ആലപ്പുഴ: വയലാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ കടുത്ത പ്രതികരണവുമായി കവി ശ്രീകുമാരന്‍ തമ്പി. യഥാര്‍ത്ഥ പ്രതിഭയെ തോല്‍പ്പിക്കാനാവില്ലെന്ന് ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
നാല് തവണ വയലാര്‍ അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതാണ്. തനിക്കാണ് അവാര്‍ഡെന്ന് ട്രസ്റ്റ് സെക്രട്ടറി വിളിച്ചു പറയുകയും ചെയ്തു. പിന്നീട് മനപ്പൂര്‍വം ഒഴിവാക്കി. പിറ്റേന്ന് വിളിച്ച് ചില പ്രശ്നങ്ങളുണ്ട്. അടുത്ത തവണ തരുമെന്ന് പറഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തി. കായംകുളത്ത് പ്രഥമ രാജരാജവര്‍മ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം.
മുപ്പത്തൊന്നാം വയസ്സില്‍ തനിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അന്ന് ഒരു മഹാകവി ഇടപെട്ട് തന്റെ പേര് വെട്ടി. അവന് മലയാളത്തിലെ മുഴുവന്‍ അക്ഷരവും പഠിക്കട്ടെ എന്നാണ് അന്ന് പറഞ്ഞത്. മുഴുവന്‍ അക്ഷരവും പഠിക്കാത്ത ഞാന്‍ പിന്നീട് ആ മഹാകവിയെക്കാള്‍ ഗാനങ്ങളെഴുതി. എന്നെങ്കിലും സത്യം വിജയിക്കുമെന്ന് തെളിഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. എന്നെ സംബന്ധിച്ചിടത്തോളം ഈ അവാര്‍ഡ് കിട്ടിയില്ലെങ്കിലും ശ്രീകുമാരന്‍ തമ്പിക്കൊപ്പം ജനങ്ങളുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഞാന്‍ ആരാണെന്ന് ജനങ്ങളാണ് തിരുമാനിക്കുന്നത് അവാര്‍ഡുകളല്ല. എന്റെ കവിത എന്താണ്, പാട്ടുകളെന്താണ്, ആത്മകഥ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. എല്ലാത്തിനും സാക്ഷി കാലമാണ്. എന്നോടൊപ്പം ജനങ്ങളും എന്റെ പാട്ടുകളും ഉണ്ട്. ഇപ്പോള്‍ എന്നെ ഒഴിവാക്കാന്‍ കഴിയാത്തതിനാലാണ് അവാര്‍ഡ് ലഭിച്ചത്. യഥാര്‍ത്ഥ പ്രതിഭയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: