കൊച്ചി: ദേശാഭിമാനിയില്‍ സോഫ്റ്റ് വെയര്‍ തിരിമറിയിലൂടെയും കമ്മിഷന് വാങ്ങിയും പരസ്യ വരുമാനം കുറച്ചു കാട്ടി സാമ്പത്തിക തട്ടിപ്പ് . ഓണക്കാലത്ത് ഫുള്‍ പേജ്, ജാക്കറ്റ് പരസ്യങ്ങള്‍ക്ക് അമിത ഡിസ്കൗണ്ട് നല്കി കോടികളുടെ കമ്മിഷന് പോക്കറ്റിലാക്കിയ കൊച്ചി യൂണിറ്റ് മാര്‍ക്കറ്റിങ് മാനേജരെ സസ്പെന്‍ഡ് ചെയ്തു.
കണ്ണൂര്‍ യൂണിറ്റില്‍ സോഫ്റ്റ് വെയര്‍ തിരിമറിയിലൂടെ 75 ലക്ഷം രൂപ തട്ടിയ അക്കൗണ്ട്സ് സീനിയര്‍ ക്ലര്‍ക്കിനെ കുറച്ചു മാസം മുന്‍പ് സസ്പെന്‍സ് ചെയ്തിരുന്നു. ഇക്കാര്യം ചീഫ് എഡിറ്റര്‍ ദിനേശന് പുത്തലത്ത് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു ദേശാഭിമാനിയുടെ എല്ലാ യൂണിറ്റുകളിലും സമഗ്ര ഓഡിറ്റിങ് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് നടന്നു വരുന്ന പരിശോധനയിലാണ് കൊച്ചി യൂണിറ്റിലെ ഓണ പരസ്യ തട്ടിപ്പു പിടികൂടിയത്.
15 ലക്ഷം രൂപ താരിഫുള്ള ജാക്കറ്റ് പരസ്യങ്ങള്‍ക്ക് വന്‍ ഡിസ്കൗണ്ടില്‍ വെറും മൂന്നു ലക്ഷം രൂപ ബില്ലിട്ടു. പരസ്യ ധാതാക്കളില്‍ നിന്നു ലക്ഷങ്ങള്‍ കമ്മിഷന് പറ്റിയ ശേഷമാണ് നഷ്ട നിരക്കില്‍ പരസ്യം സ്വീകരിച്ചത്. ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റിങ് മാനേജരെ സസ്പെന്‍ഡു ചെയ്തത്.
കോട്ടയം യൂണിറ്റിലും സമാനമായ തിരിമറികള്‍ നടത്തിയവരെ ജനറല്‍ മാനേജര്‍ സംരക്ഷിക്കുന്നതായി ആരോപണമുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ദേശാഭിമാനിയില്‍ പല മാനേജര്‍മാരുടെയും തല ഉരുളും.
സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയിലും ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലും എത്തിച്ച പരസ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പരാതി ലഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: