തൃശ്ശൂര്‍: സഹകരണ മേഖലയിലെ കൊള്ളക്കെതിരെയും കള്ളപ്പണ തട്ടിപ്പിനെതിരെയും ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന് ഉച്ചയ്ക്ക് 1.30ന് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നാരംഭിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും. പദയാത്രയ്ക്ക് മുന്‍പ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തവരുടെയും ചികിത്സ കിട്ടാതെ മരിച്ചവരുടേയും ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. എം.ടി. രമേശ് തൃശൂരില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച് പണം നഷ്ടമായ നൂറുകണക്കിന് സഹകാരികളും പദയാത്രയില്‍ സുരേഷ് ഗോപിക്കൊപ്പം അണിനിരക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
പണം നഷ്ടപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണ്. അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നതിനു പകരം സാധാരണക്കാര്‍ക്ക് പണം തിരിച്ചു നല്‍കാനാണ് സിപിഎം ശ്രമിക്കേണ്ടതെന്നും ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ സ്വത്തുക്കള്‍ ഏറ്റെടുത്ത് പണം തിരികെ നല്‍കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു.
കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യാപകമായ ജനപിന്തുണയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരത്തിന് ലഭിക്കുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ആരോപണമുന്നയിക്കുന്നതല്ലാതെ കരുവന്നൂരിലെ ഇരകളെ സഹായിക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ല. ജില്ലയില്‍ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന നിരവധി സഹകരണ സ്ഥാപനങ്ങളിലും നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇരു കൂട്ടരും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികള്‍ ആണെന്നതാണ് ബിജെപി നിലപാട്. പദയാത്ര തുടക്കം മാത്രമാണ്. വരും ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം പൂര്‍ണമായും തിരികെ ലഭിക്കുന്നതുവരെ താന്‍ സമര രംഗത്ത് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ബാങ്കില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ തടസ്സപ്പെട്ട വ്യക്തിക്ക് സുരേഷ് ഗോപി കഴിഞ്ഞദിവസം സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കൈമാറിയത് ശ്രദ്ധേയമായി. ഉച്ചയ്ക്ക് ഒരു മണിയോടെ കരുവന്നൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര ഊരകം, ചൊവ്വൂര്‍, പാലക്കല്‍, വലിയാലുക്കല്‍ ,ശക്തന് നഗര്‍ വഴി എത്തി സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്നാണ് കോര്പ്പറേഷന് മുന്നില്‍ പൊതുയോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: