ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബൊമ്മസാന്ദ്ര- ആര്.വി. റോഡ് യെല്ലോ ലൈന്‍ അടുത്തവര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കും. 2024 ഫെബ്രുവരിയില്‍ പാത പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബെംഗളൂരു സൗത്ത് എം.പി.തേജസ്വി സൂര്യ അറിയിച്ചു.
2024 ഫെബ്രുവരിയോടെ പണി പൂര്‍ത്തിയാക്കി ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സൂര്യ പറഞ്ഞു. 18.8 കിലോമീറ്ററാണ് പാതയുടെ ദൂരം. ബൊമ്മസാന്ദ്രയെ ആര്‍വി റോഡ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയില്‍ 16 സ്റ്റേഷനുകളാണ് ഉള്ളത്. 2017ല്‍ മൂന്ന് പാക്കേജുകളിലായാണ് ഈ പ്രവൃത്തി ആരംഭിച്ചത്. 2021-ഓടെ പദ്ധതി പൂര്ത്തിയക്കെണ്ടതായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, ജയദേവ ആശുപത്രിക്ക് സമീപമുള്ള ബഹുനില മെട്രോസ്റ്റേഷന് നിര്‍മാണം, കോവിഡ് ലോക്ക്ഡൗണ്‍ എന്നിവ മൂലം പാതയുടെ നിര്‍മാണപ്രവൃത്തികള്‍ വൈകിയതു മൂലമാണ് പദ്ധതി നീണ്ടുപോയതെന്ന് സൂര്യ പറഞ്ഞു.
രാഷ്ട്രീയ വിദ്യാലയ റോഡ് (ആര്‍വി റോഡ്) മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനാണിത്. പാത സെപ്റ്റംബറില്‍ തുറക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതെ ന്ന് ബിഎംആര്‍സിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു. പാതയുടെയും 16 സ്റ്റേഷനുകളുടെയും നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. റാഗിഗുഡ്ഡയിലെ ഡബിള്‍ ഡെക്കര്‍ മേല്‍പാല നിര്‍മാണവും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡബിള്‍ ഡെക്കര്‍ മേല്പാലമാണിത്.
ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി, സില്‍ക്ക് ബോര്‍ഡ്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ യെല്ലോ ലൈന്‍ വഴിയൊരുക്കും. നാഷനല്‍ മൊബിലിറ്റി കാര്‍ഡ്, ക്യൂആര്‍ കോഡ് ടിക്കറ്റ് ഉള്‍പ്പെടെയുള്ള പുത്തന്‍ സംവിധാനങ്ങള്‍ ഐടി ജീവനക്കാര്‍ ഏറെയുള്ള ഇവിടെ കൂടുതല്‍ പേരെ മെട്രോയിലേക്ക് ആകര്‍ഷിക്കും. ഒപ്പം ഐടി പാര്‍ക്കുകളിലെ കമ്പനികളുമായി ചേര്‍ന്ന് പ്രത്യേക പാക്കേജുകളും ബിഎംആര്‍സിഎല്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യ പടിയായി നൂറില്‍ കൂടുതല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കു വിലക്കിഴിവ് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു.
ആര്‍വി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്പിറ്റല്‍, ബിടിഎം ലേഔട്ട്, സില്‍ക്ക് ബോര്‍ഡ്, ബൊമ്മനഹള്ളി, ഹൊങ്ങസാന്ദ്ര, ഹൊസ റോഡ്, ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്കൂര്‍ റോഡ്, ഹെബ്ബെഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് പാതയിലെസ്റ്റേഷനുകള്. ട്രാക്കുകളും സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാനഘട്ട മിനുക്കുപണികള്‍ പൂര്‍ത്തിയായതായി ബിഎംആര്‍സിഎല്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രോണിക്സ് സിറ്റിയുടെ ഭാഗത്തുള്ള ഈ ലൈന്‍, ജൂണില്‍ പൂര്‍ത്തിയാകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ പിന്നീട് സെപ്തംബറില്‍ തുറക്കുമെന്ന് അറിയിച്ചെങ്കിലും ഇതും നടന്നില്ല.
ഇതിനിടെ 2025ല്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ നിര്‍മാണത്തിന്റെ 25 ശതമാനം പൂര്‍ത്തിയായി. 58.19 കിലോമീറ്റര്‍ പാതയില്‍ 30 സ്റ്റേഷനുകളുണ്ട്. സില്‍ക്ക് ബോര്‍ഡ് കെആര്‍ പുരം വരെ(13സ്റ്റേഷനുകള്‍) കെആര്‍ പുരം വിമാനത്താവളം വരെ(17 സ്റ്റേഷനുകള്‍) എന്നിങ്ങനെ 2 ഘട്ടമായാണ് പാതയില്‍ നിര്‍മാണം പുരോഗമിക്കുന്നത്. 2025 ജൂണോടെ 175 കിലോമീറ്റര്‍ മെട്രോ ശൃംഖല നിര്‍മിക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നതെന്നും ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്ടര്‍
അഞ്ജും പര്‍വേസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: