ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ നേതാക്കള്‍ കാനഡയില്‍ കൊല്ലപ്പെടുന്നു. ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ പാക്കിസ്ഥാനിലും. അജ്ഞാതരാണ് ഇവരെ കൊല്ലുന്നത്. ഭാരതത്തിനെതിരെ പടവാളോങ്ങുന്ന ഈ ഭീകരസംഘടനാ നേതാക്കളെ കാലപുരിക്കയയ്ക്കുന്ന അജ്ഞാതര്‍ ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
ഭാരതമാണ് പിന്നിലെന്ന് ഒളിഞ്ഞും തെളിഞ്ഞു പറയുന്നവരുണ്ട്. കാനഡ പ്രധാനമന്ത്രി പരസ്യമായി പറഞ്ഞു. പാക്കിസ്ഥാന് അങ്ങനെ ഒരു ആരോപണം പരസ്യമായി ഉയര്‍ത്തിയിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഭാരതത്തിന്റെ മിടുക്കായിട്ടാണ് ഭീകരരുടെ ഉന്മൂലനത്തെ കാണുന്നത്. സുരക്ഷാ ഉപദേശകന് അജിത് ഡോവലിന്റെ ചിത്രം സഹിതം ആണ് വാര്‍ത്ത നല്‍കുന്നത്. ഔദ്യോഗികമായി ഭാരതം നിഷേധിക്കുന്നുകയാണ്. ഭീകരവാദത്തിനെതിര ഏതറ്റം വരെ പോകുമെങ്കിലും നിയമം വിട്ടൊന്നും ചെയ്യില്ലന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ഭാരതം. ഏതായാലും ഭാരതത്തിനെതിരെ വിദേശരാജ്യങ്ങളിലിരുന്ന് പടവാള് ഓങ്ങുന്നവര്‍ ആ മണ്ണില്‍ തന്നെ പിടഞ്ഞു വീഴുന്നു എന്ന പുതിയ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഭാരതം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഭാരത വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
അക്രമികളോടും തീവ്രവാദികളോടുമുള്ള കാനഡയുടെ മൃദുസമീപനമാണ് ഖാലിസ്ഥാന്‍ പ്രശ്നം വീണ്ടും ഉയര്‍ന്ന് വരാന്‍ കാരണമെന്നായിരുന്നു ഭാരത വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നല്കിയ മറുപടി. കാനഡയില്‍ അക്രമത്തിനും വിഘടനവാദത്തിനും വേണ്ടി വാദിക്കുന്ന ആളുകള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ആരെയും അത്ഭുതപ്പെടുത്തില്ലെന്നും കാനഡയിലെ ഭാരത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഓഫീസുകള്‍ക്കുമെതിരായ ഭീഷണികള്‍, അക്രമങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടി ജയശങ്കര്‍ പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്ത് സമാനമായ സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ പ്രതികരണം ഇതുപോലെയാകുമായിരുന്നോ എന്നും. അഭിപ്രായ സ്വാതന്ത്ര്യം അക്രമത്തിന് പ്രേരിപ്പിക്കുന്നതിനുളളതല്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ നേതാക്കളും ഗുണ്ടാസംഘങ്ങളും ആഡംബരനൗക, സിനിമ, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ നിക്ഷേപം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. കൊള്ളയടിക്കല്‍, അനധികൃത മദ്യം, ആയുധക്കടത്ത് ബിസിനസ് തുടങ്ങിയവയിലൂടെ സമാഹരിച്ച പണം കൂടുതല്‍ നിക്ഷേപത്തിനും ഖാലിസ്ഥാന്‍ അനുകൂല സംഘങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കുന്നതിനുമായി ഹവാല വഴി കാനഡയിലേക്ക് അയച്ചു നല്‍കുകയായിരുന്നു.
നിജ്ജാറിന്റെ കൊന്നവര്‍ ആര് എന്നത് അറിയും മുന്‍പാണ് കാനഡയില്‍ ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ ഒരു നേതാവ് കൂടി കൊല്ലപ്പെടുന്നത്. സുഖ ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മരണമെന്നാണ് വിവരം. ഭാരതത്തില്‍ പല കേസുകളിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഇയാള്‍. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഭാരതംനല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെടുന്നുണ്ട്.
പാക്കിസ്ഥാനില്‍ ലഷ്കര്‍ ഇ തൊയിബ നേതാക്കളാണ് ഒന്നൊന്നായി കൊല്ലപ്പെടുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയിബയുടെ തലവനുമായ ഹഫീസ് സെയ്ദിന്റെ മകനേയും അടുത്ത അനുയായിയേയും അടുത്തടുത്ത ദിവസങ്ങളിലാണ് അജ്ഞാതര്‍ വധിച്ചത്. ഹഫീസ് സെയ്ദിന്റെ മകന് ഇബ്രാഹിം ഹഫീസ് കമാലുദിന്‍ സെയ്ദിന്റെ മൃതദേഹം പെഷാവറിനടുത്ത് ജാബാവാലിയില്‍ കണ്ടെത്തുകയായിരുന്നു. സയീദിന്റെ ഏറ്റവുമടുത്തയാളായ മുഫ്തി ഖൈസര്‍ ഫാറൂഖിക്കുനേരെ അജ്ഞാതരായ ഒരുസംഘം ആളുകള്‍ കറാച്ചിയില്‍വെച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
ഫെബ്രുവരിയില്‍ റാവല്‍പിണ്ടിയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ കമാന്‍ഡറും അടുത്ത അനുയായിയുമായ ബഷീര്‍ പീര്‍ കൊല്ലപ്പെട്ടിരുന്നു. ഐഎസ്ഐ ആസ്ഥാനത്തിന്റെ സമീപത്ത് വച്ചാണ് അജ്ഞാതരര്‍ പീറിനെ കൊലപ്പെടുത്തിയത്. സപ്തംബറില്‍ റാവല്‍കോട്ടില്‍ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്സാ ദ് എന്നീ ലഷ്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള മൗലവി, മൗലാന സിയാവൂര്‍ റഹ്മാനേയും അഞ്ജാതര്‍ കൊന്നിരുന്നു. ഈ കൊലപാതകങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐ യെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. ഐഎസ് ഐ കൈയാളായി പ്രവര്‍ത്തിക്കുന്ന ഭീകരരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പാക്ക് രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ സാധ്യതയുള്ളതാണ് ലഷ്കര്‍ ഇ തൊയിബ നേതാക്കളുടെ കൊലപാതകങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: