കോട്ടയം: കുടയംപടിയിലെ ചെരുപ്പുകട ഉടമ വീടിനുള്ളില്‍ തൂങ്ങി മരിച്ചത് വായ്പയെടുത്ത ബാങ്ക് അധികൃതരുടെ പീഡനം മൂലമെന്ന് പരാതി. പാണ്ഡവം ആറാട്ടുകടവിനു സമീപം വാടകയ്ക്കു താമസിക്കുന്ന കെ.സി. ബിനു (50) വിനെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹവുമായി ജനക്കൂട്ടം ബാങ്കിനുമുന്നില്‍ പ്രതിഷേധിച്ചു.
ബിസിനസ് വിപുലീകരണത്തിന് ബിനു കോട്ടയം നാഗമ്പടത്തെ കര്‍ണാടക ബാങ്കിന്റെ ശാഖയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലും വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കടയിലെത്തി പണം സൂക്ഷിച്ചിരുന്ന മേശവലിപ്പില്‍ നിന്നും മുഴുവന്‍ പണവും എടുത്തുകൊണ്ടു പോയതായി ബിനുവിന്റെ കുടുംബം പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. തിങ്കളാഴ്ച മൂന്നു മണിയോടെ കടയടച്ച് വീട്ടിലെത്തിയ ബിനു ആത്മഹത്യ ചെയ്യുകയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന ഇളയ കുട്ടിയെ കൂട്ടാന്‍ ഭാര്യ പുറത്തു പോ
യ സമയത്താണിത്.
ഇന്നലെ രാവിലെ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങിയ നാട്ടുകാരും ബന്ധുക്കളും നാഗമ്പടത്തെ ബാങ്കിന്റെ മുന്നില്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്ന് ബാങ്കിന്റെ ശാഖ അടച്ചു. ബാങ്കിന് മുന്‍വശത്ത് പോലീസ് ബാരിക്കേഡ് തീര്‍ത്തിരുന്നു. ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു വന്നതോടെ ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി ചര്‍ച്ച നടത്തി. കേസ് എടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ബിനുവിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായികളുടെ സംഘടനയും സമരം നടത്തി.മൃതദേഹം മുട്ടമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
ഷൈനിയാണ് ബിനുവിന്റെ ഭാര്യ. മക്കള്‍: നന്ദന, നന്ദിത.
രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരന് പ്രദീപ് നിരന്തരം ബിനുവിന്റെ കടയില്‍ എത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് ബിനുവിന്റെ മകള്‍ നന്ദന മാധ്യമങ്ങളോട് പറഞ്ഞു. പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായും മകള്‍ നന്ദന വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: