ഗായത്രീമന്ത്രാര്‍ത്ഥം
പ്രണവത്തിന്റെ മാഹാത്മ്യത്തെ പരിഗണിച്ചു ആചാര്യന്മാര്‍ സകല ശ്രേഷ്ഠകര്‍മ്മങ്ങളിലും ഓംകാരത്തിനു മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു. ഇതു മന്ത്രങ്ങളുടെ സേതുവാണ്. ഈ പാലത്തിലൂടെ നടന്ന് മന്ത്രമാകുന്ന വഴി കടക്കാന്‍ സാധിക്കും. വഞ്ചി, പാലം എന്നിവയെ ആശ്രയിക്കാതെ വലിയ ജലാശയങ്ങള്‍ തരണംചെയ്യാന്‍ സാദ്ധ്യമല്ലാത്തതുപോലെ പ്രണവത്തെ ആശ്രയിക്കാതെ മന്ത്രസാഫല്യം ലഭിക്കുക കഠിനമാണ്. ആയതിനാല്‍ പ്രായേണ സകല മന്ത്രങ്ങളിലും, ഗായത്രീമന്ത്രത്തില്‍ വിശേഷിച്ചും മന്ത്രത്തിന്റെ ആദിയില്‍ പ്രണവം ഉച്ചരിക്കേണ്ടതാവശ്യമാണെന്നു കല്പിച്ചിരിക്കുന്നു.
“ക്ഷാരന്തി സര്‍വ്വം ചൈവ
യോ ജുഹോതി യജതിക്രിയാഃ
അക്ഷരമക്ഷയം ജ്ഞേയം
ബ്രഹ്മ ചൈവ പ്രജാപതിഃ”
ഓംകാരം കൂടാതെയുള്ള സകലകര്‍മ്മങ്ങളും യജ്ഞവും ജപവുമെല്ലാം നിഷ്ഫലമാണ്. ഓം അവിനാശിയായ, പ്രജാപതിയായ ബ്രഹ്മമാണെന്നു ധരിക്കണം.
പ്രണവം മന്ത്രാണാം സേതഃ
(വ്യാസന്‍)
പ്രണവം മന്ത്രങ്ങളുടെ പാലമാണ്, അതായത് മന്ത്രങ്ങള്‍ തരണം ചെയ്യാന്‍ പ്രണവം അത്യന്താപേക്ഷിതമാണ്.
യദോംകാരമകൃത്വാ കിഞ്ചിദാരഭ്യതേ
തദ് വജ്രോ ഭവതി
തസ്മാദ്വജ്രഭയാദ്
ഭീതമോംകാരം പൂര്‍വ്വമാരഭേദിതി
ഓംകാരം ഉച്ചരിക്കാതെ ചെയ്യുന്ന സകല കര്‍മ്മങ്ങളും വജ്രംപോലെ അതായത് നിഷ്ഫലമായിപ്പോകുന്നു. അതിനാല്‍ വജ്രഭയത്തെ ഓര്‍ത്ത് ആദ്യമായി ഓംകാരം ഉച്ചരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: