ആലപ്പുഴ: കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സപ്ലൈക്കോ നെല്ല് സംഭരിക്കാത്തതിനാല്‍ കുറഞ്ഞ വിലയ്ക്ക് നെല്ല് വില്ക്കാന് നിര്‍ബന്ധിതരായി കര്‍ഷകര്‍. പുന്നപ്ര തെക്ക് പരപ്പില്‍ പാടത്താണ് അഞ്ച് ലോഡ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ അന്യായമായ കിഴിവ് നല്കി വിലക്കുറവില്‍ സ്വകാര്യ മില്ലുകള്‍ക്ക് നെല്ല് നല്‍കേണ്ട ഗതികേടിലാണ് കര്‍ഷകര്‍, സ്വകാര്യ മില്ലുകളുമായി സപ്ലൈകോ ഒത്തുകളിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
33 ഏക്കറാണ് പുന്നപ്ര തെക്ക് പഞ്ചായത്തിലെ പരപ്പില്‍ പാടം. 19 കര്‍ഷകരാണുള്ളത്. ചെറുകിട കര്‍ഷകരാണ് എല്ലാവരും. രണ്ടാം കൃഷിയില്‍ കൊയ്ത നെല്ലാണ് ഒരാഴ്ചയായി പാടത്ത് കിടക്കുന്നത്. സപ്ലൈകോയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിആര്‍എസ് നമ്പര്‍ ലഭിച്ചിട്ടും എന്ന് നെല്ല് സംഭരിച്ചു തുടങ്ങാനാകുമെന്ന് സപ്ലൈകോയ്ക്ക് പറയാനാകുന്നില്ല.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലും കുറഞ്ഞ വിലയ്ക്ക് നല്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. രണ്ടാം കൃഷിയുടെ വിളവെടുപ്പ് കുട്ടനാട്ടില്‍ ഈമാസം 30ന് തുടങ്ങും. എന്നാല്‍ സംഭരണ കാര്യത്തില്‍ സര്‍ക്കാരും സപ്ലൈകോയും ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണത്തില്‍ തുടര്‍ന്ന അലംഭാവം, രണ്ടാംകൃഷിയുടെ കാര്യത്തിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. സംഭവം വിവാദമായതോടെ ഉടന്‍ തന്നെ നെല്ല് സംഭരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: