ചങ്ങനാശേരി: കുണ്ടും കുഴികളും നിറഞ്ഞു നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും റോഡുകള്‍ തകര്‍ന്ന നിലയില്‍. നടപ്പാതയും പൊട്ടിത്തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒന്നും കാണാത്ത മട്ടിലാണ് അധികൃതര്‍. ദിവസേന വാഹനാപകടങ്ങളും, കാല്‍നടയാത്രികര്‍ കുഴിയില്‍ വീണുള്ള അപകടങ്ങളും പതിവാകുകയാണ്.
ബൈപ്പാസ് റോഡ്, പെരുംതുരുത്തി-മണര്‍കാട് ബൈപ്പാസ് റോഡും മാസങ്ങളായി തകര്‍ന്നു കിടക്കുകയാണ്. ഇരുചക്രവാഹന യാത്രികരാണ് ഇവിടെ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. നഗരത്തിലെ നടപ്പാത സര്‍വത്ര പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
നടപ്പാതയില്‍ കാല് കുരുങ്ങി വീണ വീട്ടമ്മയ്ക്ക് പരിക്ക് പറ്റിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്.
സ്കൂള്‍ വിദ്യാര്‍ഥികളും അപകടത്തില്‍പെടുന്നത് പതിവാണ്. വഴിവിളക്കുകളും പ്രകാശിക്കുന്നില്ല. റോഡ് തകര്‍ന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ രാത്രിസമയത്ത് നിരവധി യാത്രക്കാരാണ് റോഡില്‍ വീഴുന്നത്. ശക്തമായ മഴ പെയ്താല്‍ വെളളം കെട്ടികിടക്കുന്ന അവസ്ഥയാണ്.
പലയിടങ്ങളിലും നാട്ടുകാര്‍ മണ്ണിട്ട് കുഴികള്‍ അടച്ചിരുന്നു. ലക്ഷങ്ങള്‍ മുടക്കി ടൈലുകള്‍ പാകിയ നടപ്പാതയാണ് പൊട്ടി പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. ചില ഭാഗങ്ങളില്‍ തട്ടുകടക്കര് നടപ്പാത കയ്യേറിയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: