സി.എസ്. ഭരതന്
കൊച്ചി: കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന് പുരസ്കാരം സുരേഷ് ഗോപിക്കു സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടതായി പ്രശസ്ത സാഹിത്യകാരന് പ്രൊഫ. എം.കെ. സാനു ജന്മഭൂമിയോടു പറഞ്ഞു. എം.കെ. സാനുവിനു
പകരം സി. രാധാകൃഷ്ണനാണ് സുരേഷ് ഗോപിക്കു പുരസ്കാരം കൊടുത്തത്. പുകസയുടെ വികാരത്തെ മാനിച്ചാണ് ചടങ്ങില്‍ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
”സുരേഷ് ഗോപിയുടെ അമ്മ എന്റെ മിടുക്കരായ വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു. മരണം വരെ അവരുമായി സംസാരിക്കുമായിരുന്നു. ആ സ്നേഹം മുഴുവന്‍ സുരേഷ് ഗോപിക്ക് ഞാന്‍ നല്‍കിയിട്ടുണ്ട്. അക്കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാതിരിക്കുന്നതല്ലേ നല്ലതെന്നും തോന്നുന്നുണ്ട്.”- അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടായോയെന്ന ചോദ്യത്തിന് ”അതെക്കുറിച്ച് കൂടുതലൊന്നും ചോദിക്കരുത്, എന്നായിരുന്നു മറുപടി.”പോകരുതെന്ന് പുകസ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കു വിഷമമുണ്ടാക്കേണ്ടെന്ന് കരുതിയാണ് പോകാതിരുന്നത്. അതൊരു നിര്‍ഭാഗ്യകരമായ സംഭവമായി. അതേക്കുറിച്ച് ഇനി വിശദീകരിക്കാന്‍ ഞാനില്ല,” അദ്ദേഹം പറഞ്ഞു.
ചടങ്ങിന് വരാനാകില്ലെന്ന് ഏതാനും ദിവസം മുമ്പ് എം.കെ. സാനു സംഘാടകരെ അറിയിച്ചിരുന്നു. പുകസ ഭാരവാഹികള്‍ നേരിട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചടങ്ങില്‍നിന്ന് വിട്ടുനില്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ഇതുവരെ ആരും കേള്‍ക്കാത്ത സംഘടനയാണ് പുരസ്കാരം പ്രഖ്യാപിച്ചതെന്നും സുരേഷ് ഗോപിയുടെ പാര്‍ട്ടി പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സാനു മാഷിനെ അറിയിച്ചിരുന്നതായി പുകസ ജില്ലാ സെക്രട്ടറി ജോഷി ഡോണ്‍ ബോസ്കോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: