വി.എസ്. ബാലകൃഷ്ണപിള്ള
മലയോര ജില്ലയായ ഇടുക്കിയുടെ സാംസ്കാരിക തലസ്ഥാനമായ തൊടു
പുഴയില്‍നിന്നും മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് പ്രകൃതിരമണീയമായ കോലാനിഗ്രാമം. സ്വച്ഛതയും സമാധാനവുമാണ് ഈ നാടിന്റെ മുഖമുദ്ര. നാനാജാതി മതസ്ഥരായ കോലാനി നിവാസികളുടെ സമസ്ത ഐശ്വര്യങ്ങള്‍ക്കും നിദാനമായ അമരംകാവ് ഭഗവതിക്ഷേത്രം ഈ ഗ്രാമമധ്യത്തിലായി സ്ഥിതിചെയ്യുന്നു.
തൊടുപുഴ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ക്ഷേത്രമെങ്കിലും ഇതൊരു കാനനക്ഷേ്രതമാണ്. വന്യമൃഗങ്ങള്‍ ഈ ഘോരവനത്തില്‍ ഇല്ലെന്നു മാത്രം. ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന അനേകം വന്മരങ്ങളും ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളും കാട്ടുകിളികളും ഇരുട്ടുമൂടിയ അന്തരീക്ഷവും എല്ലാംകൂടി ഈ നിബിഡവനത്തെ പകല്‍സമയത്തു പോലും ശ്രദ്ധേയമാക്കുന്നു. ഒരു നഗരത്തോടു ചേര്‍ന്ന് ഇപ്രകാരം ഒരു വനപ്രദേശം എങ്ങനെ രൂപപ്പെട്ടുവെന്നത് ആരിലും കൗതുകമുണര്‍ത്തും. ഇടുക്കിയിലെ സംരക്ഷിത വനപ്രദേശത്തുപോലും ഇത്രയും ഉയരമുളള വന്മരങ്ങള് ഉണ്ടോ എന്ന് സംശയമാണ്. അത്യപൂര്‍വമായ വനഭംഗി കാത്തുസൂക്ഷിക്കുന്നതില്‍ നാട്ടുകാര്‍ പ്രത്യേക ശ്രദ്ധ നല്കുന്നു.
അമരംകാവ് ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഒന്നുമില്ലെന്നാണ് അറിയുന്നത്. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമായ ത്രിമൂര്‍ത്തികളുടെ ദേവചൈതന്യം, അമരംകാവ് ദേവിയില്‍ ആവാഹിച്ചിരിക്കുന്നു. വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഈ വനദുര്‍ഗ്ഗ ക്ഷിപ്രപ്രസാദിനിയാണ്.
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു മാത്രമല്ല സമീപജില്ലകളില്നിന്നുകൂടി ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. വിട്ടുമാറാത്ത രോഗങ്ങള്‍ക്കും മാനസിക പ്രശ്നങ്ങള്‍ എന്നിവ ശമിക്കാന്‍ ഈ ക്ഷേത്രദര്‍ശനം വിശേഷമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയുടെ ചുമതലയിലാണ് ദൈനംദിന കാര്യങ്ങള്‍ നടത്തിവരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിശദമായ രൂപരേഖ തയ്യാറാക്കിവരുന്നു. വിപുലമായ ഉത്സവ പരിപാടികളൊന്നും ഈ ക്ഷേത്രത്തില്‍ ഇപ്പോള്‍ നടത്താറില്ല. എന്നാല്‍ ഗുരുതിതര്‍പ്പണം തുടങ്ങിയ ചടങ്ങുകള്‍ യഥാവിധി നടത്തുന്നുണ്ട്. ക്ഷേത്രത്തോടനുബന്ധിച്ച് ഘണ്ടാകര്ണ്ണന്, യക്ഷി എന്നീ ദേവതകളെ പ്രത്യേകമായി കുടിയിരുത്തിയിട്ടുണ്ട്.
ഭക്തിയിലും വിശ്വാസത്തിലും ഇടുക്കി ജില്ലയിലെ അതിപ്രശസ്തമായ ക്ഷേത്രമാണ് അമരംകാവ് ഭഗവതിക്ഷേത്രം. ഭക്തജനങ്ങള്‍ക്കു മാത്രമല്ല പ്രകൃതിസ്നേഹികള്‍ക്കും ഈ ക്ഷേത്രദര്‍ശനം ഒരു നവ്യാനുഭവം ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: