ഹൊസൂര്‍: ജര്‍മ്മന്‍ കാര്‍കമ്പനിയായ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ഇരുചക്രവാഹനമായ ബിഎംഡബ്ല്യു സിഇ02 വിന്റെ ഉല്പാദനം ടിവിഎസ് മോട്ടോഴ്സ് ആരംഭിച്ചു. ടിവിഎസിന്റെ ബെംഗളൂരുവില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഹൊസൂര്‍ പ്ലാന്റിലാണ് നിര്‍മ്മാണം ആരംഭിച്ചത്.
മോട്ടോര്‍ സൈക്കിള്‍ ഡിവിഷനായ ബിഎം ഡബ്ല്യൂ മോട്ടോറാഡ് ആണ് ഈ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്കുള്ള ഇലക്ട്രിക് സ്കൂട്ടറുകളാണ് ഉല്പാദിപ്പിക്കുന്നത്. ബൈക്കിനും സ്കൂട്ടറിനും ഇടയിലുള്ള അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുന്ന ഒന്നാണ് ബിഎംഡബ്ല്യുവിന്റെ സിഇ 02. 7559 ഡോളര്‍ മാത്രമാണ് വില.
95 കിലോമീറ്ററാണ് ഇതിന്റെ കൂടിയ വേഗത. നഗരത്തില്‍ ഓടിക്കാവുന്ന ഇലക്ട്രിക് ബൈക് എന്നതാണ് സങ്കല്പം. 11 കിലോവാട്ടാണ് പരമാവധി പവര്‍. യൂറോപ്യന്‍ വിപണിയില്‍ 2024 ഏപ്രിലില്‍ ഇത് പുറത്തിറങ്ങും. അവിടെ 8500 യൂറോ മാത്രമാണ് വില. ഇവ ഇന്ത്യയില്‍ ഇറക്കാനുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്കുകള്‍ക്ക് നല്ല ഡിമാന്റുണ്ടെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് മേധാവി മാര്‍കസ് സ്ക്രാം പറയുന്നു.
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എഞ്ചിനീയറിംഗ്, ഉല്പാദന പങ്കാളിയാണ് ടിവിഎസ്. ഈ പങ്കാളിത്തം പത്ത് വര്‍ഷമായി തുടരുന്നു. ബിഎംഡബ്ല്യു മോട്ടോറാഡും ടിവിഎസും ഉല്പാദനത്തിനുള്ള കരാര്‍ ഒപ്പുവെച്ചത് 2013ല്‍ ആണ്. ആഗോളവിപണിക്ക് വേണ്ടിയുള്ള 500 സിസിയില്‍ താഴെയുള്ള വൈക്കുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ഈ പങ്കാളിത്തത്തില്‍ നിന്നും ജി310 ആര്, 310 ജിഎസ്, ജി310ആര്‍ആര്‍ എന്നിവ ടിവിഎസ് നിര്‍മ്മിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡിന് ആഗോള വിപണിക്ക് വേണ്ട 12 ശതമാനം ഇരുചക്രവാഹനങ്ങളും നിര്‍മ്മിക്കുന്നത് ടിവിഎസ് ആണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ കെ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. ജപ്പാന്, ചൈന, ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, യുഎസ്എ എന്നിവിടങ്ങളില്‍ ഇവിടെ നിന്നുള്ള ഏകദേശം ഒന്നരലക്ഷം ബൈക്കുകള്‍ വിറ്റുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: