ആലപ്പുഴ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇ.പി. ജയരാജന് പിന്നാലെ സിപിഎം നിലപാടിനെ വിമര്‍ശിച്ച് മുന്‍ സഹകരണ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരനും രംഗത്ത്. കുറ്റക്കാരെ മുളയിലേ നുള്ളിക്കളയുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്ന് സ്വകാര്യ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. കേസില്‍ പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായി. കുറ്റം ചെയ്തത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ തയാറാകണം. കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇ ഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസമില്ല. എം.കെ കണ്ണന് കാര്യങ്ങള്‍ ഇ ഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തിലെ വീഴ്ചയുടെ പേരിലുണ്ടായ പാര്‍ട്ടി നടപടിയില്‍ അന്വേഷണ കമ്മിഷനെ സുധാകരന് വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇപ്പോള്‍ ജയിച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചത് താനാണ്. എന്നിട്ടും താന്‍ ഒന്നും ചെയ്തില്ലെന്ന് എളമരം കരീം എഴുതിവച്ചെന്നും സുധാകരന് തുറന്നടിച്ചു.
24 പേജ് എഴുതികൊടുത്തു. തന്റെ വിശദീകരണത്തില്‍ ഒരു വരിപോലും എളമരം കരീം അംഗീകരിച്ചില്ല. അപ്പോള്‍ ചിലത് മനസിലായി. എന്നാലത് ഇപ്പോള്‍ പറയുന്നില്ല. ഞാന്‍ പ്രതിഷേധിച്ചില്ല. സംസ്ഥാന കമ്മിറ്റിയില്‍ പറയാനുള്ളത് ശക്തമായി പറഞ്ഞു. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുമെന്നും സുധാകരന് വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാരെ ന്യായീകരിച്ചും ഇ ഡിയേയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചും മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രംഗത്തുവന്നതിന് പിന്നാലെയാണ് ഇവരുടെ നിലപാടിനെ പരസ്യമായി തള്ളി മുന്‍ സഹകരണ മന്ത്രി തന്നെ രംഗത്തെത്തിയത്.
നേരത്തെ കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജനും ഇതേ നിലപാട് പരസ്യമായി പറഞ്ഞിരുന്നു. സഹകരണ തട്ടിപ്പില്‍ സിപിഎമ്മില്‍ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇരുവരുടേയും തുറന്നുപറച്ചിലുകള്‍. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജി. സുധാകരന് ഒന്നാം പിണറായി സര്‍ക്കാരില്‍ സഹകരണ വകുപ്പിന്റെ ചുമതല കൊടുത്തിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പോലും നല്‍കാതെയും ഒതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: