ജി. കിഷന് റെഡ്ഡി
കേന്ദ്ര വടക്കുകിഴക്കന്‍ മേഖല വികസന മന്ത്രി
വടക്കു കിഴക്കന്‍ മേഖലയിലേക്ക് ഓരോ തവണ യാത്ര ചെയ്യുമ്പോഴും, രാജ്യമെമ്പാടുമുള്ള യുവമോര്‍ച്ചയിലെ എന്റെ സഹപ്രവര്‍ത്തകരുമൊത്തുള്ള മുന്‍ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളുണ്ടാകാറുണ്ട്. ആ ദിവസങ്ങളില്‍, ഗതാഗത സൗകര്യങ്ങളുടെ അഭാവം, ഉയര്ന്നുവിരുന്ന സുരക്ഷാ ഭീഷണി, ബന്ദുകളും റോഡ് ബ്ലോക്കുകളും മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നിവയില്‍ കാര്യമായ ശ്രദ്ധ ചെലുത്താതെ, പ്രദേശത്തെ ഞങ്ങളുടെ സഹോദരീസഹോദരന്മാരുമായി ഇടപഴകാനും അവരുടെ സംസ്കാരം പരിചയപ്പെടാനും, വെല്ലുവിളികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനുമുള്ള അവസരം ഞങ്ങള്‍ അമൂല്യമായി കരുതി.
എന്നിരുന്നാലും, രാഷ്ട്രീയ അവഗണന, പ്രകടമായ അനീതികള്‍, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള പ്രകടമായ അകല്‍ച്ച എന്നിവ കാരണം മാറ്റത്തിന് തുടക്കമിടാനുള്ള ഞങ്ങളുടെ അചഞ്ചലമായ ആവേശവും അക്ഷീണ മനോഭാവവും കാര്യമായ തടസ്സങ്ങള്‍ നേരിട്ടു. ഖേദകരമെന്നു പറയട്ടെ, നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പലപ്പോഴും ”സ്റ്റെപ്പ് സിസ്റ്റേഴ്സ്” എന്നു വിളിച്ചിരുന്നു. എന്നിരുന്നാലും, കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ഇതേ സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുമ്പോള്‍, എനിക്ക് സംതൃപ്തിയും ആശ്വാസവും തോന്നുന്നു. നമ്മുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക്, അല്ലെങ്കില്‍ കൂടുതല്‍ ഉചിതമായി ”അഷ്ടലക്ഷ്മി” എന്ന് വിളിക്കപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക്, ഒടുവില്‍ അര്‍ഹമായ ശ്രദ്ധയും പിന്തുണയും ലഭിക്കുന്നു.
”ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖല വികസിക്കാതെ ഇന്ത്യ പുരോഗതി പ്രാപിക്കില്ല” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്‍പത് വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ 9 വര്‍ഷം നടത്തിയ തന്ത്രപരമായ ഇടപെടലുകള്‍ ഭാവിയില്‍ തടസ്സമില്ലാത്ത വികസനം സാധ്യമാക്കുന്നതിനുള്ള ശക്തമായ അടിത്തറ സ്ഥാപിച്ചു. കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം കോടിയിലധികം ചെലവഴിച്ച്, പ്രദേശത്തിന്റെ വികസനത്തിനായി കേന്ദ്ര ഗവണ്മെന്റ് വലിയ സാമ്പത്തിക സഹായം നല്കി. 2014-നും 2023-നും ഇടയില്‍ വടക്കു കിഴക്കന്‍ മേഖലയിലേക്ക് 54 കേന്ദ്ര മന്ത്രാലയങ്ങളുടെ മൊത്തം ബജറ്റ് വിഹിതത്തില്‍ ഏകദേശം 233% വര്‍ധനയുണ്ടായി. പുതുതായി അനുവദിച്ച 6600 കോടി രൂപയുടെ പിഎം ഡിവൈന്‍ പദ്ധതി, വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഉപജീവനവും വളര്‍ച്ചാ അവസരങ്ങളും സൃഷ്ടിക്കും. ഗതാഗത സൗകര്യം, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സാമ്പത്തിക ഉത്തേജനവും വിവേകപൂര്‍ണവും ലക്ഷ്യബോധമുള്ളതുമായ നിക്ഷേപവും ഗവണ്മെന്റിനെ സജ്ജമാക്കി.
2003 മുതല്‍ മുടങ്ങിക്കിടന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലമായ ഭൂപന്‍ ഹസാരിക സേതു 2017 മെയ് മാസത്തില്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഇത് അസമിനും അരുണാചല്‍ പ്രദേശിനും ഇടയിലുള്ള യാത്രാ സമയം 6 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറച്ചു. 2018 ഡിസംബര്‍ 25ന് ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍പ്പാലമായ ബോഗിബീല്‍ ദല്‍ഹിക്കും ദിബ്രുഗഢിനും ഇടയിലുള്ള യാത്രാ സമയം 3 മണിക്കൂര്‍ കുറച്ചു. ഭാരതരത്ന അടല്‍ ജിയുടെ കീഴില്‍ 2002ല്‍ പാലത്തിന്റെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും 2004ല്‍ യുപിഎ ഗവണ്മെന്റ് അധികാരത്തില്‍ വന്നതോടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോള്‍ മാത്രമാണ് നിര്‍മാണത്തിന് വേഗത കൈവന്നത്. അതുപോലെ, 2014നു മുമ്പ്, ഗുവാഹത്തിയെ മാത്രമേ റെയില്‍ വഴി ബന്ധിപ്പിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് തലസ്ഥാന സമ്പര്‍ക്കസൗകര്യ പദ്ധതിക്ക് കീഴില്‍, അരുണാചല്‍, ത്രിപുര, മണിപ്പുര്‍ എന്നിവയെ കൂട്ടിയിണക്കി. ശേഷിക്കുന്ന 5 സംസ്ഥാനങ്ങളിലെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഉദാഹരണത്തിന് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നാം ഭൂപ്രകൃതിയുടെ പരിമിതികളെ മറികടക്കുകയാണ്. ജിരിബാം-ഇംഫാല്‍ റെയില്‍ പാതയില്‍ ലോക റെക്കോര്‍ഡ് ഭേദിച്ചു കൊണ്ട്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയര്‍ ബ്രിഡ്ജ് നിര്‍മിച്ചത് വടക്കു കിഴക്കന്‍ മേഖലയിലാണ്.
കൂടാതെ, കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍, വിനോദസഞ്ചാരത്തിനും സാമ്പത്തിക സാധ്യതകള്‍ക്കും വലിയ ഉത്തേജനം നല്‍കിക്കൊണ്ട്, വ്യോമ ഗതാഗത സൗകര്യങ്ങള്‍ ഉയര്‍ന്ന തോതില്‍ മെച്ചപ്പെട്ടു. 2014ലെ 9 വിമാനത്താവളങ്ങളുടെ സ്ഥാനത്ത് ഇന്ന് 17 വിമാനത്താവളങ്ങളുണ്ട്. അരുണാചല്‍ പ്രദേശിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ ഡോണി പോളോയും 2022ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അഗര്‍ത്തലയിലെ മഹാരാജ ബീര്‍ ബിക്രം (എംബിബി) വിമാനത്താവളത്തിന്റെ അത്യാധുനിക സംയോജിത ടെര്‍മിനലും വ്യോമ ഗതാഗതത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ തിളങ്ങുന്ന ഉദാഹരണങ്ങളാണ്.
വടക്കുകിഴക്കന്‍ മേഖലയില്‍ വികസനം സാധ്യമല്ലെന്ന മുന്‍ ഗവണ്മെന്റുകളുടെ ദീര്‍ഘകാല വാദത്തെ വെല്ലുവിളിച്ച് നിലവിലെ ഗവണ്മെന്റ് ഈ പ്രദേശത്തിന്റെ ജലപാത സാധ്യതകള്‍ തുറക്കാന്‍ ശ്രമിക്കുകയാണ്. 2014-ന് മുമ്പ് ഒരു ദേശീയ ജലപാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ വടക്കു കിഴക്കന്‍ മേഖലയില്‍ 20 ദേശീയ ജലപാതകളുണ്ട്. ഇത് ബ്രഹ്മപുത്രയുടെയും ബരാക് നദിയുടെയും അപാരമായ ഗതാഗത സാധ്യതകള്‍ തുറന്നുകാട്ടുന്നു.
തെക്കുകിഴക്കന്‍ ഏഷ്യയുമായി കൂടുതല്‍ സാമ്പത്തികവും സാംസ്കാരികവുമായ ബന്ധം സ്ഥാപിക്കുന്നതിന്, ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട്, ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ കേന്ദ്രബിന്ദുവായി വടക്കുകിഴക്കന്‍ മേഖലയെ വികസിപ്പിക്കുകയാണ്. മ്യാന്മറുമായുള്ള 2904 കോടി രൂപയുടെ കലാദാന്‍ ബഹുതല പദ്ധതി, ബംഗ്ലാദേശുമായുള്ള 1100 കോടി രൂപയുടെ അഗര്‍ത്തല-അഖൗറ റെയില്‍വേ പദ്ധതി, 1548 കോടി രൂപയുടെ ഇന്ത്യ-മ്യാന്മര്-തായ്ലന്ഡ്-ത്രിരാഷ്ട്ര ഹൈവേ എന്നിവയാണ് ‘ആക്റ്റ് ഈസ്റ്റ്’, ‘അയല്‍രാജ്യങ്ങള്‍ ആദ്യം’ എന്നിങ്ങനെയുള്ള രാജ്യത്തിന്റെ നയങ്ങളില്‍ വടക്കുകിഴക്കന്‍ ഇന്ത്യയെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് സ്ഥാപിക്കുന്ന സുപ്രധാന പദ്ധതികള്‍. 1972നു ശേഷം ആദ്യമായി ഉള്‍നാടന്‍ ജലഗതാഗതവും വ്യാപാരവും സംബന്ധിച്ച ഇന്ത്യ ബംഗ്ലാദേശ് പ്രോട്ടോക്കോള്‍ 2015-ല്‍ പുതുക്കിയതും ബംഗ്ലാദേശിലെ ഛതോഗ്രാം, മോംഗ്ല തുറമുഖങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കിയതും ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ സുപ്രധാന നേട്ടങ്ങളാണ്.
മേഖലയില്‍ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2014നും 2022നും ഇടയില്‍, കലാപ സംഭവങ്ങള്‍ 76% കുറഞ്ഞു. സുരക്ഷാ സൈനികരുടെ മരണത്തില്‍ 90 ശതമാനവും സാധാരണക്കാരുടെ മരണത്തില്‍ 97 ശതമാനവും കുറവുണ്ടായി. 8000ത്തിലധികം തീവ്രവാദികള്‍ ഇതുവരെ കീഴടങ്ങി. ‘അഫ്സ്പ’യുടെ പരിധിയില്‍ 75% കുറവുണ്ടായി. ശാശ്വതമായ പ്രതിവിധികളിലേക്ക് നീങ്ങുന്നതിന് വിമത സംഘങ്ങളുമായി നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കുകയും മുഖ്യധാര സമൂഹവുമായുള്ള അവരുടെ പുനഃസംയോജനത്തിനായി പുനരധിവാസ പാക്കേജുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
വടക്കു കിഴക്കന്‍ മേഖലയിലെ വികസനത്തിനും സമാധാനത്തിനും വലിയ മുന്‍ഗണന നല്കി, മേഖലയില്‍ വികസനത്തിന്റെ ഉദയം കൊണ്ടുവരാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ദൃഢനിശ്ചയവും ആവര്‍ത്തിച്ച്, കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ 60-ലധികം തവണ പ്രധാനമന്ത്രി വടക്കുകിഴക്കന്‍ മേഖല സന്ദര്‍ശിച്ചു. പ്രതിബദ്ധത, പുനരുജ്ജീവനം, ശാക്തീകരണം എന്നിവയുടെ കേന്ദ്രമായ വടക്ക് കിഴക്കന്‍ മേഖല ഇപ്പോള്‍ അമൃത കാലത്തിന്റെ പടിവാതില്ക്കല് നില്‍ക്കുകയാണ്. കഴിഞ്ഞ 9 വര്‍ഷം നിര്‍ണായകമായിരുന്നു. വരുന്ന 25 വര്‍ഷങ്ങള്‍ക്ക് ഭൂമിയിലെ പറുദീസയായ വടക്കു കിഴക്കന്‍ ഇന്ത്യയുടെ മായാജാലത്തിന് ഉണര്വേകാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: