മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ കരുത്തന്‍ ടീമുകളായ ബയേണ്‍ മ്യൂണിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍ പോരടിക്കും. രാത്രി 12.30ന് ബയേണ്‍ തട്ടകത്തിലാണ് മത്സരം.
ജര്‍മന്‍ ബുന്ദസ് ലിഗയിലെ വമ്പന്‍മാരായ ബയേണും പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ യുണൈറ്റയും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടാന്‍ തുടങ്ങുമ്പോള്‍ 1998-99 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടങ്ങിയ വൈര്യത്തിന്റെ കഥ വീണ്ടും ചിത്രത്തില്‍ തെളിയുകയാണ്. അക്കൊല്ലം ഗ്രൂപ്പ് ഡിയില്‍ ഇരുവരും ഒരേ ഗ്രൂപ്പിലായിരുന്നു. ഏറ്റവും ഒടുവില്‍ സീസണ്‍ ജേതാക്കളെ നിശ്ചയിച്ച കലാശപ്പോരില്‍ എതിരാളികളായത് ഇരുടീമുകള്‍ തമ്മിലും. 2-1ന് ജയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടി. അന്നു മുതല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ബയേണ്‍-യുണൈറ്റഡ് വൈര്യത്തിന് തുടക്കമിടുകയായിരുന്നു.
ഏറ്റവും ഒടുവില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത് പത്ത് വര്‍ഷം മുമ്പാണ് 2013-14 സീസണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ട്പാദങ്ങളിലും ലീഡ് ചെയ്ത് ബയേണ്‍ യുണൈറ്റഡിനെ തകര്‍ത്തുതരിപ്പണമാക്കി.
അന്നത്തെ കണക്ക് പറയാന്‍ ഇന്ന് എറിക് ടെന്‍ഹാഗിന് കീഴില്‍ ഇറങ്ങുമ്പോള്‍ യുണൈറ്റഡ് അവശരാണ്. പ്രീമിയര്‍ ലീഗ് ആദ്യ ഘട്ടം തീര്‍ന്ന് രണ്ടാം ഘട്ടം തുടങ്ങുമ്പോഴും കഷ്ടകാലം മാറിയിട്ടില്ല. അഞ്ച് കളികളില്‍ മൂന്ന് കളികളും തോറ്റു നില്‍ക്കുകയാണ്. ശനിയാഴ്ച ബ്രൈറ്റണിനോട് പരാജയപ്പെട്ട സാഹചര്യത്തില്‍ ടീമിന്റെ കടുത്ത ആരാധകര്‍ പോലും കൂവി വിളിക്കുന്നതുവരെ യുണൈറ്റഡിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നു. കളത്തിന് പുറത്തെ പലവിധ പ്രശ്‌നങ്ങളില്‍ പെട്ട് മൂന്ന് പ്രധാന താരങ്ങളെ കളിപ്പിക്കാനാവാത്തതാണ് ടെന്‍ ഹാഗ് നേരിടുന്ന വലിയ വെല്ലുവിളി. മാസോന്‍ ഗ്രീന്‍വുഡ്, ജാദോന്‍ സാഞ്ചോ, ആന്റണി എന്നിവര്‍ക്കാണ് ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിട്ടുള്ളത്.
മറുവശത്ത് തോമസ് ടുക്കേലിന്റെ ബയേണ്‍ കരുത്തരാണ്. പക്ഷെ ഒടുവില്‍ നടന്ന ബുന്ദസ് ലിഗ പോരാട്ടത്തില്‍ ബയെര്‍ ലെവര്‍കൂസനോട് സമനില വഴങ്ങേണ്ടി വന്നതിന്റെ പ്രയാസം ടീമിനുണ്ട്. തുടര്‍ച്ചായി 11 തവണ ബുന്ദസ് ലിഗ ടൈറ്റില്‍ നേടിയ ടീം ഇക്കുറി തുടക്കത്തിലേ തന്നെ രണ്ടാം സ്ഥാനത്തേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഈ പ്രയാസം കൂടി മറികടക്കാന്‍ ബയേണ്‍ ബാധ്യസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: