ജെറുസലെം:ജെറുസലേമില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ ജൂത ദേശീയവാദികള്‍ തുപ്പി അപമാനിക്കുന്ന സംഭവം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച ഇത്തരമൊരു സംഭവത്തില്‍ ഇസ്രയേല്‍ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഈ സംഭവത്തിനെതിരെ ലോകമെമ്പാടും വിമര്‍ശനം ഉയരുകയാണ്. ജറുസലേമിലെ പള്ളി പരിസരത്തുനിന്നും വലിയ മരക്കുരിശുമേന്തി വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെയാണ് ജൂതദേശീയവാദികള് അപമാനിക്കാന്‍ ശ്രമിച്ചത്.
അതേ സമയം ക്രിസ്ത്യാനികളെ തുപ്പുന്നത് അത്ര വലിയ അപരാധമല്ലെന്നും അവരെ അറസ്റ്റു ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമന്‍ ബെന്‍ വിര് വ്യക്തമാക്കി. ചരിത്രത്തിലെ പഴയ വിരോധമാണ് ജൂതന്മാരുടെ ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കുരിശു കണ്ടാലും ക്രിസ്ത്യാനികളെ കണ്ടാലും താന്‍ തുപ്പുമെന്നും അത്രയ്ക്കധികം അവര്‍ ജൂതന്മാരെ ദ്രോഹിച്ചിട്ടുണ്ടെന്നും ഒരു പ്രായമേറിയ ജൂതന് പറയുന്നതായി ഇസ്രയേലി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായമേറിയവര്‍ ചെയ്ത തെറ്റിന് കുട്ടികള്‍ അനുഭവിക്കുമെന്ന് ഇസ്രയേല്‍ വിശുദ്ധ ഗ്രന്ഥമായ തോറയില്‍ എഴുതിയിട്ടുണ്ടെന്നും അതാണ് നടക്കുന്നതെന്നും ഈ പ്രായമേറിയ ജൂതന് റേഡിയോയില്‍ പറയുന്നു.
שוטרי מחוז ירושלים עצרו חמישה חשודים ביריקה לעבר נוצרים/כניסה לכנסייה בעיר העתיקה בירושלים (בתיעוד: זיהוי ומעצר שניים מהחשודים הבוקר) pic.twitter.com/2b5yeAriCo
— משטרת ישראל (@IL_police) October 4, 2023
2023ല്‍ മാത്രം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 16 കേസുകളില്‍ അന്വേഷണം തുടങ്ങി. 21 അറസ്റ്റുകള്‍ നടത്തിയതായും പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്സിലൂടെ പുറത്തെത്തുകയും ചര്‍ച്ചയാകുകയും ചെയ്തതോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി പേര് രംഗത്തെത്തി.
കുട്ടികള്‍ അടക്കമുള്ളവരാണ് ക്രിസ്ത്യന്‍ വിശ്വാസികളെ തുപ്പി അപമാനിച്ചത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ക്ക് നേരെയുള്ള അധിക്ഷേപം വച്ചുപൊറുപ്പിക്കില്ലെന്നും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വിവിധ മതവിശ്വാസികളുടെ വിശുദ്ധസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനവും ആരാധനയും തടസമില്ലാതെ നടക്കുന്നതിന് ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണ്. ഈ സംഭവം വളരെയധികം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ വീഴ്ചകൂടാതെ നടപടി സ്വീകരിക്കുമെന്നും നെതന്യാഹു ഉറപ്പുനല്‍കി.
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും യാഥാസ്ഥിതിക ഗവണ്മെന്റ് കഴിഞ്ഞ വര്‍ഷം അവസാനം അധികാരത്തില്‍ വന്നതു മുതല്‍ പ്രദേശത്തെ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ആശങ്ക വ്യാപിച്ചിട്ടുണ്ടെന്നാണ് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: