തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച കൗതുകകരമായ ലേലം വിളി നടന്നു. വിളക്ക് ലേലം എന്ന് പേരുള്ള ഈ ലേലത്തില്‍ ഭക്തര്‍ ഗുരുവായൂരപ്പന് കാഴ്ചവെച്ച വിവിധ വസ്തുക്കളും ക്ഷേത്രത്തിനകത്ത് നിന്നും കളഞ്ഞുകിട്ടിയ സാധനങ്ങളും ലേലം വിളിയ്ക്കും. ഏറെ കൗതുകകരമായത് 105 വാച്ചുകളുടെയും 25 കിലോ മയില്‍പ്പിലിയുടെയും ലേലമാണ്. രണ്ട് ദിവസത്തെ ലേലത്തില്‍ ദേവസ്വത്തിന് പിരിഞ്ഞുകിട്ടിയത് 20.71 ലക്ഷം രൂപ.
ഭക്തര്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ചതും കളഞ്ഞുകിട്ടിയതുമായി ആകർഷകമായ 105 വാച്ചുകള്‍ ലേലത്തിനെത്തി. ലേലം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. ജിഎസ്ടി ഉൾപ്പെടെ 18,644 രൂപയ്ക്കാണ് ലേലം നടന്നത്. പലതരത്തിലുള്ള വാച്ചുകളെല്ലാം സ്വന്തമാക്കിയത് ഒരാൾ തന്നെയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു വർഷം വഴിപാടായി ലഭിച്ചതും ഭക്തരിൽ നിന്നും നഷ്ടപ്പെട്ടതുമായ ഉരുപ്പടികളുടെ ലേലമാണ് ഇന്ന് നടന്നത്. വളരെയധികം കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു ഇന്നത്തെ ലേലം. നോട്ടെണ്ണൽ യന്ത്രം ലേലത്തിൽ ഉണ്ടായിരുന്നു…….
ഏറ്റവും ആകർഷകമായത് മയിൽപ്പീലിയായിരുന്നു. 25 കിലോ മയിൽപ്പീലിയാണ് ലേലത്തിന് വെച്ചത്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ നാലമ്പലത്തിനുള്ളിലും പുറത്ത് ദീപസ്തംഭത്തിനടുത്തുള്ള വലിയ ഭണ്ഡാരത്തിന് മുകളിലും മയിൽപ്പീലി സമർപ്പിക്കുന്നത് പതിവാണ്. ഇവയാണ് ലേലത്തിന് വെച്ചത്. മയില്‍പ്പീലി മുഴുവനായി ലേലത്തില്‍ 11,800 രൂപയ്ക്ക് സ്വന്തമാക്കിയത് ഗുരുവായൂർ സ്വദേശിയാണ്.
ആനച്ചമയങ്ങൾ, ആറ് ചാക്ക് ചന്ദനത്തിരി, പലതരം അലങ്കാര വിളക്കുകൾ, മരം കൊണ്ടുള്ള വിളക്കുകൾ, അലുമിനിയം പാത്രങ്ങൾ, പിച്ചള-സ്റ്റീൽ കുടങ്ങൾ, തളികകൾ, വീൽച്ചെയറുകൾ, കസേരകൾ, ടയറുകൾ, വലിയ ഡപ്പകളിലെ പെയിന്റുകൾ എന്നിവയായിരുന്നു ലേലത്തിന് ഉണ്ടായിരുന്നത്. രണ്ട് ദിവസം കൊണ്ട് 20.71 ലക്ഷം രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്. വിളക്കുലേലമെന്നാണ് പറയപ്പെടുന്നതെങ്കിലും ഒട്ടേറെ വസ്തുക്കള്‍ ലേലത്തിനെത്തി. പലപ്പോഴും പതിവായി എത്തുന്നവര്‍ തന്നെയാണ് ഇക്കുറിയും വസ്തുക്കള്‍ ലേലത്തില്‍ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: