ചെന്നൈ: തമിഴ് നടന് സിദ്ധാര്‍ത്ഥിനെ ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കാതെ കര്‍ണ്ണാടകത്തിലെ ബന്ദനുകൂലികള്‍. കാവേരി ജലം തമിഴ്നാട്ടിന് നല്‍കുന്നതിന് എതിരെ ബിജെപി, ജെഡി(എസ്), കന്നട സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ബന്ദ് തുടരുന്നതിടയിലാണ് നടന് സിദ്ധാര്‍ത്ഥ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രൊമോഷന്റെ ഭാഗമായി വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയത്.
തമിഴ് ചിത്രമായ ‘ചിത്ത’യുടെ പ്രചരണാര്‍ത്ഥം എത്തിയതാണ് നടന് സിദ്ധാര്‍ത്ഥ്. ചിത്ത എന്ന തമിഴ് പതിപ്പിന്റെ കന്നട മൊഴിമാറ്റപതിപ്പായ ചിക്കുവിന്റെ പ്രചരണാര്‍ത്ഥമാണ് സിദ്ധാര്‍ത്ഥ് ബെംഗളൂരുവിലെ മല്ലേശ്വരത്തിനടുത്തുള്ള എസ് ആര്‍വി തിയറ്ററില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ എത്തിയത്. ബന്ദനുകൂലികള്‍ സിദ്ധാര്‍ത്ഥിനെ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കാതെ തടയുന്നതിന്റെ വീഡിയോ വൈറലാണ്.
സിദ്ധാര്‍ത്ഥ് സംസാരിച്ചുതുടങ്ങുമ്പോഴാണ് ബന്ദനുകൂലികള്‍ ഹാളിലേക്ക് കടന്നുവന്നത്. കാവേരി ജലത്തിന്റെ പേരില്‍ ബന്ദാണെന്നും വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ലെന്നും ബന്ദ് നടത്തുന്നവര്‍ പറയുന്നതായി വീഡിയോയില്‍ കാണാം. അവരെ കൂസാതെ കുറച്ചുനേരം സിദ്ധാര്‍ത്ഥ് ഇരുന്നെങ്കിലും ബന്ദനുകൂലികളുടെ സമ്മര്‍ദ്ദം മൂലം പിന്നീട് ഹാള്‍ വിട്ട് പോകേണ്ടിവന്നു. നരേന്ദ്രമോദിയെയും ബിജെപിയെയും ആവശ്യത്തിനും അനാവശ്യത്തിനും വിമര്‍ശിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. ഇക്കഴിഞ്ഞ കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന ഇ. ശ്രീധരനെ ഈ പ്രായത്തില്‍ ഇനി മുഖ്യമന്ത്രിയാകാനാണോ മത്സരിക്കുന്നതെന്ന് പരിഹസിച്ച നടന് കൂടിയാണ് സിദ്ധാര്‍ത്ഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: