കണ്ണൂര്‍: സനാതന സംസ്ക്കാരത്തിന്റെ ലിംഗ സമത്വ പാരമ്പര്യം ഓര്‍മ്മിപ്പിച്ച് ലളിതാ മഹായാഗം. യജമാനയെ(സ്ത്രീയെ) മുന്‍നിര്‍ത്തി യാഗം നടത്തിയാണ് സമകാലീന സാഹചര്യത്തില്‍ ലിംഗസമത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ഇത്തരത്തില്‍ ഒരു യാഗം സംഘടിപ്പിക്കപ്പെട്ടത്. കണ്ണൂര്‍ ഇരിക്കൂര്‍ കല്ല്യാട്ടെ പ്രമുഖ തറവാടുകളില്‍ ഒന്നായ കല്യാട് താഴ്ത്തുവീട്ട് കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ ക്ഷേത്ര സമുച്ഛയ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കമ്മാരത്തെന്ന നാലുകെട്ട് ഭവനത്തിലാണ് യാഗം നടന്നത്. ഇരിങ്ങാലക്കുട ശ്രീപുരം താന്ത്രീക ഗവേഷക കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു യാഗ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചത്.
ഒരു പക്ഷേ ഭാരതത്തിന്റെ ചരിത്രത്തില്‍ ഒരു സ്ത്രീ യജമാനയാകുന്ന ആദ്യ യാഗം. യജമാനനും യജമാന പത്നിയുമുള്ള യാഗങ്ങള്‍ മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് ആദ്യമാണ്. അതു കൊണ്ടുതന്നെ അത്യപൂര്‍വ്വമാണ്. കേരളത്തിലെ സംസ്കൃതത്തില്‍ യജമാനയെന്ന ഒരു പദമില്ല. അങ്ങനെയൊരു സ്ഥാനം സ്ത്രീകള്‍ അലങ്കരിച്ചില്ല എന്നതാണ് ഇതിന് കാരണം. ഗവേഷക കേന്ദ്രം യാഗത്തിനായി രൂപകല്‍പ്പന ചെയ്തതാണ് നാമം. കേരളത്തില്‍ ഇത്തരത്തില്‍ ഒരു യോഗം ആദ്യത്തേതാണെന്ന് താന്ത്രീക ഗവേഷക കേന്ദ്രത്തിന്റെ ചെയര്മാന് എല്‍. ഗിരീഷ്കുമാര്‍ പറഞ്ഞു.
. സമൂഹത്തില്‍ മാറ്റം വരുത്താന്‍. സ്ത്രീകള്‍ക്കും ഇത്തരം കാര്യങ്ങള്‍ ചെയ്യാമെന്നും അധികാരമുണ്ടെന്നും തെളിയിക്കുന്നതായിരുന്നു യാഗം. യാഗത്തില്‍ ബ്രഹ്മണരാരുമില്ല. മാധവ്ജി മുന്നോട്ടുവച്ച ആഗ്രഹം എല്ലാവരും (അബ്രഹ്മണരും) ഈശ്വരോന്മുഖമാവുക എന്നതാണ്. എല്ലാവര്ക്കും അതിനധികാരമുണ്ടെന്ന് പ്രാവര്‍ത്തികമാക്കുന്നതാണ് യാഗം. കുട്ടികള്‍ യാഗവേദിയില്‍ സര്‍വ്വസ്വാതന്ത്രരായി പങ്കു കൊണ്ടു. അടുത്ത തലമുറയ്ക്ക് സംസ്കാരം പകര്‍ന്നു കൊടുക്കുക എന്നത് യാഗ ലക്ഷ്യമായിരുന്നതിനാല്‍ കുട്ടികള്‍ക്ക് യാഗ വേദിയില്‍ എവിടെയും പ്രവേശനം ഉണ്ടായിരുന്നു. ഇത് കാണുമ്പോള്‍ കുട്ടിക്ക് പുതിയ അനുഭവം. ഭാവിയില്‍ അവരുടെ സംസ്കാരത്തെ യാഗം സ്വാധീനിക്കും. മാറ്റം ഉണ്ടാക്കും. ഈ തലമുറയുടേയും വരുന്ന തലമുറകളുടേയും സൗഖ്യമാണ് യാഗ ലക്ഷ്യം. സംസ്ക്കാരം പകരാന്‍ പ്രഭാഷണം കൊണ്ട് മാത്രം കാര്യമില്ല. ഇത്തരം യാഗങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെങ്കില്‍ അത് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കും. തലമുറകളിലേക്ക് കൈമാറാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹായാഗ ക്രമാരാധ്യയെന്നാണ് ദേവി അറിയപ്പെടുന്നത്. ‘സൗഭാഗ്യ കല്പ്പ ധ്രുമം’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് യാഗം നടത്തിയത്. യാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവത മഹാത്രിപുര സുന്ദരിയാണ്. മഹാഗണപതി, രാജമാതംഗീശ്വരി, ബാലാ പരമേശ്വരി, വാരാഹി തുടങ്ങിയവരേയും ഒരു പ്രത്യേക വിതാനത്തില്‍ യാഗത്തില്‍ പൂജിച്ചു. യാഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ ശ്രീവിദ്യാ സമ്പ്രദായത്തില്‍ ഉപദേശം ലഭിച്ചവര്‍ക്ക് മാത്രമാണെങ്കിലും പരമാവധി എല്ലാവരേയും പങ്കെടുപ്പിക്കാന്‍ താന്ത്രീക ഗവേഷക കേന്ദ്രം ശ്രമിച്ചു.
ചരിത്രം പരിശോധിച്ചാല്‍ തറവാടുകള്‍ നമ്മുടെ സംസ്ക്കാരത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വലിയ പങ്ക് പഴയകാലത്ത് വഹിച്ചിട്ടുണ്ട്. എന്നാല്‍ പലരും ജന്മിമാരെന്നും മറ്റും ആക്ഷേപിച്ച് ഇവരുടെ പങ്കിനെ തമസ്ക്കരിക്കുകയായിരുന്നു. അതുപോലെ ലളിതാ മഹായാഗത്തിലൂടെ വലിയൊരു പരിവര്‍ത്തനമാണ് തറവാടുകാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തലമുറ മുമ്പ് സ്ത്രീകള്‍ പൂജ ചെയ്യാന്‍ തയ്യാറാകാതിരുന്ന കാലത്ത് യാഗം നടന്ന തറവാട്ടില്‍ മുതിര്‍ന്ന സ്ത്രീ പൂജ ചെയ്ത ചരിത്രവും ഉണ്ട്. ലിംഗസമത്വം പുരോഗമനവാദികളായ നിരീശ്വരവാദികളുടെ കൈകളിലാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭാരതീയ സംസ്ക്കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരും ഇതുപോലുളള ഇതുപോലുളള പുരോഗമന ആശയങ്ങള്‍ മുന്നോട്ട്വെയ്ക്കുന്നവരാണ്. സ്ത്രീ യജമാനയാണെന്നത് മാത്രമല്ല യാഗത്തില്‍ ബാലപരമേശ്വരിയുടെ പൂജ ചെയ്തതും സ്ത്രീയാണ്. ശ്രീവിദ്യാ സമ്പ്രദായത്തില്‍ ഉപദേശം ലഭിച്ച തറവാട്ടംഗം കെ.ടി. ഗിരിജയാണ് പൂജ ചെയ്തത്. മാധവ്ജിയെ പോലുളള പ്രമുഖര്‍ വിഭാവനം ചെയ്ത സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുളള എളിയശ്രമമാണ് യാഗത്തിന് പിന്നില്‍. അടുത്ത തലമുറയ്ക്ക് ഗുണകരമായ രീതിയില്‍ ഈയൊരു സംസ്ക്കാരത്തെ പകര്‍ന്നു കൊടുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിരീഷ് കുമാര്‍ പറഞ്ഞു.
കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി പറമ്പാട്ട് രാജനാണ് യാഗത്തിന് നേതൃത്വം നല്കിയ ബ്രഹ്മന്‍. ഏച്ചിക്കാനം കല്ല്യാണത്ത് തറവാട്ടിലെ ചന്ദ്രനിദ്രയില്‍ എ.സി. ജയരാജനായിരുന്നു ആചാര്യന്. ശ്രീവിദ്യാ സമ്പ്രദായത്തില്‍ ഉപദേശം ലഭിച്ച രാഹുല്‍ രഘുനാഥ് (മഹാഗണപതി ഹോമം), ദീപക് കമ്മാരന് (രാജമാതംഗി), കെ.ടി. ജഗത് (വാരാഹി), രാഗേഷ് (വടുകഭൈരവന്)എന്നീ പൂജകള്‍ ചെയ്തു. കെ.ടി. ശിവദാസ് ജനറല്‍ കണ്‍വീനറും ട്രഷറര്‍ കെ.ടി. രാധ ട്രഷററുമായ കമ്മിറ്റിയാണ് യാഗ നടത്തിപ്പിന് മേല്‍നോട്ടംവഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: