കണ്ണൂര്‍: ബിജെപിആര്‍എസ്എസ് നേതാവായിരുന്ന പി.പി. മുകുന്ദന്റെ ജീവിതം എല്ലാ സംഘടനാ പ്രവര്‍ത്തകര്‍ക്ക് വലിയ പാഠപുസ്തകമാണെന്ന് ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിളള പറഞ്ഞു.
കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പി.പി. മുകുന്ദന് സര്‍വ്വകക്ഷി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നേ ചെറുപ്പത്തിലെ സംഘാദര്‍ശങ്ങളില്‍ ആകൃഷ്ടനായി സാമൂഹിക സേവനം ജീവിതചര്യയായി ഏറ്റെടുത്ത മികവുറ്റ സംഘാടകനായിരുന്ന പി.പി. മുകുന്ദന്.
അദ്ദേഹത്തിന്റെ ശൈലി, ഭാഷ, സമീപനം എന്നിവ അനുകരണീയവും മാതൃകാപരവുമായിരുന്നു. സ്വത്വ സിദ്ധമായ ശൈലിയിലൂടെ മനുഷ്യ മനസ്സുകളെ എങ്ങനെ സ്വന്തം ആശയത്തിലേക്ക് ആകര്ഷിപ്പിച്ചെടുക്കാന് സാധിക്കുമെന്ന് തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
കര്‍മ്മ രംഗത്തെ ബാക്കിപത്രമായി ധന്യമായ ഓര്‍മ്മകള്‍ സമൂഹത്തിന് സംഭാവന ചെയ്യുമ്പോഴാണ് പൊതു പ്രവര്‍ത്തകന്റെ ജീവിതം ധന്യമായി എന്ന് പറയാന്‍ ആവൂ. ഇത്തരത്തില്‍ ജീവിതം ധന്യമാക്കിയ വ്യക്തിയായിരുന്നു പി.പി. മുകുന്ദന്.
ആശയത്തിന്റെ കൈത്തിരി വെളിച്ചത്തില്‍ സംഘാടക മികവ് പുലര്‍ത്തിയ വ്യക്തി. സംഘാടക മികവില്‍ അപൂര്‍വ്വം ആളുകളില്‍ മുമ്പപന്തിയിലൊരാളാണ് മുകുന്ദനെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ഥാനത്തിന് വേണ്ടി തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ അസാമാന്യ കഴിവുണ്ടായിരുന്നു. സംഘര്‍ഷമല്ല, സമന്വയമാണ് സമൂഹത്തിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞ നേതാവു കൂടിയായിരുന്നു മുകുന്ദന്.
അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കം ജനാധിപത്യം സംരക്ഷിക്കാന്‍ പി.പി. മുകുന്ദനെ പോലുളള നേതാക്കള്‍ നടത്തിയ പോരാട്ടങ്ങള്‍, ത്യാഗം ഒരിക്കലും മറക്കാന്‍ സാധ്യമല്ല. ജീവിതാവസാനംവരെ താന്‍ വിശ്വസിച്ച ആദര്‍ശത്തെ കൈവിടാതെ മുന്നോട്ടു പോയ നേതാവായിരുന്നു അദ്ദേഹം.
സമാജത്തിനു വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച അദ്ദേഹത്തിന് കേരളീയ സമൂഹം ചാര്‍ത്തി കൊടുത്ത പേരാണ് മുകുന്ദേട്ടനെന്ന പേര്. ആജ്ഞാ ശക്തിയും മേധാശക്തിയുമുളള വ്യക്തിത്വം.
ഇതര രാഷ്ട്രീയ പാര്‍ട്ടികളിലുളള നേതാക്കളുമായി പോലും മികച്ച വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചു. വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ പ്രയോഗിക രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുളള വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും ശ്രീധരന്‍പിളള പറഞ്ഞു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ അഡ്വ. ടി.ഒ. മോഹനന്, കടന്നപ്പളളി രാമചന്ദ്രന് എംഎല്‍എ, കെ.പി. മോഹനന് എംഎല്‍എ, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന് തില്ലങ്കേരി, സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്, സിപിഐ മുന്‍ അസി. സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, മുസ്ലീംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. സുരേഷ്ബാബു, ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ദിവാകരന്, സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സിഎ. അജീര്‍ തുടങ്ങി വിവിധ കക്ഷി നേതാക്കള്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സ്വാഗതം പറഞ്ഞു.
വിവിധ കക്ഷി നേതാക്കള്‍ പി.പി. മുകുന്ദന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ സദസ്സുമായി പങ്കുവെച്ചു. ഇതര രാഷ്ട്രീയ പാര്‍ട്ടികളിലുളള നേതാക്കളുമായി പോലും മികച്ച വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു പി.പി. മുകുന്ദനെന്നും എന്നാല്‍ ഒരു കാലത്തും തന്റെ ആദര്‍ശത്തില്‍ നിന്നും അണുകിട ചലിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ചടങ്ങില്‍ സംസാരിച്ച സിപിഎം നേതാവ് ഇ.പി. ജയരാജന് പറഞ്ഞു.
അവസാനകാലംവരെ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കേരളത്തിന്റെ , പ്രത്യേകിച്ച് കണ്ണൂരിന്റെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ തന്നെ മുകുന്ദന്റെ വേര്‍പാട് പൊതുസമൂഹത്തിനാകെ വലിയ നഷ്ടമാണെന്നും ജയരാജന് പറഞ്ഞു.
സമാജത്തിന് എന്തും സമര്‍പ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച സമര്‍പ്പിത ജീവിതത്തിന് ഉടമയായിരുന്നു പി.പി. മുകുന്ദേട്ടനെന്ന് ചടങ്ങില്‍ അധ്യക്ഷ ഭാഷണം നടത്തിയ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. പുതിയ തലമുയയ്ക്ക് സാധനാ പാഠകമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
സംഘാദര്ശത്തിലടിയുറച്ച് നിന്ന് ജീവിതാന്ത്യംവരെ സമൂഹത്തിനു വേണ്ടി മഹത്തായ കര്‍മ്മങ്ങള്‍ ചെയ്ത ഉത്കൃഷ്ട വ്യക്തിത്വത്തിനുടമയായിരുന്നു നാട്ടുകാരുടെയെല്ലാം മുകുന്ദേട്ടനെന്ന് ചടങ്ങില്‍ സംസാരിച്ച ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിതം മുഴുവന്‍ സമാജ സേവനത്തിന് നീക്കിവെച്ച പി.പി. മുകുന്ദന്റെ ജീവിതം പൊതുസമൂഹത്തിനാകമാനം മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന് തില്ലങ്കേരി പറഞ്ഞു.
താന്‍ വിശ്വസിച്ച രാഷ്ട്രീയ ആദര്‍ശത്തില്‍ അടിയുറച്ച് നിന്നപ്പോഴും താനടക്കമുളള സംഘപരിവാര്‍ ഇതര രാഷ്ട്രീയ പ്രവര്‍ത്തകരുമായി ആത്മബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു പി.പി. മുകുന്ദനെന്ന് ചടങ്ങില്‍ സംസാരിച്ച സിപിഐ മുന്‍ അസി. സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. പരിപാടിയില്‍ നൂറുകണക്കിനാളുകളും സംഘപരിവാര്‍ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: