തിരുവനന്തപുരം: ദേശാഭിമാനിയില്‍ പരസ്യ വിഭാഗം മാനേജര്‍മാര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ സ്ഥാപനത്തിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ ഒളിപ്പിക്കാനുള്ള തന്ത്രമെന്നു സൂചന.. ഇ ഡി അന്വേഷണം ദേശാഭിമാനിയിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചതോടെ സ്ഥാപനത്തെയും നേതാക്കളെയും രക്ഷിക്കാനും ഇഡിയുടെ കണ്ണില്‍ പൊടിയിടാനുമാണ് മാനേജര്‍മാരെ ബലിയാടാക്കുന്നത്. സോഫ്റ്റ് വെയര്‍ തിരിമറിയിലൂടെയും കമ്മിഷന് വാങ്ങിയും പരസ്യ വരുമാനം കുറച്ചു കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് കൊച്ചി യൂണിറ്റ് മാര്‍ക്കറ്റിങ് മാനേജര്‍ , കണ്ണൂര്‍ യൂണിറ്റ് അക്കൗണ്ട്സ് സീനിയര്‍ ക്ലര്‍ക്ക് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ചെറിയ പരസ്യങ്ങള്‍ക്ക് വലിയ തുകയും ഫുള്‍ പേജ് പരസ്യങ്ങള്‍ക്ക് ചെറിയ തുകയുമെന്നുള്ള തരത്തില്‍ പരസ്യ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുന്നത് മാധ്യമങ്ങളെ ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ രീതിയാണ്. ആഗോള തലത്തില്‍ നിലവിലുള്ള തട്ടിപ്പു രീതിയാണിത്. സി പി എമ്മിനുള്ള കോഴപ്പണം ദേശാഭിമാനിയില്‍ പരസ്യ വരുമാനമെന്ന രീതിയിലും കൈപ്പറ്റിയതായിട്ടാണ് പുറത്തു വരുന്ന സൂചനകള്‍.
ദേശാഭിമാനി പരസ്യ വിഭാഗം മാനേജര്‍മാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് പാര്‍ട്ടി നേതാക്കളുടെ അറിവോടെ ആയിരുന്നുവെന്നാണ് നടപടി നേരിടുന്നവര്‍ നല്കുന്ന സൂചന. സഹകരണ ബാങ്കുകളില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ ശേഷം ജീവനക്കാരെ ബലിയാടാക്കുന്ന അതേ തന്ത്രമാണ് ദേശാഭിമാനിയിലും പ്രയോഗിക്കുന്നത്.
ഇ.പി.ജയരാജന് ദേശാഭിമാനിയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഇത്തരത്തില്‍ പരസ്യ വരുമാനത്തില്‍ കൃത്രിമം കാട്ടി കള്ളപ്പണം വെളുപ്പിക്കുന്ന രീതി നടപ്പിലാക്കിയത്. ദേശാഭിമാനി പരസ്യ വിഭാഗത്തിലേക്ക് ഇ.പി.ജയരാജന് കുറച്ച് എംബിഎ ക്കാരെ നിയമിച്ചത് ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്ന് പാര്‍ട്ടി്ക്കുള്ളില്‍ തന്നെ ആരോപണം ഉണ്ട്.. സോഫ്റ്റ് വെയര്‍ കൃത്രിമത്തിലൂടെ തിരിമറിക്കുള്ള സംവിധാനവും സജ്ജമാക്കി. ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ വിഭാഗത്തെ വിശ്വാസത്തിലെടുക്കാതെ രഹസ്യമായാണ് പരസ്യ വിഭാഗം മുഖേന തട്ടിപ്പു നടത്തിയത്.
കള്ളപ്പണമായി നൽകിയ പരസ്യത്തിന്റെ ഓർഡർ ക്യാൻസൽ ചെയ്തതായി രേഖയുണ്ടാക്കി കള്ളപ്പണം അക്കൗണ്ടിലൂടെ വെളുപ്പിച്ച് മടക്കി നൽകുന്നതാണ് സ്ഥിരം രീതി.
നിയമിച്ച രാഷ്ട്രീയ നേതാക്കളോടുള്ള കൂറു കാരണം പരസ്യ വിഭാഗക്കാര്‍ തട്ടിപ്പു രഹസ്യമാക്കി വച്ചു. പെട്ടെന്നു സ്ഥാപനത്തില്‍ ഓഡിറ്റിങ്ങ് നടത്തി പരസ്യ വിഭാഗം മാനേജര്‍മാരെ ബലിയാടാക്കി തട്ടിപ്പില്‍ പാര്‍ട്ടി നേതാക്കളെ മറയാക്കാനാണ് നീക്കം. ഇ ഡി അന്വേഷണമുണ്ടായാല്‍ സഹകരണ ബാങ്കുകളിലെ ജീവനക്കാരെ പോലെ ദേശാഭിമാനിക്കാരും പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: