കൊവിഡ് വ്യാപനം രൂക്ഷമായി മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ മാസമാണ് ചൈന കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചത്. എന്നാല്‍ 2020ന്റെ പകുതി മുതല്‍ തന്നെ ഭാരതത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളും അവരുടെ പ്രസിദ്ധീകരണങ്ങളും ചൈനയുടെ കൊവിഡ് വ്യാപന പ്രതിരോധ സംവിധാനങ്ങളെപ്പറ്റിയും ഭാരതത്തെ ഇകഴ്ത്തിയും നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടേയിരുന്നു. ചൈനയിലെ ലാബില്‍ നിന്ന് പുറത്തേക്ക് പടര്‍ന്ന് ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ കൊവിഡ് വൈറസിനെ ഫലപ്രദമായി നേരിടുകയും വാക്സിനുകളടക്കം അതിവേഗത്തില്‍ കണ്ടെത്തുകയും ചെയ്ത രാജ്യമാണ് ഭാരതം. എന്നാല്‍ വൈറസ് വ്യാപനത്തിന് കാരണക്കാരായ ചൈനയെ വെള്ളപൂശി, അവരുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിച്ച് ഭാരതത്തിലെ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളും കമ്യൂണിസ്റ്റ് ബന്ധമുള്ള മാധ്യമങ്ങളും പ്രചാരണം തുടര്‍ന്നു.
കൊവിഡ് ബാധിച്ചവരെ വീടുകളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ ചൈനീസ് മാതൃക ലോകം ചര്‍ച്ച ചെയ്തതേയില്ല. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഇത്തരം ചൈനീസ് അനുകൂല മാധ്യമ പ്രചാരണത്തിന് ഭാരതത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ചൈനീസ് ഫണ്ടൊഴുകിയെത്തിയെന്ന കണ്ടെത്തലുകള്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ നടത്തിയിരിക്കുന്നു. ന്യൂസ് ക്ലിക്ക് എന്ന മാധ്യമ സ്ഥാപനത്തിന്റെ ദല്‍ഹിയിലെ ഓഫീസീലും അവരുടെ ജീവനക്കാരുടെ വീടുകളിലും ചൊവ്വാഴ്ച നടന്ന റെയ്ഡുകളും മറ്റും യഥാര്‍ത്ഥത്തില്‍ ചെന്നെത്തുന്നത് സിപിഐഎം എന്ന പാര്‍ട്ടിയിലേക്കും അവരുടെ നേതാക്കളിലേക്കും തന്നെയാണ്; ഒപ്പം യെച്ചൂരിയുടേയും മറ്റും സ്വാധീനത്തില്‍ രാഷ്ട്രീയനയങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസിലേക്കും.
ന്യൂയോര്‍ക്ക് ടൈംസ് ആഗസ്തില്‍ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിപിഎമ്മും കമ്യൂണിസ്റ്റ് ബന്ധമുള്ള മാധ്യമ സ്ഥാപനങ്ങളും സംശയത്തിന്റെ നിഴലിലാവുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനായി ചൈന ഭാരതത്തിലെ മാധ്യമങ്ങളിലേക്ക് കോടികള്‍ ഒഴുക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. യുഎസ് കോടീശ്വരനായ നെവില്‍റോയ് സിംഘാം വഴിയാണ് ഈ പണമെത്തിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസായതിനാല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ ഇ.ഡിക്ക് കൈമാറി. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടും നെവില്‍ റോയ് സിംഘാമും തമ്മിലുള്ള ഇ മെയില്‍ സംഭാഷണങ്ങള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്.
ന്യൂസ് ക്ലിക്ക് ഡയറക്ടറായ പ്രബിര്‍ പുര്‍കയസ്തയ്ക്കും മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്കും അടക്കം നെവില്‍ റോയിയുടെ ഇമെയിലുകള്‍ ചെന്നതായും കണ്ടെത്തി. മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. വെറും 19 ദിവസത്തിന് ശേഷം മാര്‍ച്ച് 30ന് നെവില്‍ റോയിയുടെ ആദ്യ മെയില്‍ ന്യൂസ്ക്ലിക്കിന് ലഭിക്കുന്നു. ചൈന എങ്ങനെ കൊവിഡ് വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്യുന്നു എന്നതു സംബന്ധിച്ച് മൂന്ന് ഘട്ടമായി ലേഖനം പ്രസിദ്ധീകരിക്കാനായിരുന്നു നെവില്‍ റോയിയുടെ നിര്‍ദ്ദേശം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും അജണ്ടകള്‍ നടപ്പാക്കുള്ള ചൈന ഡെയ്ലി പത്രത്തിന്റെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സൂവിനെ ന്യൂസ്ക്ലിക് മാധ്യമ പ്രവര്‍ത്തകായ പ്രബീറിനും സൃജനയ്ക്കും പ്രശാന്തിനും ട്രൈകോണ്ടിനെന്റല് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ റിസേര്‍ച്ച് മേധാവി വിജയ്ക്കും നെവില്‍ റോയി പരിചയപ്പെടുത്തി നല്കിയ ഇമെയിലുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ബന്ധങ്ങളിലൂടെ ഭാരതത്തിന്റെയും യുഎസിന്റെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരന്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു നെവിലിന്റെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും മാധ്യമ സ്ഥാപനങ്ങളെ നെവില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ന്യൂയോര്‍ക്ക് ടൈംസ് തന്നെ പുറത്തുവിട്ടിരുന്നു.
വന്‍വീഴ്ചകള്‍ മറച്ചുവെച്ച് കേരളത്തിലെ കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര പ്രസിദ്ധി നല്‍കിയതിന് പിന്നില്‍ കാരാട്ട്-നെവില്‍ റോയ് ബന്ധമുണ്ടെന്നും കര്‍ഷക സമര കാലത്ത് വന്ന വാര്‍ത്തകളില്‍ പലതിനും ചൈനീസ് ബന്ധമുണ്ടെന്നും ഇ.ഡി കണ്ടെത്തിക്കഴിഞ്ഞു. പ്രകാശ് കാരാട്ടിന്റെ ഇമെയിലുകളില്‍ പലതും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണത്തിന് വേണ്ടി മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളവയാണെന്നണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചൈനയെന്ന ”നമ്മുടെ രാജ്യത്തെ” ബാധിക്കുന്ന വിഷയമായി കണ്ടാണ് കാരാട്ട് ഇമെയിലുകളില്‍ പ്രതിരോധം തീര്‍ക്കുന്നത്. ചൈനയ്ക്കെതിരെ ഭാരതത്തില്‍ ശക്തമാകുന്ന വിരോധത്തിലും കാരാട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കാരാട്ട് വിഷയം ബിജെപി എംപി നിശികാന്ത് ദുബേ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.
അരുണാചല്‍ പ്രദേശിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തിലും ചൈനയെ പിന്തുണച്ച് നെവില്‍ റോയ് ഇ മെയിലുകള്‍ ന്യൂസ്ക്ലിക്കിനും മറ്റും നല്‍കിയിട്ടുണ്ട്. ഏതു തരത്തില്‍ വേണം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വരേണ്ടതെന്ന നിര്‍ദ്ദേശമാണ് ഇയാള്‍ നല്‍കുന്നത്. ഇത്തരം വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ദല്‍ഹിയിലെ ന്യൂസ്ക്ലിക്ക് ആസ്ഥാനത്തും ചില മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ദല്‍ഹി കാനിംഗ് റോഡിലെ വസതിയിലെ താമസക്കാരന് ന്യൂസ്ക്ലിക് മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇയാളെ തപ്പി ഇ.ഡിയും ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലും ചൊവ്വാഴ്ച യെച്ചൂരിയുടെ വീട്ടില്‍ പരിശോധന നടത്തി. ഈ വീട് യെച്ചൂരിക്ക് അനുവദിച്ചെങ്കിലും യെച്ചൂരി ഇവിടെ താമസിക്കാറില്ല. എസ്എഫ്ഐ അടക്കമുള്ള സംഘടനകളുടെ ഓഫീസായി വീടിന്റെ ഒരു ഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂസ് ക്ലിക്കും സിപിഎമ്മും തമ്മിലുള്ള ബന്ധം ഇതില്‍ക്കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. ന്യൂസ്ക്ലിക്ക് വഴി ടീസ്ത സെതല്‍വാദിന് പണം പോയതും ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടതു ലിബറലുകളെന്ന പേരില്‍ സംഘടിക്കുന്ന രാജ്യവിരുദ്ധ നെക്സസ് ദല്‍ഹിയില്‍ എത്ര ശക്തമാണെന്ന് വരും ദിവസങ്ങളില്‍ പുറത്തുവരിക തന്നെ ചെയ്യും. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും എഡിറ്റേഴ്സ് ഗില്‍ഡും പോലുള്ള സംഘടനകള്‍ പോലും ഇടതു ലിബറലുകള്‍ക്ക് വേണ്ടി രംഗത്തെത്തുന്നത് കാണുമ്പോള്‍ ആശങ്ക ശക്തമാവുകയാണ്.
ന്യൂസ്ക്ലിക്കിന് വേണ്ടി എപ്പോഴും രംഗത്തെത്തുന്ന രാഹുല്‍ഗാന്ധിയും കൂട്ടരും ചൈനയുമായുള്ള ബന്ധത്തില്‍ കുപ്രസിദ്ധി നേടിയവരുമാണ്. ചൈനയ്ക്ക് വേണ്ടി വാദിക്കുന്നവരില്‍ രാജ്യത്ത് അവശേഷിക്കുന്ന പ്രധാനികള്‍ രാഹുലും സിപിഎം നേതാക്കളുമാണ്. രാഹുല്‍ഗാന്ധിയും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധവും സിപിഎമ്മും ചൈനീസ് സര്‍ക്കാരും തമ്മിലുള്ള ബന്ധവും എല്ലാം ഐ.എന്‍.ഡി.ഐ.എ എന്ന രാജ്യവിരുദ്ധ മുന്നണിയുടെ രൂപീകരണത്തില്‍ പോലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുറപ്പാണ്. ഇത്തരം വിഷയങ്ങളിലും സുരക്ഷാ ഏജന്‍സികളുടെ അന്വേഷണം ചെന്നെത്തേണ്ടതുണ്ട്. ഖാലിസ്ഥാനികളെ ഇളക്കിവിടാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് പിന്നിലും ചൈനീസ് സ്വാധീനം സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ആഗോളതലത്തിലെ വലിയ വളര്‍ച്ച തന്നെയാണ് ചൈനയേയും ചൈനീസ് അടിമകളെയും അസ്വസ്ഥമാക്കുന്ന ഏക ഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: