എം.ശബരീഷ്
പത്തൊന്‍പത് കഥാചിത്രങ്ങള്‍ മലയാളത്തിന് തന്ന കെ.ജി.ജോര്‍ജ് ഓര്‍മ്മയായിരിക്കുന്നു. കാല്‍നൂറ്റാണ്ടായി സിനിമ ചെയ്തിട്ടില്ലെങ്കിലും ഗൗരവത്തോടെ സിനിമ കാണുന്ന വലിയൊരു വിഭാഗത്തെ സംബന്ധിച്ച് മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാണ് വിടപറഞ്ഞിരിക്കുന്നത്. ജോര്‍ജിനെ നഷ്ടപ്പെടുന്നത് ഒരു മഹാസംവിധായകന്റെ മരണം എന്നതിനപ്പുറം മലയാള ചലച്ചിത്രഭാഷയുടെ ശില്‍പ്പികളില്‍ മുന്‍നിരക്കാരന്റെ വിയോഗം എന്ന തരത്തിലാണ് പ്രധാനമാവുന്നത്
ഹോളിവുഡ് ചിത്രം ‘ദ ഗോഡ്ഫാദര്’ ഇന്നും സിനിമാ ആരാധകരുടെ വലയത്തില്‍ ജനപ്രിയമാണ്.1972 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര് ഇതിഹാസമാണെന്ന് മാത്രമല്ല, സിനിമാപ്രവര്‍ത്തകരുടെ എക്കാലത്തേയും വലിയ പ്രചോദനം കൂടിയാണ്.സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, സംഭാഷണം എല്ലാം കൊണ്ടും ചരിത്രത്തില്‍ ജ്വലിച്ചു നി
ല്ക്കുന്ന ഗോഡ്ഫാദറിന് മലയാള സിനിമയില്‍ എന്തെങ്കിലും തുലനസാധ്യതയുണ്ടെങ്കില് അത് ഒരേയൊരു ചിത്രവുമായിട്ടായിരിക്കും-യവനിക. പില്ക്കാല സിനിമകളേയും സിനിമാക്കാരേയും വിദ്യാര്‍ത്ഥികളേയും അത്രയേറെ ആകര്‍ഷിക്കുന്നത് രണ്ടു സിനിമകളേയും ചേര്‍ത്തുവയ്ക്കാന്‍ തോന്നിപ്പിക്കുന്നുണ്ട്.
നടനും നിര്‍മ്മാതാവുമായിരുന്ന പി.എ. ലത്തീഫ് മദ്രാസിലേക്കുള്ളൊരു കാര്‍ യാത്രയ്ക്കിടയില്‍ കൂടെയുള്ള കെ.ജി. ജോര്‍ജിനോട് ആലപ്പുഴക്കാരനായ ഒരു നാടകകലാകാരനെപ്പറ്റി പറയാന്‍ ഇടവരുന്നു. അസാമാന്യ തബലിസ്റ്റായിരുന്ന, ഉസ്മാന് എന്നു പേരുള്ള അയാള്‍ ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷനായ സംഭവം! ഉസ്മാനെ ആ ദിവസത്തിനപ്പുറം പിന്നീട് ആരും കണ്ടിട്ടില്ലത്രേ. വര്‍ഷങ്ങള്‍ കഴിഞ്ഞ്ലഖ്നൗവില് ആരോ കണ്ടുവെന്നോ മറ്റോ സംശയം പറഞ്ഞതൊഴിച്ചാല് അത്യധികം നിഗൂഢമായിരുന്നു ലത്തീഫ് പറഞ്ഞ കഥയിലെ ഉസ്മാന്റെ തിരോധാനം. വിശേഷങ്ങളില്‍ നിന്ന് വിശേഷങ്ങളിലേക്ക് പറഞ്ഞുപറഞ്ഞ് അവരുടെ യാത്രയങ്ങനെ മുന്നോട്ടു പോയി.
‘യവനിക’ ഉയരുന്നു
നാലു മാസം കഴിഞ്ഞ് ഹെന്‍ട്രി എന്നൊരു ബിസിനസ്സുകാരന് കെ.ജി.ജോര്‍ജിനെ കാണാന്‍ മദ്രാസിലെത്തി. അയാള്‍ക്കൊരു മലയാള സിനിമ നിര്‍മ്മിക്കണം. ‘മേള’ കണ്ട് ഇഷ്ടപ്പെട്ടാണ് വരവ്. താജ് കോറമാന്‍ഡല്‍ ഹോട്ടലിലെ മുറിയില്‍ അയാളോട് ജോര്‍ജ് മൂന്നു കഥാതന്തുക്കള്‍ പറഞ്ഞു. സിനിമക്കുള്ളിലെ ജീവിതം പറയുന്ന ഒരു കഥ, സ്ത്രീകളുടെ പ്രശ്നങ്ങളെ ആധാരമാക്കിയുള്ള മറ്റൊരു കഥ, പിന്നെ നാടകട്രൂപ്പിന്റെ പശ്ചാത്തലത്തിലുള്ള വേറൊരുകഥയും. നാടക പശ്ചാത്തലമാണ് നിര്‍മാതാവിന് കൂടുതലിഷ്ടപ്പെട്ടത്. ലത്തീഫ് പണ്ടു പറഞ്ഞ ഉസ്മാന്റെ കഥയില്‍ നിന്നായിരുന്നു മലയാള സിനിമാ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ‘തബലിസ്റ്റ് അയ്യപ്പന്’ എന്ന ദുരന്ത കഥാപാത്രവും യവനിക എന്ന നിത്യശോഭയുള്ള സിനിമയുമുണ്ടായത്. വിഷയം നാടകമായതുകൊണ്ട് കെ.ടി.മുഹമ്മദിനെ തിരക്കഥ ഏല്‍പ്പിച്ചെങ്കിലും നാടകത്തിരക്കുകള് കാരണം കെ.ടി.ക്ക് പ്രതീക്ഷിച്ച വേഗത ലഭിച്ചില്ല. തുടര്‍ന്ന് ചിത്രീകരണത്തിന് ബ്രേക്ക് നല്കി ജോര്‍ജ് സ്വയം തിരക്കഥയൊരുക്കുകയായിരുന്നു. എസ് എല്‍ പുരം സദാനന്ദന് കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും എഴുതി. അടൂരിന്റെ എലിപ്പത്തായം ഐ.വി. ശശിയുടെ ഈ നാട് എന്നീ ചിത്രങ്ങള്‍ക്കൊപ്പം 1982 ഏപ്രില്‍ 30 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത യവനിക വന്‍ വിജയമായി.
1984 ല്‍ ഇന്ദിരാഗാന്ധിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയുടെ ടെലിവിഷന്‍ ദൃശ്യമാണ് ജോര്‍ജിന്റെ മനസ്സില്‍ ‘ഇരകളു’ടെ വിത്തുപാകുന്നത്. വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെപോയ രാഷ്ട്രീയസിനിമ എന്ന് ജോര്‍ജ് തന്നെ വിളിക്കുന്ന ആ ചിത്രം വയലന്‍സിന് ഇരകളാകുന്നവരെപ്പറ്റിയും, ആ ഇരകള്തുടരുന്ന വയലന്‍സിന്റെ രണ്ടാംതലമുറയിലെ ഇരകളെപ്പറ്റിയും അപ്രിയമായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു.
”അടിയന്തരാവസ്ഥ ഒരിക്കലും എന്നെ വ്യക്തിപരമായി ബാധിക്കുന്ന കര്യമായിരുന്നില്ല. എനിക്കങ്ങനെ പ്രത്യേക രാഷ്ട്രീയമില്ലായിരുന്നു. എന്നിട്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നും, അഭിപ്രായസ്വാതന്ത്ര്യത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്നുമുള്ള പത്രവാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. എമര്‍ജെന്‍സി കാലത്തെ വില്ലനായാണ് ഞാന്‍ സഞ്ജയ് ഗാന്ധിയെ കണ്ടിരുന്നത്. അയാളിലെ ഉന്മാദത്തിന്റെ ഒരംശം ‘ഇരകളി’ലെ ബേബിയിലും കാണാം. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ഹിംസാത്മകമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിന്റെ ഫലമായിരുന്നു. വയലന്‍സിന്റെ ഭാഷയിലൂടെ സമൂഹത്തോടു സംസാരിച്ച ഭരണാധികാരികള്‍ക്ക് അക്രമാസക്തരായ ജനതയെ നേരിടേണ്ടിവരുമെന്ന സത്യം പ്രതീകാത്മകമായി മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ പറയാനുള്ള എന്റെ ശ്രമമായിരുന്നു ഇരകള്‍.” അന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ വിമര്‍ശനാത്മകമായി കുടഞ്ഞിടുകയായിരുന്നു കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെ.ജി. ജോര്‍ജ്.
ഇരകള്‍ നിര്‍മിച്ചത് നടന് സുകുമാരനായിരുന്നു. മനശ്ശാസ്ത്രവും രാഷ്ട്രീയവും ഹിംസയും ജോര്‍ജിന്റെ മിക്ക സിനിമകളിലും വിധിയാംവണ്ണം ചേര്‍ക്കപ്പെട്ടു. എത്ര ഉന്നതിയില്‍ നില്ക്കുന്ന അഭിനേതാക്കളായാലും വലിയ തയ്യാറെടുപ്പുകളോടെ മാത്രമേ ജോര്‍ജിന്റെ സെറ്റിലെത്താറുള്ളൂ. സംഭവിക്കാന്‍ പോവുന്ന സിനിമ ചരിത്രത്തില്‍ രേഖയാവും എന്ന ഉറച്ച വിശ്വാസം അവര്‍ക്കെല്ലാം ഉണ്ടായിരുന്നിരിക്കാം. ഒരുപിടി ഗംഭീര കഥാപാത്രങ്ങളിലൂടെ പല അഭിനേതാക്കളേയും അദ്ദേഹം മറ്റൊരു തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും, മേളയും യവനികയും നല്കി മമ്മൂട്ടി എന്ന നടന്റെ സാധ്യതകള്‍ തെളിയിക്കുകയും ചെയ്തു. തെന്നിന്ത്യന്‍ സംഗീതത്തിന്റെ ഇളയരാജയെ മലയാളത്തിലേക്ക് ആനയിക്കുന്നതും ജോര്‍ജായിരുന്നു.
അസ്തിത്വവാദത്തിന്റെ ഇരകള്‍
അന്യതാബോധത്തില്‍ പുരണ്ട് കിടന്ന ഒന്നായിരുന്നു ജോര്‍ജിന്റെ വ്യക്തിജീവിതം എക്കാലത്തും. ചരക്കുലോറികളും കടകളുടെ ഷട്ടറുകളും പെയിന്റടിച്ചു കൊണ്ട് ദേശാടനം ചെയ്തിരുന്ന ഹരിപ്പാടുകാരന് സാമുവല്‍ ആയിരുന്നു ജോര്‍ജിന്റെ പിതാവ്. പശുവിനെ വളര്‍ത്തിയും വീട്ടുപണികള്‍ ചെയ്തും കഴിഞ്ഞ അന്നാമ്മയായിരുന്നു അമ്മ. കുട്ടിയായിരിക്കുമ്പോഴേ ജോര്‍ജ് പിതാവിനെ ജോലിയില്‍ സഹായിച്ചു തുടങ്ങി. അദ്ദേഹം ചെറിയ പ്രതിഫലവും നല്‍കും. ജോലി ചെയ്ത് കൂലി വാങ്ങി വളര്‍ന്നു തുടങ്ങിയ ജോര്‍ജ് ആ പണമൊക്കെ തിരുവല്ലയിലും ചങ്ങനാശ്ശേരിയിലും എറണാകുളത്തുമുള്ള തീയേറ്ററുകളില്‍ കൊടുത്ത് ധാരാളം സിനിമകള്‍ കണ്ടു.
സിനിമാസ്നേഹം വളര്‍ന്നു. അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റി ലോകസിനിമകളും ബംഗാളി സിനിമകളും പ്രദര്‍ശിപ്പിച്ച് നവതരംഗമുണ്ടാക്കിയിരുന്നത് ജോര്‍ജിനേയും സ്വാധീനിച്ചു. തിരുവല്ലയില്‍ ഒരു ചലച്ചിത്രവേദിയുണ്ടാക്കാന് പരിശ്രമിക്കുന്നതിനിടയിലാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചലച്ചിത്രാസ്വാദന കോഴ്സ് പഠിക്കാന്‍ അവസരം കിട്ടുന്നത്. പൂനെയില്‍ വച്ച് ലോകസിനിമയുടെ മായികവലയത്തില്‍ പെട്ടുപോയ ജോര്‍ജ് അവിടത്തന്നെ ചേര്‍ന്ന് സിനിമാസംവിധാനം പഠിക്കാന്‍ കൊതിച്ചു. അപ്പന് ഒന്നും കരുതിവച്ചിട്ടില്ലായിരുന്നു. കൈയിലുള്ളതെല്ലാം കൊടുത്ത് അമ്മയാണ് ജോര്‍ജിനെ സിനിമ പഠിക്കാനയക്കുന്നത്. ജോണ്‍ എബ്രഹാം, ആസാദ്, ഗൗതമന്, രവി മേനോന്, ജയഭാദുരി, അമിതാഭ് ബച്ചന് ഭാര്യ ജയാ ബച്ചന് തുടങ്ങിയവരൊക്കെ അക്കാലത്ത് ഇന്സ്റ്റിറ്റിയൂട്ടിലുണ്ടായിരുന്നു.
ലോകത്തെവിടെയും കലാകാരന്മാരുടെ മനോവ്യാപാരങ്ങള്‍ അസ്തിത്വവാദത്താല്‍ ഭരിക്കപ്പെടുന്ന കാലമാണ്. ജോര്‍ജിനേയും ആ തരംഗം സ്വാധീനിച്ചു. അയാള്‍ ഒന്നിനോടും പ്രത്യേകം മമതയില്ലാത്തവനായി മാറി. അന്യതാബോധം അയാളില്‍ സ്വഭാവമായി അടിയുറച്ചു. വീട്ടിലേക്കുള്ള വരവുകള്‍ നിലച്ചു. ഏറെ ബുദ്ധിമുട്ടിയും തന്നെ തന്റെ ഇടത്തിലേക്ക് പറഞ്ഞയച്ച അമ്മയോടുപോലും ഒരു വൈകാരികതയും തോന്നാത്ത തികഞ്ഞ അസ്തിത്വവാദിയായി ജോര്‍ജ് മാറി. അയാളുടെ ലോകം പാശ്ചാത്യ കലാസിദ്ധാന്തങ്ങളും ചലച്ചിത്ര വ്യാകരണങ്ങളും കൊണ്ട് നിറഞ്ഞു. എന്നാലും ജോണിനെപ്പോലെ താന്‍ ലഹരിക്കോ അരാജകവാദത്തിനോ അടിമപ്പെടില്ലെന്ന് ജോര്‍ജ് പറഞ്ഞിരുന്നു.
ആ നിര്‍മമതയുടെ തുടര്‍ച്ച തന്നെയായിരുന്നു സെല്‍മ എന്ന ഗായികയുമായി ചേര്‍ന്ന് പിന്നീടാരംഭിച്ച ദാമ്പത്യവും. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠിച്ചിറങ്ങി രാമു കാര്യാട്ടിനൊപ്പവും ജോണ്‍ എബ്രഹാമിനൊപ്പവും സംവിധാന സഹായിയായി ജോലി ചെയ്യുമ്പോഴാണ് സിനിമയില്‍ പാട്ടുപാടാന്‍ അവസരമന്വേഷിക്കുന്ന സെല്‍മയെ പരിചയപ്പെടുന്നത്. ‘കേരള സൈഗാള്‍’ എന്നു പേരുകേട്ട ഗായകന് പാപ്പുക്കുട്ടി ഭാഗവതരുടെ മകളായിരുന്ന അവള് കലാസ്വാദകനായ ഭര്‍ത്താവിനെ ആഗ്രഹിച്ചിരുന്നു എന്നത് സത്യം. എന്നാല്‍ കലാകാരന് ഭര്‍ത്താവാകുന്നത് ദുരന്തമാവുമെന്നതും അവളുടെ ബോധ്യമായിരുന്നു. എന്നിട്ടും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോര്‍ജിന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കേണ്ടി വന്നു. 1977 ല്‍ മദ്രാസില്‍ വിവാഹം നടന്നു. സെല്‍മ പാടിയ ഉള്‍ക്കടലിലെ ‘ശരദിന്ദു മലര് ദീപ നാളം നീട്ടി…’ എന്ന ഗാനം നിത്യഹരിതമായി മാറി. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ് തന്റെ ഭര്‍ത്താവെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും ആത്മാര്‍ത്ഥത തൊട്ടുതീണ്ടാത്ത പരുക്കനെയാണ് തനിക്ക് വിവാഹം കഴിക്കേണ്ടി വന്നതെന്ന് പൊതുവേദികളില്‍ പോലും തുറന്നു പറഞ്ഞിട്ടുണ്ട് സെല്‍മ. മക്കള്‍ അരുണും താരയും.
സ്വന്തം ജീവിതത്തിലെ സ്ത്രീകളോടു മമത കാണിച്ചിട്ടില്ലെന്ന ആക്ഷേപം ജോര്‍ജ് തന്നെ ശരിവെച്ചിരുന്നുവെങ്കിലും സിനിമയില്‍ അദ്ദേഹമെന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ഇടം നല്‍കിയിട്ടുണ്ട്. ‘ആദാമിന്റെ വാരിയെല്ല്’ പോലെ സര്‍വ്വകാല പ്രസക്തിയുള്ള സ്ത്രീ കേന്ദ്രീകൃത സിനിമ സംഭവിച്ചതും കെ.ജി.ജോര്‍ജില്‍ നിന്നു തന്നെയായിരുന്നു.
തിരുത്താനാവാത്ത ഫ്ലാഷ്ബാക്കുകള്‍
ജോര്ജിനേറെ പ്രിയങ്കരനായിരുന്ന ഛായാഗ്രഹകനും സംവിധാകനുമായ ബാലു മഹേന്ദ്ര അന്നത്തെ മുന്‍നിര അഭിനേത്രി ശോഭയെ പ്രണയിച്ചിരുന്ന കാലം. ബാലുവിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ശോഭ നായികയാവുന്ന ഉള്‍ക്കടലില്‍ അദ്ദേഹത്തെ ക്യാമറാമാനായി വച്ചതും, അങ്ങനെ അവരുടെ ബന്ധത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതും, ഒടുവില്‍ ശോഭയുടെ ആത്മഹത്യ സംഭവിച്ചതും ഓര്‍ത്ത് ഒരിക്കല്‍ ജോര്‍ജ് ഇങ്ങനെ പറഞ്ഞു: ”അവരുടെ ബന്ധം ഞാനും ആസ്വദിച്ചിരുന്നു എന്നത് ശരിയാണ്. എന്നാല്‍ ഒന്നും ഇങ്ങനെ കലാശിക്കുമെന്ന് ഒരിക്കലും കരുതിയില്ല. പിന്നീടു സംഭവിച്ചതു നോക്കിയാല്‍ ഞാന്‍ ചെയ്തത് തെറ്റാണ്.” ജോര്‍ജിന്റെ മനസ്സ് എണ്ണം പറഞ്ഞ മറ്റൊരു സിനിമയായി പരിണമിച്ചു. ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ സിനിമക്കുള്ളിലെ സിനിമയുടെ പച്ചയായ ആവിഷ്കാരമായി.
ആ സിനിമ ഊട്ടിയില്‍ ഷൂട്ടു ചെയ്യുമ്പോള്‍ മറ്റൊരു തമിഴ് പടത്തിന്റെ ചിത്രീകരണത്തിനായി ബാലുമഹേന്ദ്രയും അവിടെയുണ്ടായിരുന്നു. തന്റെ കഥയാണ് ജോര്‍ജ് സിനിമയാക്കുന്നതെന്നും, ഒരുപക്ഷേ താന്‍ ആ സിനിമയില്‍ പ്രതിനായക പരിവേഷത്തിലായിരിക്കുമെന്നും അറിഞ്ഞുകൊണ്ടുതന്നെ ബാലു ജോര്‍ജ്ജിന് തന്നാല്‍ കഴിയുന്ന എല്ലാ സഹായവും നല്കി. ബാലു എന്ന മനുഷ്യന്റെ വലിപ്പമറിഞ്ഞ് ജോര്‍ജ് അത്ഭുതപ്പെട്ട സന്ദര്‍ഭമായി അത്.
ഉള്‍ക്കടല്‍ മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചിത്രമായി എണ്ണപ്പെടുന്നു. മാര്‍ ഇവാനിയോസ് കോളേജില്‍ ചിത്രീകരിച്ച ഉള്ക്കടലിലൂടെയായിരുന്നു മഹാനടനായ തിലകന്റെ അരങ്ങേറ്റം. സ്നേഹം മനുഷ്യര്‍ക്കു നല്കുന്ന അഗാധ സമ്മര്‍ദ്ദങ്ങളായിരുന്നു ഉള്‍ക്കടലിന്റെ ഇതിവൃത്തം.
പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ ശൈലിയെ ആത്മാവായി സ്വീകരിച്ച് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘പാലം അപകടത്തില്‍’എന്ന കൃതിയെ പഞ്ചവടിപ്പാലമാക്കി പുതുക്കിപ്പണിതത് ജോര്‍ജിന്റെ സംവിധാന മികവിന്റെ വ്യാപ്തി കാണിച്ചുതന്നു. കാര്‍ട്ടൂണിസ്റ്റ് യേശുദാസന് നല്കിയ കാര്‍ട്ടൂണ്‍ മോഡല്‍ സംഭാഷണങ്ങളെ എടുത്തു പറയണം. പിന്നീടുവന്ന രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളുടെയെല്ലാം തലതൊട്ടപ്പനായി ‘കറുത്തഹാസ്യ’ത്തില്‍ കെട്ടിപ്പൊക്കിയ ആ പാലം. പാലം തകരുന്ന ക്ലൈമാക്സ്അഞ്ചു ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചത് മലയാള സിനിമയില്‍ത്തന്നെ ആദ്യപരീക്ഷണമായി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈമളിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ സുശീല കാര്‍ മെക്കാനിക്ക് ഗിരിയോടൊപ്പം ഒളിച്ചോടുന്ന ‘മറ്റൊരാള്‍’ സി.വി. ബാലകൃഷ്ണന്റെ കഥയെ അവലംബിച്ചായിരുന്നു. സുഹൃത്തിന്റെ ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ ഗിരിയുടെ വീട്ടിലെത്തുന്ന ബാലന് പറയുന്നത് ‘ഇനിയും വൈകിയിട്ടില്ല’ എന്നാണ്. ഭാര്യ പറയുന്നതാവട്ടെ ‘ഇപ്പോള്‍ത്തന്നെ വൈകിയിരിക്കുന്നു’ എന്നും. സമയം വൈയക്തികമായ ഒന്നാണെന്ന് അയാള്‍ മനസ്സിലാക്കുന്നത് ദയനീയമായ അപമാനത്തിന്റെ ആ തെരുവില്‍ വച്ചായിരുന്നു. അസഹ്യമായ ഏകാന്തതയാണ് പിന്നീടയാളെ കാത്തിരിക്കുന്നത്.
തിരിച്ചുവരവിനൊരുങ്ങി പക്ഷേ…
ജോര്‍ജ് ക്ലീഷേകളോട് യുദ്ധം ചെയ്തു. ‘നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം’ എന്ന പൊ
തുബോധത്തെ കോലങ്ങളിലൂടെ നേരിട്ടു. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമായി കോലങ്ങള്‍. ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ പി.
ജെ. ആന്റണി എഴുതിയ നോവലായിരുന്നു. അവരുടെ പിണക്കങ്ങളും ഇണക്കങ്ങളും നന്മയും നിഷ്കളങ്കതയും, കിംവദന്തികളും, വലവിരിച്ച് ഇരപിടിക്കുന്ന മാംസദാഹവും വിധിയുടെ അലംഘനീയതയും കോലങ്ങളില്‍ കടന്നുവന്നു. തിലകന്റെ ‘കള്ളുവര്‍ക്കി’ അതിശക്തമായ കഥാപാത്രമായി. സമൂഹം ആസ്വദിച്ചു ചെയ്യുന്ന പെണ്‍വേട്ട അവിടെയും ജോര്‍ജിന് വിഷയമായി.
മേള എന്ന ചിത്രം വ്യത്യസ്തതകൊണ്ട് വ്യത്യസ്തമായി. സമ്പന്നനായ കുള്ളനെ വരിക്കുന്ന പെണ്‍കുട്ടിയും, അവളുടെ അടങ്ങാത്ത ഭൗതികമോഹങ്ങളും സമൂഹത്തിന്റെ സൃഷ്ടിയായ അഭിമാനബോധവും വിശ്വാസവും കൂടിച്ചേര്‍ന്ന് ലോകത്തെവിടെയും സംഭവിക്കാവുന്ന കഥയുടെ മേളനമായി ആ ചിത്രം. അതുവരെയുള്ള കമേഴ്സ്യല്‍ ചലച്ചിത്രാനുഭവങ്ങളെ നേര്‍ക്കുനേര്‍ തോല്പ്പിച്ചുകൊണ്ടായി മേളയുടെ കൊടിയേറ്റം. സര്‍ക്കസിലെ കോമാളിയായ കുള്ളന്റെ സുന്ദരിയായ ഭാര്യയും, പുതുതായി വരുന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയും സുന്ദരനുമായ യുവാവും തമ്മില്‍ രൂപപ്പെടുന്ന പ്രണയം മൂന്നു പേരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന കെടുതികളായിരുന്നു മേള.
ഹിംസയാണ് ആകെത്തുകയായ പ്രതിപാദ്യം എന്നു പറയാം. പലതരം ഹിംസകള്‍. മൃദുവായത്, പരസ്യമായത്, വെളിപ്പെടുന്നത്, വെളിപ്പെടാത്തത്, കാരണമുള്ളത്, കാരണമില്ലാത്തത്, സ്ത്രീ ചെയ്യുന്നത്, സ്ത്രീയോടു ചെയ്യുന്നത്…
പതിനെട്ട് പുരാണങ്ങളുമെഴുതി തൂലികവച്ച ശേഷം വേദവ്യാസന് പറഞ്ഞ വാക്യമുണ്ടല്ലോ
‘പരോപകാരമേ പുണ്യം
പാപമേ പരപീഡനം!’
ആ പാപത്തെയാണ് വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കെ.ജി. ജോര്‍ജിനും മതിയാവാതിരുന്നത്. ചലച്ചിത്രകാരന് പോയ്മറഞ്ഞാലും ഹിംസയെക്കുറിച്ച് കാലം എന്നും വിശകലനങ്ങള്‍ തുടരും. ഹിംസയുടെ കാരണവും ഉല്‍പ്പന്നവുമായ നിസ്സഹായതയാണ് ജോര്‍ജ് സമര്‍ത്ഥമായി പ്രയോഗിച്ച മറ്റൊരു നിറം.
കെ.ജി.ജോര്‍ജിന് സിനിമ മടുത്തിട്ടില്ലായിരുന്നു. അദ്ദേഹമെന്നും യുവസംവിധായകനായിരുന്നു. 1998 ല്‍ ഇറങ്ങിയ ‘ഇലവങ്കോട് ദേശം’ എന്ന ഫ്ളോപ്പിനുശേഷം പല തരത്തില്‍ അദ്ദേഹം തിരിച്ചുവരവിന് ശ്രമിച്ചിട്ടുണ്ട്. സി.വി.ബാലകൃഷ്ണനും മമ്മൂട്ടിയുമായി ചേര്‍ന്ന് ‘കാമമോഹിതം’ അനൗണ്‍സ് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അതുപോലൊരു നിര്‍ബന്ധബുദ്ധി സിനിമാലോകത്തിന് തിരിച്ച് ഉണ്ടായിരുന്നില്ല. സമയത്തിന്റെ കലയായ സിനിമ ആരെയും കാത്തു നില്‍ക്കില്ല. ചലച്ചിത്ര വ്യവസായത്തിന്റെ സമവാക്യങ്ങളെല്ലാം പ്രകാശവേഗത്തില്‍ മാറിമറിയുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കേണ്ടി വന്നു. പഴയ ഊര്‍ജ്ജം ഇപ്പോഴില്ല എന്ന തോന്നല്‍ ജോര്‍ജിനേയും ബാധിച്ചതോടെ നിറംകെട്ട ക്ലൈമാക്സുള്ള മികച്ച സിനിമ പോലെയായി കെ.ജി. ജോര്‍ജിന്റെ ഫിലിമോഗ്രഫിയുടെ ഒടുക്കം.
എങ്കിലുമെന്ത്, കെ.ജി.ജോര്‍ജ് എന്ന പേര് ചലച്ചിതപഠനത്തില് നമ്മുടെ മാതൃഭാഷകൊണ്ട് എത്ര മുന്‍പ് എഴുതപ്പെട്ടു കഴിഞ്ഞ അധ്യായമാണ്!
കെ.ജി.ജോര്‍ജിന്റെ സിനിമകള്‍
സ്വപ്നാടനം (1976), വ്യാമോഹം (1978), രാപ്പാടികളുടെ ഗാഥ (1978), ഇനിയവള് ഉറങ്ങട്ടെ (1978), ഓണപ്പുടവ (1978), മണ്ണ് (1978), ഉള്‍ക്കടല്‍(1979), മേള(1980), കോലങ്ങള്‍ (1981), യവനിക(1982), ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1984), പഞ്ചവടിപ്പാലം(1984), ഇരകള്‍(1985), കഥക്ക് പിന്നില്‍(1987), മറ്റൊരാള്‍ (1988) യാത്രയുടെ അന്ത്യം (1989), ഈ കണ്ണി കൂടി (1990), ഇലവങ്കോട് ദേശം (1998).
പ്രതികരിക്കാൻ ഇവിടെ എഴുതുക: