എം.ഡി. ബാബു രഞ്ജിത്ത്
കരുനാഗപ്പള്ളി: വിശ്വ പ്രേമത്തിന്റെ പ്രതീരൂപമായ അമ്മയുടെ സപ്തതി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തലക്ഷങ്ങളാണ് അമ്യത വിശ്വവിദ്യാപീഠത്തിലേക്ക് ഒഴുകി എത്തിയത്. വൈദ്യുത ദീപാലംകൃതമായ കാമ്പസില്‍ വസുധൈവ കുടുംബത്തിന്റെ പ്രതീകമായി സ്ഥാപിച്ച 193 രാഷ്ട്രങ്ങളിലെ പതാകകള്‍ അഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി.
ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഭക്തര്‍ ആശ്രമത്തില്‍ എത്തി തുടങ്ങിയിരുന്നു. തിങ്കളാഴ്ചയോടെ ഭക്തരുടെ ഒഴുക്കിനു ശക്തി കൂടി. വിവിധ അമൃതാനമയി ആശ്രമം വഴി രജിസ്റ്റര്‍ ചെയ്ത് എത്തിചേര്‍ന്ന ഭക്തര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിരുന്നു. ഒരു ലക്ഷത്തോളം ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കൂറ്റന്‍ പന്തലാണ് ഒരുക്കിയിരുന്നത്.
ആഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ ഭക്തര്‍ക്കും മൂന്നു നേരവും ഭക്ഷണം (അന്നപ്രസാദം) നല്കി. തിക്കും തിരക്കും കൂടാതെ ഭക്ഷണം ലഭ്യമാക്കുന്നതിന് കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. കുടിവെള്ള വിതരണത്തിനും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, തിരക്കു നിയന്ത്രിക്കുന്നതിനും ആയിരക്കണക്കിന് സേവാ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സിറ്റി പോലിസ് കമ്മീഷണര്‍ മെറിന് ജോസഫിന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാരുള്‍പ്പെടെ നൂറുകണക്കിന് പോലീസുകാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാമ്പസിലെത്തിയ അമൃതാനന്ദമയി ദേവിയെ ‘അമ്മ അമ്മ’ എന്ന വിളിയോടെ ഭക്തര്‍ വരവേറ്റു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും, വിശ്വ ശാന്തി പ്രാര്‍ത്ഥയും നടന്നു. അമൃത സര്‍വകലാശാലയുടെ പുതിയ റിസര്‍ച്ച് പദ്ധതികളുടെ പ്രഖ്യാപനം, ആശ്രമ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, പുതിയ വെബ് സെറ്റിന്റെ ഉദ്ഘാടനം എന്നിവ നടന്നു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ സത്സംഗം. അമൃത വിദ്യാലയങ്ങളിലേയും കാമ്പസുകളിലേയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മിഴിവേകി.
ഇന്നലെ രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഏഴിന് സത്സംഗം, 7.45ന് സംഗീതസംവിധായകന് രാഹുല്‍രാജും സംഘവും അവതരിപ്പിച്ച നാദാമൃതം, ഒന്‍പതിന് ഗുരുപാദപൂജ എന്നിവയോടു കുടിയാണ് സപ്തതി ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്കി. ധ്യാനം, വിശ്വശാന്തി പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരുന്നു.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡ്യൂക്കാക്കിസ് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്റ് സെക്യൂരിറ്റി പുരസ്കാരം മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചു.
തുടര്‍ന്ന് അമൃതകീര്‍ത്തി പുരസ്കാര വിതരണം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസനകേന്ദ്രങ്ങളില്‍ നിന്നായി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകള്‍ക്കുള്ള ബിരുദദാന വിതരണം, 300 പേര്‍ക്ക് നല്കുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേര്‍ക്കുള്ള വസ്ത്രദാനം എന്നിവയയും നടന്നു.
ശാന്തിയുടെ ചെറുമണ്‍തരികള്‍ എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിലുള്‍പ്പെട്ട 193 രാജ്യങ്ങളില്‍ നിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികള്‍ ജന്മദിനാഘോഷച്ചടങ്ങില് പങ്കെടുത്തു.വിവിധ രാജ്യങ്ങളിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച മണ്ണില്‍ ‘ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ മന്ത്രോച്ചാരണത്തിന്റെ അന്തരീക്ഷത്തില്‍ അമ്മ ചന്ദനമരം നട്ടു. പങ്കെടുത്ത പ്രമുഖര്‍ വെള്ളം ഒഴിച്ചു. ലോകത്തെ പ്രമുഖരായ 70 വ്യക്തികളുടെ ജന്മദിന ആശംസകള്‍ ജന്മദിനാഘോഷവേദിയില് പ്രദര്‍ശിപ്പിച്ചു. ഭക്തര്‍ക്കുള്ള അമ്മയുടെ ദര്‍ശനം രാത്രിവൈകിയും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: