തിരുവനന്തപുരം: സിപിഐ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ 57 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്റെ സൂത്രധാരന്‍ എന്ന് സഹകരണ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളില്‍ നിന്നും തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കോടികളുടെ നിക്ഷേപച്ചോര്‍ച്ചയ്ക്കു കാരണം സഹകരണ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഭരണം നടത്തിയ ഭരണ സമിതിയും ജീവനക്കാരുമെന്ന് അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നിക്ഷേപ മൂല്യശോഷണം 101 കോടി രൂപയാണ്. നിയമവിരുദ്ധ പ്രവൃത്തികളിലൂടെ മാത്രം സംഘത്തിനുണ്ടായ നഷ്ടം 57.24 കോടി രൂപയാണ്.
മുന്‍ പ്രസിഡന്റിനും ബന്ധുക്കള്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നിബന്ധനകള്‍ പാലിക്കാതെ അനധികൃതമായി നല്കിയ വായ്പ 34.43 കോടി രൂപയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച പലിശയേക്കാള്‍ ഉയര്‍ന്ന പലിശ നല്കി നിക്ഷേപം സ്വീകരിച്ചു. നിക്ഷേപം വകമാറ്റി നിക്ഷേപകര്‍ക്ക് കോടികള്‍ പലിശ നല്കി. ഈടില്ലാതെ വായ്പ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വായ്പ കിട്ടിയത് പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടേയും ബന്ധുക്കള്‍ക്കാണ്.
ഒരേ ഭൂമി ഒന്നിലധികം തവണ ഈടു വെച്ച് വായ്പ നല്കി. ഓരോ വായ്പയ്ക്കും ഭൂമിക്ക് തോന്നുംപടി മൂല്യനിര്‍ണയം നടത്തി. ഭാസുരാംഗന് ഭാരവാഹിയായ മാറനല്ലൂര്‍ ക്ഷീരസംഘത്തിനും ക്രമവിരുദ്ധമായി പണം നല്കി. സംഘത്തില്‍ സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപയുടെ ഓഹരിയും എടുത്തു. ഇത് ഭാസുരാംഗന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാസുരാംഗനില്‍ നിന്ന് 5,11,13,621 രൂപ ഈടാക്കാന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
2003 മുതലുള്ള ഭരണ സമിതി അംഗങ്ങളും സെക്രട്ടറിമാരും തുക അടയ്ക്കേണ്ടവരുടെ പരിധിയിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം സഹകരണ മേഖല അപകടത്തിലാകുമെന്നും സഹകരണ നിയമം 68(1) അനുസരിച്ചു നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിക്ഷേപകരുടെ പരാതിയില്‍ ഇതേവരെ പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 58 കേസുകളാണ്. എന്നാല്‍ തുടര്‍നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: