മാറനല്ലൂര്‍: സിപിഎം നേതാവായ ബ്ലോക്ക് അംഗം മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി. വെള്ളനാട് ബ്ലോക്ക് അംഗം രമേശ് ആണ് മദ്യപിച്ച് ലക്കുകെട്ട് വാഹനാപകടമുണ്ടാക്കിയത്. ബ്ലോക്ക് മെമ്പറെ നാട്ടുകാര്‍ തടത്ത് വെച്ച് പോലീസിന് കൈമാറി. മെഡിക്കല്‍ പരിശോധന നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം അവഗണിച്ച പോലീസ് ഇയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി. ഇരുചക്രവാഹനം വിളിച്ചുവരുത്തി രമേശ് സ്ഥലത്തുനിന്ന് മുങ്ങി.
ശനിയാഴ്ച രാത്രി 12.30 ന് കുറ്റിച്ചലില്‍ നിന്നും കോട്ടൂരില്ലേക്ക് പോവുകയായിരുന്ന മാരുതി സിഫ്റ്റ് വാഹനം ചപ്പാത്തില്‍ നിന്ന് കുറ്റിച്ചലിലേക്ക് പോയ നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയെ അരികില്‍ എന്ന സ്ഥലത്ത് വച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. കാര്‍ വട്ടംകറങ്ങി നിന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ അറിയിച്ചു. പോലീസ് എത്തിയതോടെയാണ് ഡ്രൈവര്‍ സിപിഎം നേതാവായ വെള്ളനാട് ബ്ലോക്ക് അംഗം രമേശ് ആണെന്ന് തിരിച്ചറിഞ്ഞത്.
നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് രണ്ട് മദ്യ കുപ്പികളും ഗ്ലാസ്സും കണ്ടെത്തി. ഇതോടെ വാഹനം ഓടിച്ചിരുന്ന ബ്ലോക്ക് മെമ്പര്‍ രമേശനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ ചിലര്‍ രമേശിനെ ബൈക്കില്‍ കയറ്റി സംഭവസ്ഥലത്ത് നിന്നു മാറ്റി. പോലീസ് ബോധപൂര്‍വ്വം ബ്ലോക്ക് അംഗത്തെ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവര്‍ നെടുമങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: