ഹാന്‍ ക്യോ എന്നാല്‍ ഒറ്റ രാജ്യം. ഹാങ്‌ചോ നഗരം ഇപ്പോള്‍ ഹാന്‍ ക്യോ ആണ്. വനിതാ ക്രിക്കറ്റിന്റെ കലാശപ്പോര് കാണാനുള്ള യാത്രയെപ്പറ്റി കുറിക്കാം. ഭാരതത്തിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഏഷ്യന്‍ ഗെയിംസില്‍ കളിക്കണമെങ്കില്‍ ഇന്ത്യ ഫൈനലില്‍ കടക്കണമായിരുന്നു. ബംഗ്ലാദേശില്‍ നടന്ന പരമ്പരയില്‍ മോശം പെരുമാറ്റത്തിന് അവര്‍ രണ്ടു മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു. ഐസിസി റാങ്കിലെ മികവുകൊണ്ട് ഇന്ത്യ നേരിട്ടു ക്വാര്‍ട്ടറില്‍ എത്തിയതോടെയാണ് ഹര്‍മന്‍പ്രീതിന്റെ അവസരം കലാശക്കളിയില്‍ മാത്രമായി ഒതുങ്ങിയത്.
പക്ഷേ, ഫൈനലില്‍ നായികയ്‌ക്കു തിളങ്ങാനായില്ല. രണ്ടു റണ്‍സിന് അവര്‍ പുറത്തായി. ബംഗ്ലാദേശ് സംഭവത്തില്‍ ഹര്‍മന്‍പ്രീതിന് ഖേദമൊന്നും തോന്നിയില്ലെങ്കിലും സസ്‌പെന്‍ഷന്‍ അവരെ അലട്ടിയെന്നു വ്യക്തം.
ഫൈനല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍. കളി ചൈനീസ് സമയം ഉച്ചയ്‌ക്ക് രണ്ടിന്. റോവിങ് മത്സരങ്ങള്‍ കഴിഞ്ഞ് പല ബസ് മാറിയെത്തിയപ്പോള്‍ സ്റ്റേഡിയത്തിലേക്കുള്ള ഒരു മണിയുടെ ബസ് പോയി. അടുത്തത് രണ്ടിനു മാത്രം. ഞങ്ങള്‍ മൂന്ന് ഇന്ത്യക്കാരും അത്രയും ശ്രീലങ്കക്കാരുമുണ്ട്. ബസ് സ്റ്റാന്‍ഡില്‍ പുതിയൊരു സൗഹൃദം. ഒരു ടാക്‌സി സംഘടിപ്പിച്ചു. തേയിലത്തോട്ടങ്ങള്‍ കണ്ട് ഒരു മണിക്കൂര്‍ യാത്ര. മീഡിയ വാഹനമല്ലായിരുന്നതിനാല്‍ പ്രധാന ഗേറ്റില്‍ തടഞ്ഞു. ലാപ്‌ടോപ്പും ടാബുമൊക്കെ ഓപ്പണ്‍ ചെയ്തു കാണിക്കണം. നിബന്ധനകള്‍ പാലിച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ ശ്രീലങ്കന്‍ റിപ്പോര്‍ട്ടര്‍മാരുടെ ക്യാമറ കടത്തി വിടില്ല. പാസ് ഉള്ളവര്‍ക്കേ ക്യാമറ അകത്തുകൊണ്ടു പോകുവാന്‍ അനുവാദമുള്ളത്രേ. സൗഹൃദം മുറിഞ്ഞു. ഞങ്ങള്‍ മുന്നോട്ടു നടന്നു.
അന്താരാഷ്‌ട്ര മത്സരങ്ങളില്‍ രാജ്യമാണു വലുത്. എങ്കിലും ടീമില്‍ മിന്നു മണി ഇല്ലെന്ന് അറിഞ്ഞപ്പോള്‍ ഒരു നഷ്ടബോധം. വനിതാ ക്രിക്കറ്റിന് ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്നു നേരത്തെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ കണ്ട മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. സത്യമാണ്. ഫൈനല്‍ ആയിരുന്നിട്ടും കാണികള്‍ കുറവ്.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഹാന്‍ ക്യോ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കിം ചാങ് ക്യൂമും ഫൊട്ടോഗ്രാഫര്‍ യൂന്‍ വൂന്‍ സിക്കും അവരുടെ പ്രധാനമന്ത്രി ഹാന്‍ ദിയോക് സൂ അത്‌ലറ്റിക് വില്ലേജ് സന്ദര്‍ശിച്ച കഥ പറഞ്ഞപ്പോള്‍ ഇടയ്‌ക്കിടെ പിലീജ് എന്നു പറഞ്ഞു. ഇതെന്തെന്ന് ചോദിച്ചപ്പോള്‍ കൊറിയക്കാര്‍ വില്ലേജ് എന്ന് ഉച്ചരിക്കുന്നത് അങ്ങനെയെന്നു വിശദീകരണം. അവര്‍ക്കത് മോള്‍ ആണത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: