന്നെ നല്‍കിയതിലും, ഒന്നാം പിണറായി സര്‍ക്കാരില്‍ ഈ വകുപ്പ് എ.കെ. ബാലനില്‍ നിക്ഷിപ്തമാക്കിയതിലും പാര്‍ട്ടിയുടെ ജാതിവിവേചനമുണ്ട്. ഇവരെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കാതിരുന്നതും ഇതുകൊണ്ടുതന്നെ.
സമൂഹത്തില്‍ ജാതിയുണ്ട്, ജാതീയമായ വിവേചനങ്ങളുമുണ്ട്. ഇല്ലെന്നു പറയുന്നവര്‍ വിഡ്ഢികളോ കാപട്യക്കാരോ ആണ്. ഇത്തരം വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങളില്‍ അത് നിലനില്ക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നിടത്താണ് പ്രശ്നം. ജാതീയമായ വിവേചനങ്ങള്‍ മാറ്റാന്‍ യാതൊന്നും ചെയ്യാതെ ‘സമൂഹം അതിന് പാകമായിട്ടില്ല’ എന്നുപറയുന്ന കമ്യൂണിസ്റ്റുകളെ കാണാം. ഇവര്‍ ജാതീയതയുടെ സൂക്ഷിപ്പുകാരാണ്. അതിന്റെ ഗുണഭോക്താക്കളുമായിരിക്കും. ഇവര്‍ ജാതീയമായ കുറുമുന്നണികളുണ്ടാക്കി പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കും. സിപിഎമ്മിന്റെ ചരിത്രത്തിലുടനീളം കാണുന്ന പ്രവണതയാണിത്. ഇതുകൊണ്ടാണ് പാര്‍ട്ടിയിലെ ‘ബ്രാഹ്മണാധിപത്യത്തെ’ വിമര്‍ശിച്ച് പി. ഗംഗാധരന് വിട്ടുപോയത്. ഇതുകൊണ്ടാണ് സിപിഎമ്മിന്റെ ഉന്നത സമിതിയില്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് ജാതീയമായ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇരകള്‍തന്നെ ഇക്കാര്യം നേരിട്ടു പറഞ്ഞപ്പോഴും പാര്‍ട്ടി തമ്പുരാക്കന്മാര് ഇതൊക്കെ നിഷേധിച്ചു പോന്നു.
ക്ഷേത്രങ്ങളാണ് ജാതിവിവേചനങ്ങള്‍ നിലനിര്‍ത്തുന്നത് എന്ന ആക്ഷേപങ്ങളിലും ഇടതുപാര്‍ട്ടികളും സിപിഎമ്മും പ്രതിക്കൂട്ടില്‍ നില്ക്കുന്നതു കാണാം. ആരാധനാ സ്വാതന്ത്ര്യത്തിനുപരി പൂജാധികാരത്തിനും തന്ത്രാധികാരത്തിനുമുള്ള അവകാശം ജാതിഭേദമില്ലാതെ ഹിന്ദുക്കള്‍ക്ക് ലഭിക്കണം എന്നതാണ് ഹിന്ദുത്വസംഘടനകളുടെ നിലപാട്. എന്നാല്‍ സിപിഎം ഇതിനോട് ഒരുകാലത്തും അനുഭാവം പുലര്‍ത്തിയിട്ടില്ല. ഇതിന് എതിരു നിന്നിട്ടുള്ള നിരവധി സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. പറവൂര്‍ ശ്രീധരന് തന്ത്രിയുടെ മകന് എല്ലാ യോഗ്യതകളുമുണ്ടായിരുന്നിട്ടും ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കുന്നതിനെതിരെ യാഥാസ്ഥിതികര്‍ക്കൊപ്പം നില്‍ക്കുകയാണ് സിപിഎം ചെയ്തത്.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലുള്ള സ്വകാര്യ ക്ഷേത്രങ്ങളില്‍ പതിറ്റാണ്ടുകളായി ജാതിവിവേചനം നിലനിര്‍ത്തുന്നത് സിപിഎമ്മന്റെ പിന്തുണയോടെയാണ്. ഇത് പലപ്പോഴും വിവാദമായിട്ടുണ്ട്. കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള രണ്ട് പ്രമുഖ ക്ഷേത്രങ്ങളുടെ ഭരണസമിതിയില്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കു മാത്രമാണ് പ്രവേശനം. ഇതില്‍ തന്നെ ഉപജാതി വേര്‍തിരിവ് കൊണ്ടുവന്നത് കേസാവുകയും കോടതി കയറുകയും ചെയ്തു. സ്വന്തം നാട്ടിലെ ഈ അസ്പൃശ്യത മന്ത്രി രാധാകൃഷ്ണന് കണ്ടഭാവം നടിക്കുന്നില്ല. ജാതിവിരുദ്ധമായ വാചകക്കസര്‍ത്തുകള്‍കൊണ്ട് ജാതീയമായ വിവേചനങ്ങള്‍ മൂടിവയ്ക്കപ്പെടാറുണ്ട്. സിപിഎം ജാതിവിരുദ്ധമായി പറയുന്നതിന്റെയെല്ലാം താല്‍പ്പര്യം അത് നിലനിര്‍ത്തുകയെന്നതാണ്. ജാതിരാഷ്ട്രീയം പ്രയോഗിക്കുന്നതില്‍ സിപിഎം ഓള്‍റൗണ്ടറാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതലുള്ള ചരിത്രം അതിന് പറയാനുണ്ട്. ഇതൊരു ഗവേഷണ വിഷയമാണ്.
പാര്‍ട്ടി നേതൃത്വത്തില്‍ ജാത്യഭിമാനം ഒരു ഒരു ഘടകമാണെന്ന് ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’ എന്ന ആത്മകഥയില്‍ വി.വിശ്വനാഥ മേനോന്, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി പറയുന്നുണ്ട്. വ്യക്തിപരമായ സ്നേഹബഹുമാനങ്ങള് ഉള്ളതുകൊണ്ട് പല കമ്യൂണിസ്റ്റുകളെക്കുറിച്ചും ഇത്തരം തുറന്നു പറച്ചിലുകള്‍ ഉണ്ടായിട്ടില്ലെന്നു മാത്രം. പ്രസിദ്ധീകരിക്കാനിരിക്കുന്ന എം.എം.ലോറന്‍സിന്റെ ആത്മകഥയില്‍ ഏതൊക്കെ വിഗ്രഹങ്ങള്‍ തകരുമെന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: