ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം നേടി ഇന്ത്യ. അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യന്‍ നേട്ടം.
സുദിപ്തി ഹജേല, ദിവ്യകൃതി സിങ്ങ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. ചൈനയ്ക്ക് വെള്ളിയും ഹോങ്കോങ് വെങ്കലവും കരസ്ഥമാക്കി.
1986ല്‍ നേടിയ വെങ്കലമാണ് ഡ്രസ്സേജ് ഇനത്തില്‍ ഇന്ത്യ ഇതിനുമുമ്പ് അവസാനമായി നേടിയ ഏഷ്യന്‍ ഗെയിംസ് മെഡല്‍. 1982ല്‍ നടന്ന ഗെയിംസില്‍ വ്യക്തിഗത, ടീം ഇനങ്ങളിലായി മൂന്ന് സ്വര്‍ണം ലഭിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 14-ാം മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്.
നാലാംദിനമായ ഇന്ന് സെയ്ലിങ്ങില് നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലവും സ്വന്തമാക്കിയിരുന്നു.
നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 14 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. മെഡല്‍ നിലയില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. 45 സ്വര്‍ണം നേടിയ ആതിഥേയരായ ചൈനയാണ് ഒന്നാമത്. കൊറിയ 12 സ്വര്‍ണവുമായി രണ്ടാമതും, ജപ്പാന് ആറ് സ്വര്‍ണവുമായി മൂന്നാമതുമുണ്ട്.
വുഷു താരങ്ങളായ സൂര്യ ഭാനു പ്രതാപ് സിങ്, സൂരജ് യാദവ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ബോക്സിങ് താരം സച്ചിന് പ്രീ ക്വാര്‍ട്ടറിലും കടന്നിട്ടുണ്ട്. പുരുഷന്മാരുടെ സ്ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സിംഗപ്പൂരിനെ തോല്പിച്ചു.
പുരുഷന്മാരുടെ 100 മീറ്റര്‍ റിലേ നീന്തലില്‍ മലയാളി താരം സജന് പ്രകാശ് ഉള്‍പ്പെട്ട ടീം നാലാമതായി ഫിനിഷ് ചെയ്ത് ഫൈനലില്‍ കടന്നു.
പുരുഷ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഗ്രൂപ്പ് മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ 16 ഗോളുകള്‍ക്ക് തകര്‍ത്തു. ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിങ്ങും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 4×100 മെഡ്ലെ റിലേയില്‍ ഇന്ത്യയുടെ നീന്തല്‍ ടീം ഫൈനലിലെത്തിയിട്ടുണ്ട്. ഹീറ്റ്സില്‍ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: