ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ 99 റണ്‍സിനാണ് ഇന്ത്യയുടെ ജയം.
28.2 ഓവറില്‍ 217 റണ്‍സിന് ഓസീസ് പുറത്തായി. 400 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയതെങ്കിലും മഴ കളി തടസപ്പെടുത്തിയത് മൂലം അത് 33 ഓവറില്‍ 317 ആക്കി. കെഎല്‍ രാഹുലിന്റെ ക്യാപറ്റന്‍സിയിലാണ് ഇന്ത്യ രണ്ട് മത്സരങ്ങളും വിജയിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റുകളാണ് വീണത്.. ഓപ്പണര്‍ മാത്യു ഷോര്‍ട്ടും(9) സ്റ്റീവ് സ്മിത്തും (0) പെട്ടെന്ന് തന്നെ മടങ്ങി. ലബുഷെയ്ന്(27), ഡേവിഡ് വാര്‍ണര്‍(53),ജോഷ് ഇംഗ്ലിസ്(6) എന്നിവര്‍ മടങ്ങിയപ്പോള്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 101-റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്.
അലക്സ് കാരി(14), കാമറൂണ്‍ ഗ്രീന്‍(19) എന്നിവര്‍ക്കും നന്നായി ബാറ്റ് വീശാനായില്ല. എന്നാല്‍ സീന്‍ അബോട്ട് വെടിക്കെട്ടുമായികുതിച്ചതോടെ ഇന്ത്യ ആശങ്കയിലായി. 140-8 എന്ന നിലയില്‍ നിന്ന് ഹേസല്‍വുഡുമൊത്ത് അബോട്ട് ടീം സ്കോര്‍ 200-കടത്തി. എന്നാല്‍ ഹേസല്‍വുഡിന്(23) പിന്നാലെ സീന്‍ അബോട്ടിനേയും(54) പുറത്താക്കി ഇന്ത്യ മത്സരവും പരമ്പരയും കയ്യടക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. ഹെയിസല്‍വുഡാണ് ഗെയ്ക്വാദിനെ(8) പുറത്താക്കിയത്. ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോര്‍ 216-ല്‍ നില്‍ക്കേയാണ് ഇവര്പിരിഞ്ഞത്. 90-പന്തില്‍ നിന്ന് 105 റണ്‍സെടുത്ത ശ്രേയസ് അയ്യരെ സീന്‍ അബോട്ട് പുറത്താക്കി.
ഗില്‍ 104-റണ്‍സെടുത്തു. പിന്നീട് കെഎല്‍ രാഹുലും ഇഷാന് കിഷനും സ്കോറുയര്‍ത്തി. ഈ കൂട്ടുകെട്ട് സ്കോര്‍ മുന്നൂറ് കടത്തി. 18 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത കിഷനെ അദം സാംപ പുറത്താക്കി. പിന്നീടിറങ്ങിയ സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 44-ാം ഓവറില്‍ തുടര്‍ച്ചയായി നാല് സിക്സറുകളാണ് സൂര്യകുമാര്‍ പറത്തിയത്. 37 പന്തില്‍ നിന്ന് ആറ് വീതം സ്ക്സറുകളുടേയും ബൗണ്ടറികളുടേയും അകമ്പടിയോടെ 72 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്താകാതെ നിന്നു.38 പന്തില്‍ നിന്ന് 52 റണ്‍സ് നേടി രാഹുല്‍ പുറത്തായി. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: